കുറ്റ്യാടി അഡീഷനൽ എക്സ്റ്റൻഷൻ പദ്ധതി: ഭൂമി നൽകിയവർക്ക് ‘ഷോക്ക്’ മാത്രം
Mail This Article
കൂരാച്ചുണ്ട് ∙ കക്കയത്ത് 100 മെഗാവാട്ടിന്റെ കുറ്റ്യാടി അഡീഷനൽ എക്സ്റ്റൻഷൻ ജലവൈദ്യുത പദ്ധതിക്ക് പെൻസ്റ്റോക്ക് പൈപ്പ് സ്ഥാപിക്കാൻ 1.65 ഹെക്ടർ ഭൂമി വിട്ടു നൽകിയ 5 ഭൂവുടമകൾക്ക് 18 വർഷം കഴിഞ്ഞിട്ടും സ്ഥലവില ലഭിക്കാതെ ദുരിതത്തിൽ. 2005ൽ കെഎസ്ഇബിക്ക് കുഴിക്കൂറ് വില മാത്രം കൈപ്പറ്റി ഭൂമി വിട്ടു നൽകിയ പി.ലീല കൂവപ്പൊയ്കയിൽ, പ്രജീഷ് പൂവത്തുങ്കൽ, മാത്യു കുറുമുട്ടത്ത്, ത്രേസ്യാമ്മ പൂവത്തുങ്കൽ, ജോസ്–ത്രേസ്യ കുറുമുട്ടത്ത് എന്നിവരാണ് വെട്ടിലായത്.
ഈ ഭൂമിയിൽ വനം വകുപ്പ് അവകാശവാദം ഉന്നയിച്ചതോടെയാണ് തർക്കമായത്. 2006 ജൂലൈ 11ന് മുൻ എംഎൽഎ കെ.കുഞ്ഞമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 5 ഭൂവുടമകൾക്ക് കുഴിക്കൂറിന്റെ വിലയായി 10.70 ലക്ഷം രൂപ നൽകാനും തീരുമാനിച്ചു.
2005 വരെ കർഷകർ നികുതിയടച്ച് വന്നതും ആധാരം ഉൾപ്പെടെ റവന്യു രേഖകൾ ഉളളതുമായ ഭൂമിയിലാണ് വനം വകുപ്പ് അവകാശം ഉന്നയിച്ചത്. അവകാശത്തർക്കം പരിഹരിക്കുമ്പോൾ വില ലഭിക്കുമെന്ന് കർഷകർ പ്രതീക്ഷിക്കുകയും ചെയ്തു. പൈപ്‌ലൈൻ സ്ഥാപിച്ച ഭൂമിയുടെ വിലയായി 19.50 ലക്ഷം രൂപ കെഎസ്ഇബി വനം വകുപ്പിനു കൈമാറി. ഭൂമിയുടെ പാട്ടത്തുകയായി കെഎസ്ഇബി മാസംതോറും 32,000 രൂപ വീതം നൽകിയിരുന്നു.
2018ൽ വനം വകുപ്പ് കർഷകരുടെ കൈവശത്തിലുള്ള ഈ തർക്കഭൂമിയുടെ തിരുത്തൽ വിജ്ഞാപനം നടത്തി കർഷകരുടെ ഭൂമിക്ക് നികുതി സ്വീകരിക്കാൻ റവന്യു വകുപ്പിന് ഉത്തരവും നൽകി. ഭൂമി വനമേഖല അല്ലെന്ന് തെളിഞ്ഞതോടെ വനം വകുപ്പിന് നൽകിയ 19.50 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി നോട്ടിസ് നൽകിയെങ്കിലും ഇതുവരെ തിരിച്ചു നൽകിയിട്ടില്ല.
വനം വകുപ്പിന് നൽകിയിരുന്ന പാട്ടത്തുക ഒഴിവാക്കാനായി ഭൂവുടമകൾ 2018 മുതൽ ഓഫിസുകൾ കയറിയിറങ്ങേണ്ടി വന്നു. 2023ലാണ് പാട്ടം ഒഴിവാക്കി ഉത്തരവായത്. പെൻസ്റ്റോക്ക് സ്ഥാപിച്ച മേഖല കെഎസ്ഇബിയുടെ കീഴിലാണെന്നും അതിരുകളും സർവേ നമ്പറും വ്യക്തമല്ലെന്നും പറഞ്ഞ് റവന്യു വകുപ്പ് നികുതി സ്വീകരിക്കുന്നില്ലെന്നും ഭൂവുടമകൾ പരാതിപ്പെടുന്നു.
കർഷകർക്ക് ഭൂമിവില അനുവദിക്കാൻ നികുതി രസീത്, കൈവശ സർട്ടിഫിക്കറ്റ്, കുടിക്കട സർട്ടിഫിക്കറ്റ്, വനം വകുപ്പിന്റെ എൻഒസി എന്നിവ ഹാജരാക്കാൻ കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുകയാണ്. കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എൻജിനീയർ പ്രശ്നം ചർച്ച ചെയ്യാൻ 13ന് യോഗം വിളിച്ചിട്ടുണ്ട്.
എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്, കലക്ടർ, കെഎസ്ഇബി, വനം വകുപ്പ് ഉദ്യോഗസ്ഥർ, ഭൂവുടമകൾ എന്നിവരുടെ സംയുക്ത യോഗം ചേർന്ന് പ്രശ്നം പരിഹരിക്കണമെന്ന് കക്കയം കെഎസ്ഇബി ജനറേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സലീം നടൂപ്പറമ്പിൽ പറഞ്ഞു.
ലീലയുടെ പോരാട്ടം തുടരുന്നു
2005ൽ കക്കയം കോണിപ്പാറ മേഖലയിലെ ഒരേക്കർ കൃഷിഭൂമി വിട്ടു നൽകിയ വിധവയായ വയോധിക കൂവപ്പൊയ്കയിൽ പി.ലീല ഭൂമിയുടെ വില ലഭിക്കാനായി പോരാട്ടം തുടരുകയാണ്. 2005 വരെ ഈ ഭൂമിക്കു നികുതി അടച്ചിരുന്നതാണ്.
2006ൽ കുഴിക്കൂറിന്റെ വിലയായി 2,10,000 രൂപ കെഎസ്ഇബി അനുവദിച്ചിരുന്നു. 2018ൽ റബർ, കുരുമുളക് ഉൾപ്പെടെയുള്ള കാർഷിക വിളകൾ ഉള്ള ഭൂമി വനഭൂമി അല്ലെന്ന് ഉത്തരവായതോടെ ആശ്വാസമായി. വില്ലേജ് ഓഫിസിൽ നികുതി സ്വീകരിക്കാനുള്ള അപേക്ഷയുമായി കയറിയിറങ്ങി ഈ വയോധിക മടുത്തു.
73 വയസ്സുള്ള ലീല കക്കയം കുറുമുട്ടം മേഖലയിലെ 38 സെന്റ് സ്ഥലത്തെ പുരയിടത്തിലാണ് കഴിയുന്നത്. കഴിഞ്ഞ ജനുവരി 4ന് ലീലയുടെ ഭൂമിക്ക് നികുതി സ്വീകരിക്കാൻ കഴിയില്ലെന്ന് കൊയിലാണ്ടി തഹസിൽദാർ കത്ത് നൽകിയിട്ടുണ്ട്.