ADVERTISEMENT

കോഴിക്കോട്∙ ‘ചീഫ് വൈൽഡ് ലൈഫ് വാർഡന്റെയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ രേഖാമൂലമുള്ള അനുമതി ഇല്ലാതെ ഒരു വ്യക്തിയും ആനക്കൊമ്പുകളോ മൃഗങ്ങളുടെ ശരീരഭാഗങ്ങളോ കൈവശം വയ്ക്കാനോ, സമ്മാനമായും മറ്റേതെങ്കിലും രൂപത്തിലും മറ്റാർക്കെങ്കിലും കൈമാറാനോ, നശിപ്പിക്കാനോ പാടില്ല’– വന്യജീവി വിഭവങ്ങളുടെ കൈമാറ്റം വിലക്കുന്ന വന്യജീവി സംരക്ഷണ നിയമം സെക്‌ഷൻ 39 (3) ൽ പറയുന്ന ഈ ഭാഗം വനം വകുപ്പ് വ്യാഖ്യാനിച്ചത് ഇങ്ങനെ: ‘..അനുമതി നൽകിയാൽ കൈവശം വയ്ക്കാം’. അങ്ങനെയാണ് ആനക്കൊമ്പും മാൻകൊമ്പും പട്ടാളത്തിനു കൈമാറാൻ സംസ്ഥാന സർക്കാർ വഴി കണ്ടെത്തിയത്.

കരസേനയുടെ വിവിധ വിഭാഗങ്ങൾക്ക് ‘സുരക്ഷിതമായി സൂക്ഷിക്കാൻ’ നൽകാനായി ചീഫ് വൈൽഡ് ലൈഫ് വാർഡനെ അനുവദിച്ച് ഉത്തരവിറക്കിയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമായ നടപടി സർക്കാർ നടപ്പാക്കിയത്.

സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള വനപ്രദേശങ്ങളിൽ ചരിയുന്നതോ വേട്ടയാടപ്പെടുന്നതോ ആയ ആനകളുടെ കൊമ്പുകൾ സംസ്ഥാനത്തിന്റെ സ്വത്ത് ആയാണു കണക്കാക്കുന്നത്. വന്യജീവി സങ്കേതങ്ങളിൽ ചരിയുന്നവയുടെ കൊമ്പുകൾ കേന്ദ്രത്തിന്റേതാണ്. സംസ്ഥാനത്തിന് അവകാശമുള്ള ആനക്കൊമ്പ് ഏതെന്ന് തിരിച്ചറിഞ്ഞ ശേഷമേ കരസേനയ്ക്കു കൈമാറാൻ സാധിക്കൂ. അതിനുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. 2018 മാർച്ച് 23ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് അയച്ച കത്തിൽ, വിവിധ ഡിപ്പാർട്മെന്റുകൾ പ്രദർശനത്തിനും മറ്റുമായി ആനക്കൊമ്പുകൾ ആവശ്യപ്പെടുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അവ നൽകുന്നത് 1972ലെ വന്യജീവി സംരക്ഷണ നിയമത്തിനു വിരുദ്ധമാണെന്നും വ്യക്തമാക്കുന്നു.

കരസേനയ്ക്ക് ഉൾപ്പെടെ തമിഴ്നാട് വനം വകുപ്പ് ആനക്കൊമ്പ് കൈമാറുന്നതു വിലക്കിക്കൊണ്ട് 2016 ൽ നൽകിയ കത്തും സൂചനയായി അയച്ചിരുന്നു. കർണാടക 2016 ലും കേരളം 2017 ലും ആനക്കൊമ്പുകൾ കൈമാറിയിരുന്നു. അത് ആവർത്തിക്കാനിടയുള്ള സാഹചര്യത്തിലാണ് ഇത്തരം കൈമാറ്റം വിലക്കിക്കൊണ്ട് കേന്ദ്രം സർക്കുലർ പുറപ്പെടുവിച്ചത്. സർക്കാർ ഉത്തരവിന്റെ ചുവടുപിടിച്ചു മറ്റേതെങ്കിലും സംഘടനകളോ ദേവസ്വം ബോർഡുകളോ അവരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ആനയുടെ കൊമ്പുകൾ ‘സൂക്ഷിക്കാൻ’ നൽകണം എന്ന് ആവശ്യപ്പെട്ടാൽ പ്രശ്നം ഗുരുതരമാവുമെന്നു വിദഗ്ധർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com