മലയോര ഹൈവേ: നിർമാണം തുടരുമ്പോഴും തീരാതെ ആശങ്ക, ഒട്ടേറെ പരാതി
Mail This Article
ബാലുശ്ശേരി ∙ മലയോര ഹൈവേയുടെ നിർമാണ പ്രവൃത്തികൾ തലയാട് റീച്ചിൽ തുടരുന്നു. പുതിയ പാത നിർമിക്കുമ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന ആവശ്യം ശക്തമാണ്. തലയാട് – മലപുറം റീച്ചിൽ 9.9 കിലോമീറ്റർ ദൂരമാണുള്ളത്. 12 മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നതിനു 57.95 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിൽ പടിക്കൽ വയൽ മുതൽ 28–ാം മൈൽ വരെയുള്ള 6.75 കിലോമീറ്റർ ഭാഗം കക്കയം – എസ്റ്റേറ്റ് മുക്ക് റോഡിന്റെ ഭാഗവുമാണ്. കലുങ്കുകളും പാലവും പാർശ്വഭിത്തികളും നിർമിക്കുന്ന പ്രവൃത്തികളാണ് ഈ റീച്ചിൽ തുടരുന്നത്. തലയാട് – കക്കയം റോഡിലെ ഹെയർ പിൻ വളവുകൾ വീതി കൂട്ടുന്നു.
പുതിയ നിർമാണ പ്രവൃത്തികൾ നടത്തുമ്പോൾ നിലവിലുണ്ടായിരുന്ന മെയിൻ റോഡുകളിലേക്കു ചേരുന്ന വഴികളും ഗ്രാമീണ റോഡുകളും ഉയരത്തിലാവുകയോ താഴ്ന്നു പോവുകയോ ചെയ്യുന്നതായി ഒട്ടേറെ പരാതികൾ ഉയരുന്നുണ്ട്. വീടുകളിലേക്കുള്ള വഴികളും പല രീതിയിൽ തടസ്സപ്പെടുന്നു. തലയാട് താഴെ അങ്ങാടിയിൽ പാലം പുതുക്കി പണിയുമ്പോൾ സമീപത്തെ കടകൾ താഴ്ചയിലാകുമെന്ന ആശങ്കയും നിലനിൽക്കുന്നു.
മണ്ടോപ്പാറ തോടിനു കുറുകെ 60 വർഷം മുൻപ് നിർമിച്ച പാലമാണ് തലയാട് താഴെ അങ്ങാടിയിൽ പുതുക്കി പണിയുന്നത്. ഈ പാലത്തിനു അന്ന് 9 മീറ്റർ നീളമാണ് ഉണ്ടായിരുന്നത്. പുതിയ പാലം വരുമ്പോൾ നീളം 19 മീറ്ററാകും. നീളം വർധിക്കുമ്പോൾ പാലത്തിന്റെ ഉയരവും വർധിക്കും. പാലത്തിനു മുകളിൽ വെള്ളം കയറാതിരിക്കാനുള്ള മുൻകരുതലാണ് ഇവിടെ സ്വീകരിക്കുന്നതെന്ന് അധികൃതർ പറയുന്നു.