ഗോത്രമേഖലയിൽ ലഹരി ഭീഷണി ഗുരുതരം; ബോധവൽക്കരണം വേണം: വനിതാ കമ്മിഷൻ
Mail This Article
നാദാപുരം∙ വാണിമേലിലെ ഗോത്രമേഖലയിൽ മദ്യപാനവും പുകയില ഉപയോഗവും കുറയ്ക്കാനുള്ള ബോധവൽക്കരണം അനിവാര്യമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. ജില്ലാതല പട്ടിക വർഗ മേഖലാ ക്യാംപിന്റെ ഭാഗമായി, വനിതാ കമ്മിഷൻ അംഗങ്ങളായ ഇന്ദിരാ രവീന്ദ്രൻ, വി.ആർ.മഹിളാമണി, പി.കുഞ്ഞായിഷ എന്നിവർക്കൊപ്പം വാളാംതോട്, അടുപ്പിൽ, മാടാഞ്ചേരി കോളനികൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ.
ലഹരി ഉപയോഗം മൂലം വളരെ ശോഷിച്ച ആരോഗ്യമുള്ള ചിലരെ കാണാൻ കഴിഞ്ഞു. മദ്യത്തിന്റെ വ്യാപനം വളരെ കൂടുതലാണെന്ന് കോളനി നിവാസികളായ സഹോദരിമാരിൽ നിന്ന് അറിഞ്ഞു. ജില്ലയിൽ ഏറ്റവും കൂടുതൽ ഗോത്രവർഗ വിഭാഗക്കാർ അധിവസിക്കുന്ന മേഖല എന്ന നിലയിലാണ് വാളാംതോട്, അടുപ്പിൽ, മാടാഞ്ചേരി കോളനികൾ വനിതാ കമ്മിഷൻ സന്ദർശിച്ചത്. വാണിമേൽ പഞ്ചായത്തിൽ 10 ഗോത്രവർഗ കോളനികളുണ്ട്. 263 ഗോത്ര വർഗ കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. ഈ മേഖലയിലെ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
കിടപ്പുരോഗികളായ സ്ത്രീകളുടെ വീടുകൾ കമ്മിഷൻ സന്ദർശിച്ചു. അവർക്ക് ആവശ്യമായ പരിചരണവും പാലിയേറ്റീവ് സംവിധാനത്തിന്റെ പ്രയോജനവും വീടുകളിൽ എത്തുന്നുണ്ടോയെന്ന് നേരിട്ട് അറിയുന്നതിനായിരുന്നു സന്ദർശനം. ആശുപത്രികളിൽ എത്തി ചികിത്സ നടത്തേണ്ടി വരുന്ന സാഹചര്യത്തിലെ ബുദ്ധിമുട്ട് അവർ പറഞ്ഞു.
മൊബൈൽ പാലിയേറ്റീവ് സംവിധാനം പഞ്ചായത്ത് ഏർപ്പെടുത്തുന്നത് സഹായകരമായിരിക്കും. കിടപ്പുരോഗികൾക്ക് പ്രത്യേകമായ പരിചരണം ലഭ്യമാക്കുന്നതിന് കൂട്ടായ ഇടപെടൽ ഉണ്ടാകണം. വർഷങ്ങളായി കിടപ്പുരോഗികളായുള്ളവർക്ക് ആത്മവിശ്വാസം പകർന്നു നൽകാൻ കൗൺസലിങ് നൽകുന്നത് സഹായകമാകും. പഞ്ചായത്ത് മുൻകൈയെടുത്ത് ആവശ്യമായ നടപടിയെടുക്കണമെന്നും നിർദേശിച്ചു.
എസ്എസ്എൽസി കഴിഞ്ഞാൽ ഊരുകളിലെ കുട്ടികൾ പഠനം നിർത്തുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗോത്രവിഭാഗക്കാർക്ക് ഏറ്റവും കൂടുതൽ പരിഗണനയും പരിരക്ഷയും പ്രചോദനവും വാണിമേൽ പഞ്ചായത്തിലുള്ള ഗോത്രവിഭാഗക്കാർക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും സതീദേവി പറഞ്ഞു. പല വകുപ്പുകളും ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഏകോപനം സാധ്യമായി കഴിഞ്ഞാൽ വാണിമേൽ പഞ്ചായത്തിലെ ഗോത്ര മേഖലയിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടും. ഇതിന് ആവശ്യമായ ശുപാർശ സംസ്ഥാന സർക്കാരിന് സമർപ്പിക്കും. രോഗബാധിതരായി കഴിയുന്നവരെയും സന്ദർശിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രൻ കപ്പള്ളി, കെ.കെ.ഇന്ദിര, ബിന്ദു പുതിയോട്ടിൽ, മെംബർമാരായ സി.പി.അംബുജം, എ.ഡാനിയ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.ചന്ദ്രബാബു, അംഗങ്ങളായ ജാൻസി കൊടിമരത്തും മൂട്ടിൽ, പി.ശാരദ, റിസർച് ഓഫിസർ എ.ആർ.അർച്ചന, മുൻ പഞ്ചായത്ത് അംഗങ്ങളായ എൻ.പി.വാസു, രാജു അലക്‌സ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ കെ.ദീപക്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ജയരാജ്, ട്രൈബൽ പ്രമോട്ടർമാരായ പി.സജി, കെ.സുജേഷ്, സജീഷ്‌ന, എം.സി.അനിത, സോഷ്യൽ വർക്കർ കെ.എം.ബിൽന എന്നിവർക്കൊപ്പമാണ് സതീദേവിയും മറ്റംഗങ്ങളും എത്തിയത്.
പാരീഷ് ഹാളിൽ ഇന്ന് ബോധവൽക്കരണം
വിലങ്ങാട് പാരീഷ് ഹാളിൽ ഇന്ന് 10ന് വനിതാ കമ്മിഷൻ പട്ടിക വർഗ ക്യാംപിന്റെ ഭാഗമായി ബോധവൽക്കരണ സെമിനാർ നടത്തും. കമ്മിഷൻ അധ്യക്ഷ പി.സതീദേവി ഉദ്ഘാടനം ചെയ്യും. എക്സൈസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വനിതാ കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും.