സ്കൂൾ ഫോർ ഹാൻഡിക്യാപ്ഡിനു സമീപം എല്ലാ ബസുകളും നിർത്തണമെന്ന് ആവശ്യം
Mail This Article
കോഴിക്കോട്∙ കാലിക്കറ്റ് ഹയർസെക്കൻഡറി സ്കൂൾ ഫോർ ഹാൻഡിക്യാപ്ഡിനു സമീപത്തെ മോഡേൺ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കെഎസ്ആർടിസിയുടെ എല്ലാ ബസുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നു വിദ്യാർഥികളും അധ്യാപകരും ആവശ്യപ്പെട്ടു.
എന്നാൽ, മോഡേൺ ബസാറിന്റെ ഏകദേശം ഒരു കിലോമീറ്റർ അകലത്തിലുള്ള മീഞ്ചന്തയിലും സമീപത്ത് കുണ്ടായിത്തോടിലും നിലവിൽ ഓർഡിനറി, ടൗൺ ടു ടൗൺ, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ സർവീസുകൾക്ക് സ്റ്റോപ്പ് നിലവിലുള്ളതിനാൽ എല്ലാ കെഎസ്ആർടിസി ബസുകൾക്കും സ്റ്റോപ്പ് അനുവദിക്കാൻ നിർവാഹമില്ലെന്ന മറുപടിയാണ് കെഎസ്ആർടിസി അധികൃതരിൽ നിന്നു ലഭിച്ചത്.
കാഴ്ചപരിമിതി നേരിടുന്നവർക്കുള്ള സംസ്ഥാനത്തെ ഏക ഹയർസെക്കൻഡറി സ്കൂളാണു കാലിക്കറ്റ് ഹയർസെക്കൻഡറി സ്കൂൾ ഫോർ ഹാൻഡിക്യാപ്ഡ്.
വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരുമടക്കം ശാരീരിക പരിമിതികൾ നേരിടുന്ന ഒട്ടേറെപ്പേർക്ക് ആശ്രയമാണ് ഈ സ്കൂൾ.
സ്കൂളിനു സമീപത്തെ കാത്തിരിപ്പു കേന്ദ്രത്തിൽ എല്ലാ കെഎസ്ആർസിസി ബസുകൾക്കും സ്റ്റോപ്പ് അനുവദിക്കാത്തതിനാൽ സ്കൂളിലെത്താൻ ഇവർ നേരിടുന്ന യാത്രാക്ലേശം ചെറുതല്ല.
ദിവസവും സ്കൂളിൽ വരുന്നവരും കുട്ടികളെ കൊണ്ടു പോകാൻ ഇതര ജില്ലകളിൽ നിന്നെത്തുന്ന രക്ഷിതാക്കളടക്കമുള്ളവരും മറ്റു കാത്തിരിപ്പു കേന്ദ്രങ്ങളിൽ ഇറങ്ങി ഓട്ടോ പിടിച്ചാണ് വരുന്നത്.
ഭിന്നശേഷി സൗഹൃദം യാഥാർഥ്യമാവണമെങ്കിൽ ശാരീരിക പരിമിതികൾ നേരിടുന്നവരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കണമെന്നാണ് ഇവർ പറയുന്നത്.