ജനകീയ സമരാഗ്നി: കെ.സുധാകരനും വി.ഡി.സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് വൻ സ്വീകരണം
Mail This Article
കോഴിക്കോട്∙ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ െകപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്രയായ സമരാഗ്നി ജില്ലയിലെത്തി. ഇന്നലെ വടകരയിലും കോഴിക്കോട് കടപ്പുറത്തും വൻ ജനക്കൂട്ടത്തിന്റെ സ്വീകരണത്തിനു സാക്ഷ്യം വഹിച്ച യാത്ര യുഡിഎഫിന്റെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു നാന്ദി കുറിക്കൽ കൂടിയായി.
കേരളത്തിൽ ബിജെപിയും സിപിഎമ്മും രഹസ്യകൂട്ട് രൂപപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനെതിരെ ജാഗ്രത പുലർത്തലാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യ യുഡിഎഫ് അജൻഡയെന്നും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചു.
വർഗീയ ഫാഷിസത്തെ ഇന്ത്യൻ മണ്ണിൽനിന്ന് തൂത്ത് എറിയാൻ കോൺഗ്രസിനു ചരിത്രപരമായ ബാധ്യതയുണ്ടെന്നും അത് ഏറ്റെടുക്കാൻ ഓരോരുത്തരും മുന്നോട്ടു വരേണ്ട തിരഞ്ഞെടുപ്പാണ് ഇതെന്നും നേതാക്കൾ ഓർമിപ്പിച്ചു. ബിജെപിയുടെ തന്ത്രങ്ങൾക്ക് സിപിഎം കേരളത്തിൽ മണ്ണൊരുക്കുകയാണെന്നും അതിനെ സർവശക്തിയും ഉപയോഗിച്ച് എതിർക്കണമെന്നും അവർ അണികളോട് പറഞ്ഞു.
വടകരയിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറിന്റെ അധ്യക്ഷതയിൽ കെ.മുരളീധരൻ എംപിയും കോഴിക്കോട് കടപ്പുറത്ത് എം.കെ.രാഘവൻ എംപിയുടെ അധ്യക്ഷതയിൽ പി.കെ.കുഞ്ഞാലിക്കുട്ടിയും സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 10ന് മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടിലെ വേദിയിൽ നടക്കുന്ന ജനകീയ ചർച്ചാ സദസ്സിൽ സമൂഹത്തിലെ സാധാരണക്കാരായ വിവിധ വിഭാഗം ജനങ്ങളുമായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും സംവദിക്കും. സാംസ്കാരിക നായകരും പങ്കെടുക്കും.
കെ.സുധാകരൻ എംപി
സിപിഎം നേതാക്കളെ കമ്മിഷൻ ഏൽപിച്ചാൽ ഇവിടെ ആർക്കും എന്തും ചെയ്യാമെന്നതാണ് നില. ഇഎംഎസ്, നായനാർ, വിഎസ് തുടങ്ങിയ മുൻ മുഖ്യമന്ത്രിമാർക്കൊന്നും എതിരെ ഉന്നയിക്കാത്ത അഴിമതി ആരോപണം പിണറായിക്കെതിരെ മാത്രം ഉയരുന്നത് അതിനു കാരണമുള്ളതിനാലാണ്. അദ്ദേഹം കൊള്ളക്കാരനാണ്.
വി.ഡി.സതീശൻ
ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ ഐടി ഭീമന്മാർ വലിയ ആശങ്കയിലാണ്. കേരളത്തിലെ വെറുമൊരു റിട്ട. അധ്യാപികയുടെ വിരമിക്കൽ ആനുകൂല്യം ഉപയോഗിച്ചു മകൾ തുടങ്ങിയ ഐടി കമ്പനിയുണ്ടാക്കിയ നേട്ടം അവരെ ഞെട്ടിച്ചിരിക്കുകയാണ്. ഓരോ വർഷവും ഒന്നര ലക്ഷം പേരാണ് കേരളത്തിൽ വിരമിക്കുന്നത്. അവരെല്ലാം കൂടി ഐടി രംഗത്തേക്കു വന്നാൽ തങ്ങളുടെ നില അപകടത്തിലാകുമെന്നതാണ് അവരുടെ ആശങ്ക.