ADVERTISEMENT

കോഴിക്കോട്/കൊണ്ടോട്ടി ∙ അപകടത്തിൽ പരുക്കേറ്റ വിദ്യാർഥി ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. വേദന സഹിക്കാനാതെ കുട്ടി കൈകാലിട്ടടിച്ചപ്പോൾ മൂത്രം പോകാനായി ഇട്ട ട്യൂബ് ഇളകിപ്പോകാതിരിക്കാനാണ് കാലുകൾ കെട്ടിയിട്ടതെന്ന് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. അമൃത്പ്രീത് പറഞ്ഞു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു കുട്ടി. നെഞ്ചിൽ രക്തം കട്ടപിടിച്ചതിനാലും ട്യൂബിട്ടിരുന്നു. തലയ്ക്കുള്ള പരുക്ക് പരിശോധിക്കാൻ ഇവിടെ ന്യൂറോസർജൻ ഇല്ലാത്തതിനാൽ പിഎംഎസ്എസ്‌വൈ അത്യാഹിത വിഭാഗത്തിൽനിന്ന് എത്തിയാണ് പരിശോധിക്കുന്നത്. പീഡിയാട്രിക് സർജൻ ഉടനെ പരിശോധിച്ച് ചികിത്സ നൽകിയിട്ടുണ്ട്.

ന്യൂറോസർജൻ കുട്ടിയെ പരിശോധിക്കുകയും തലയ്ക്കും നെഞ്ചിനുമുള്ള പരുക്കിന് ആവശ്യമായ ചികിത്സ നൽകിയെന്നുമാണ്  ശിശുരോഗവിഭാഗം മേധാവി ഐഎംസിഎച്ച് സൂപ്രണ്ടിന് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. രണ്ടാമത്തെ സിടി സ്‌കാൻ എടുക്കാൻ തീരുമാനിച്ചിരുന്നു. അതിനിടെ അർധരാത്രിയോടെ കുട്ടിയുടെ സ്ഥിതി മോശമായി ഹൃദയാഘാതമുണ്ടാവുകയായിരുന്നു.  കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലേ വ്യക്തമാകൂ എന്ന് പ്രിൻസിപ്പൽ ഡോ. എൻ.അശോകൻ പറഞ്ഞു.  അതേസമയം, ആശുപത്രിയിലെത്തിച്ച മുഹമ്മദ് ഷമ്മാസിന് മൂത്രം പോകാൻ ട്യൂബ് ഇട്ടിരുന്നില്ലെന്ന് സഹോദരി സൗഫില പറഞ്ഞു.

രാത്രി പതിനൊന്നോടെയാണ് ഡോക്ടർ വന്നത്. കുട്ടിയെ വെന്റിലേറ്ററിൽ കിടത്തിയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർ പറയുകയും ചെയ്തു. ഓക്സിജൻ കുറഞ്ഞിട്ടും അവർ ഒന്നും ചെയ്തില്ല. അത്യാഹിതവിഭാഗത്തിലെ ഡോക്ടർ കുട്ടിയെ പരിശോധിക്കാതെയാണ് മുകളിൽ കൊണ്ടുപോയി അഡ്മിറ്റാക്കാൻ പറഞ്ഞതെന്നും സഹോദരി പറഞ്ഞു. കൊണ്ടോട്ടി മഞ്ഞിനിക്കാട് സൈനുദ്ദീന്റെയും ആമിനാബിയുെടയും മകൻ മുഹമ്മദ് ഷമ്മാസ്(11) വെള്ളിയാഴ്ചയാണ് മുണ്ടക്കുളത്ത് അപകടത്തിൽപെട്ടത്. വൈകിട്ട് അഞ്ചരയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽനിന്ന് മതിയായ ചികിത്സ ലഭിക്കാതെ മരിച്ചെന്നാണ് വീട്ടുകാരുടെ ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com