ചേമഞ്ചേരി ക്വിറ്റ് ഇന്ത്യാ സ്മാരകം പൊളിച്ചു മാറ്റിയതിൽ പ്രതിഷേധം
Mail This Article
കൊയിലാണ്ടി∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യാ സ്മാരകം പൊളിച്ചു നീക്കിയതിൽ വ്യാപക പ്രതിഷേധം. കൊയിലാണ്ടി മേഖലയിൽ ക്വിറ്റ് ഇന്ത്യാ സമരം ശക്തമായി നടന്ന വേളയിലാണ് ചേമഞ്ചേരിയിൽ കിറ്റ് ഇന്ത്യാ സമരം നടന്നത്. അതിന്റെ സാക്ഷ്യപത്രമായിരുന്നു ചേമഞ്ചേരി സ്മാരകം. നാട്ടുകാർക്ക് വൈകാരികമായ ബന്ധമുളള സ്മാരകമാണിത്.
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സുവർണ ജൂബിലി ആഘോഷ കമ്മിറ്റി 1992 ഓഗസ്റ്റ് മാസം നിർമിച്ച സ്മാരക സ്തൂപമാണ് ദേശീയപാത നിർമാണ പ്രവൃത്തി കരാറെടുത്ത കമ്പനിയുടെ തൊഴിലാളികൾ മുന്നറിയിപ്പില്ലാതെ പൊളിച്ചു നീക്കിയത്. ഈ സ്മാരകം കേടുപാടില്ലാതെ മാറ്റി അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റണമെന്നും ചേമഞ്ചേരി പഞ്ചായത്തും പ്രദേശത്തെ വിവിധ രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടിരുന്നു.
സ്മാരകം നിലനിന്നതിനടുത്ത് പുതുതായി നിർമിച്ച റജിസ്ട്രാർ ഓഫിസിന് സമീപം സ്മാരകം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തിയിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ പറഞ്ഞിരുന്നു. ഇക്കാര്യം എൻഎച്ച്എഐ അധികൃതരും ഉറപ്പു നൽകിയിരുന്നു. ഇതിനിടയിലാണ് ആരോടും ചോദിക്കാതെ സ്മാരക സ്തൂപം പൊളിച്ചു മാറ്റിയത്.
ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം പൊളിച്ചു നീക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ദേശീയ പാതാധികൃതരെ പ്രതിഷേധം അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ പറഞ്ഞു .സംഭവത്തിൽ പഞ്ചായത്ത് അംഗം വിജയൻ കണ്ണഞ്ചേരിയും പ്രതിഷേധിച്ചു. ചേമഞ്ചേരിയിലെ ഐതിഹാസികമായ സ്വാതന്ത്യസമര ചരിത്രത്തിന്റെ സ്മാരകമെന്ന നിലയിലാണ് ദേശീയ പാതയോരത്ത് സ്തൂപം സ്ഥാപിച്ചത്.നാട്ടുകാർ സംഭാവനയായി നൽകിയ പണം ഉപയോഗിച്ചായിരുന്നു സ്തൂപം പണിതത്.