പൈപ്പിൽ തട്ടി നിലച്ച് നിർമാണം
Mail This Article
കോഴിക്കോട് ∙ വേങ്ങേരി ജംക്‌ഷനിൽ ദേശീയപാത വികസനത്തിനു തടസ്സമായ കൂറ്റൻ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിൽ ജല അതോറിറ്റിയുടെ ഭാഗത്തു നിന്ന് അനുകൂല നടപടിയില്ല. ബാലുശ്ശേരി – കോഴിക്കോട് പാതയിൽ ഗതാഗതക്കുരുക്കു തുടരുകയാണ്. ദേശീയപാത 6 വരി വികസനത്തിനു മുൻപ് എൻഎച്ച്എഐ ഉദ്യോഗസ്ഥർക്കു ജല അതോറിറ്റി കൈമാറിയ രൂപരേഖയിൽ തെറ്റായ വിവരം നൽകിയതാണു തടസ്സമായത്. ഇപ്പോൾ തടസ്സമായി നിൽക്കുന്ന പൈപ്പ് ദേശീയപാതയുടെ കിഴക്കു വശത്താണെന്നാണു ജല അതോറിറ്റിയുടെ രൂപരേഖയിലുണ്ടായിരുന്നത്.
എന്നാൽ ദേശീയപാതയിൽ വേങ്ങേരി ഓവർപാസിനു മണ്ണെടുത്തപ്പോഴാണു പൈപ്പ് ദേശീയപാതയിൽ ആണെന്നു വ്യക്തമായത്. അതോടെ ഈ ഭാഗത്തു നിർമാണം നിർത്തി വയ്ക്കുകയായിരുന്നു.നഗരത്തിലെ 6 കുടിവെള്ള സംഭരണികളിലേക്കും ജില്ലാ അതിർത്തിയായ രാമനാട്ടുകര, കടലുണ്ടി പ്രദേശത്തേക്കുള്ള ജല സംഭരണിയിലേക്കുമുള്ള പമ്പിങ് പൈപ്പാണ് വേങ്ങേരി ജംക്‌ഷനിൽ തടസ്സമായത്. പെരുവണ്ണാമൂഴിയിൽ നിന്നു വരുന്ന ഈ പൈപ്പ് മാറ്റുന്നതു ജല അതോറിറ്റിയുടെ രൂപരേഖ പ്രകാരം ദേശീയപാതയുടെ നിർമാണച്ചെലവിൽ ഉൾപ്പെടാത്ത സാഹചര്യത്തിൽ, പൈപ്പ് മാറ്റാനുള്ള ചെലവ് ആരു വഹിക്കുമെന്നും അറ്റകുറ്റപ്പണി ആരു നടത്തുമെന്നും വ്യക്തതയില്ലാതായ സാഹചര്യത്തിലാണ് ദേശീയപാത നിർമാണം നിർത്തിയത്.
തുടർന്ന് എൻഎച്ച്എഐ കേരള റീജനൽ ഓഫിസറും ദേശീയപാത രൂപരേഖ വിദഗ്ധ സംഘവും സ്ഥലം സന്ദർശിച്ചിരുന്നു. നിലവിലുള്ള പൈപ്പ് വേങ്ങേരി ജംക്‌ഷനിൽ ബാലുശ്ശേരി റോഡിൽ 15 മീറ്ററും ദേശീയപാതയിൽ 106 മീറ്ററും മാറ്റി സ്ഥാപിക്കണമെന്നു റിപ്പോർട്ട് നൽകി. ചെലവു വരുന്ന 100 കോടിയോളം രൂപ എൻഎച്ച്എഐ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ടു ജല അതോറിറ്റിയോട് എസ്റ്റിമേറ്റ് പ്ലാൻ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും മറുപടി ലഭിച്ചില്ലെന്നാണ് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനിടയിൽ പൈപ്പ് മാറ്റുന്നതിനു മുന്നോടിയായി, ദേശീയപാതയിൽ പൈപ്പ് കടന്നുപോകുന്ന ഭാഗത്തു മണ്ണുമാന്തി ഉപയോഗിച്ചു മണ്ണു മാറ്റുന്നുണ്ട്.
ജല അതോറിറ്റി എസ്റ്റിമേറ്റ് ലഭിച്ചാൽ കേന്ദ്ര അനുമതി വാങ്ങി ഉടൻ നിർമാണ പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് എൻഎച്ച്എഐ ഉദ്യോഗസ്ഥർ പറയുന്നത്.വേങ്ങേരി ജംക്‌ഷനിൽ എൻഎച്ച്എഐ നിർദേശിച്ചതനുസരിച്ചു 121 മീറ്ററിൽ നിലവിലുള്ള പെരുവണ്ണാമൂഴി – കോഴിക്കോട് പൈപ്പ് മാറ്റി സ്ഥാപിക്കണം. ബദൽ പൈപ്പ് സ്ഥാപിച്ചതിനു ശേഷം മാത്രമേ കണക്‌ഷൻ മാറ്റി സ്ഥാപിക്കാൻ കഴിയൂ. ഇതിന് 5 ദിവസം വേണ്ടി വരും. പൈപ്പ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എൻഎച്ച്എഐയുടെ കത്ത് കഴിഞ്ഞ ദിവസം കിട്ടി. രണ്ടു ദിവസത്തിനകം എസ്റ്റിമേറ്റ് നൽകും.എക്സി. എൻജിനീയർ, ജല അതോറിറ്റി, പെരുവണ്ണാമൂഴി ഡിവിഷൻ