കല്ലായിലെ റെയിൽവേ വികസനം; പ്രദേശക്കാരുടെ വഴിയടയും
Mail This Article
കോഴിക്കോട്∙ റെയിൽവേ യാർഡ് വികസനത്തിനായി വഴികൾ അടയ്ക്കുന്നു. കല്ലായി റെയിൽവേ ട്രാക്കിനു പടിഞ്ഞാറു വശത്തുള്ള താമസക്കാർ ദുരിതത്തിലായി. അടിപ്പാത മുതൽ പന്നിയങ്കര മേൽപാലം വരെ കുപ്പേരിക്കാവിനു സമീപത്തുകൂടിയാണ് നിർമാണപ്രവൃത്തി നടക്കുന്നത്.
ഒരേ ട്രാക്കിൽ 42 വാഗണുകൾ നിർത്തിയിട്ട് ഷണ്ടിങ് നടത്താനായി റെയിൽവേ യാർഡ് വികസിപ്പിച്ച് ലോറികളിലേക്ക് നേരിട്ട് സാധനങ്ങൾ ഇറക്കാനാണ് ലക്ഷ്യം.മതിൽ കെട്ടി ഉയരത്തിൽ മണ്ണു നിറയ്ക്കുകയാണ് ചെയ്തുവരുന്നത്.
എന്നാൽ റെയിൽവേ ട്രാക്കിനു പടിഞ്ഞാറുള്ള ഒട്ടേറെ വീടുകളിലേക്ക് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന വഴികളാണ് ഇതോടെ അടയ്ക്കുന്നത്. ഇതോടെ അങ്കണവാടികളിലേക്കും സ്കൂളുകളിലേക്കും കുട്ടികൾക്ക് സുരക്ഷിതമായി പോവാനുള്ള വഴി ഇല്ലാതാവും.
എഡബ്ല്യുഎച്ച് കോളജിലേക്കും വിദ്യാർഥികൾക്കു വരാൻ ബുദ്ധിമുട്ടാണ്. സൗജന്യ ഫിസിയോതെറപ്പി ചികിത്സയ്ക്കായി രോഗികൾ ഇങ്ങോട്ടുവരാറുണ്ട്. ഹിയറിങ് തെറപ്പിക്കും ആളുകൾ വരാറുണ്ട്. ഈ രോഗികളും വഴിയടഞ്ഞതോടെ ദുരിതത്തിലായി.
പ്രശ്നം രൂക്ഷമായതോടെ പരിഹാരം തേടി പ്രദേശവാസികളും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും ചേർന്ന് കല്ലായി റെയിലോര ജനസംരക്ഷണ സമിതി എന്ന സംഘടന രൂപീകരിച്ചു മന്ത്രിമാർക്കും റെയിൽവേക്കും നിവേദനം നൽകി.
ജനങ്ങളുടെ പ്രതിസന്ധി പരിഹരിച്ചുകൊണ്ടു മാത്രമേ വികസനം നടത്താവൂ എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യോഗം ചേർന്നു. ഇന്നു വൈകിട്ട് ആറരയോടെ റെയിലിനു പടിഞ്ഞാറുവശത്ത് പ്രദേശവാസികൾ മെഴുകുതിരികളുമായി പ്രതിഷേധ ജ്വാല തെളിക്കും.