ADVERTISEMENT

4 പതിറ്റാണ്ട് കോഴിക്കോട്ടുകാരുടെ മുൻപിൽ പല മേഖലകളിലായി പൊതു പ്രവർത്തനം നടത്തിയ ആളാണ് കോഴിക്കോട്ടുകാരുടെ ‘കരീംക്ക’. ലോക്സഭ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കാനിറങ്ങുമ്പോൾ എന്താണു പറയാനുള്ളത്?
1986ൽ മലപ്പുറത്തെ വാഴക്കാട്ടു നിന്ന് എത്തി കോഴിക്കോട് പൊതുപ്രവർത്തനം തുടങ്ങിയ ആളാണ്. കോഴിക്കോട്ടെ തൊഴിലാളികൾക്കിടയിലും സാധാരണക്കാർക്കിടയിലും പ്രവർത്തിച്ചു. എന്റെ മികവുകളും പ്രവർത്തനങ്ങളുമെല്ലാം കോഴിക്കോട്ടുകാർക്കു നന്നായറിയാം. ഈ തിരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം അസാധാരണ തിരഞ്ഞെടുപ്പാണ്. ഇന്ത്യയുടെ മതേതരത്വവും ഐക്യവും സംരക്ഷിക്കാനുള്ള പോരാട്ടം. എംപി ഫണ്ട് വീതംവയ്പു മാത്രമല്ല എംപിയുടെ ചുമതല. ഇന്ത്യയുടെ പരമോന്നത നിയമനിർമാണ സഭയിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുക എന്നതും കൂടിയാണ്. കഴിഞ്ഞ 5 വർഷത്തെ രാജ്യസഭയിലെ എന്റെ പ്രവർത്തനം നോക്കിയാൽ അറിയാം. ആ ചുമതല ഞാൻ എത്രത്തോളം നിർവഹിച്ചിട്ടുണ്ട് എന്ന്. അതു തന്നെയാണ് എനിക്ക് വോട്ടർമാരോടു പറയാനുള്ളത്. നമ്മുടെ രാജ്യം വലിയൊരു ഭീഷണിയുടെ വക്കിൽ നിൽക്കുമ്പോൾ അതിനെ നേരിടാൻ കെൽപ്പുള്ളവരെ പാർലമെന്റിലേക്ക് അയയ്ക്കണം.

രാജ്യസഭയിൽ 75 ശതമാനത്തിലേറെ ഹാജർ, ചർച്ചകളിലെ മികച്ച പ്രകടനം, കേന്ദ്ര സർക്കാരിനെതിരെ നിലപാട് എടുത്തതിൽ രണ്ടു തവണ സസ്പെൻഷൻ... രാജ്യസഭയിലെ പ്രകടനത്തിനു ശേഷം ലോക്സഭ തിരഞ്ഞെടുപ്പിലേക്കു വരുമ്പോൾ എന്തു തോന്നുന്നു?
കേട്ടുകേൾവി പോലുമില്ലാത്ത ജനാധിപത്യ ധ്വംസനങ്ങളാണു കഴിഞ്ഞ 5 വർഷം നമ്മുടെ പാർലമെന്റിലുണ്ടായത്. ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയാനുള്ള ബിൽ അവതരിപ്പിച്ചതു മുതൽ എത്രയോ ജനാധിപത്യവിരുദ്ധ കാര്യങ്ങൾ. ഞങ്ങൾ എണ്ണത്തിൽ വളരെ കുറവേ ഉള്ളൂ. എന്നിട്ടും ആവുംവിധം ഞങ്ങൾ എതിർത്തു, പ്രതിഷേധിച്ചു, ബഹളം വെച്ചു, സഭ വിട്ടിറങ്ങി. പ്രതിപക്ഷത്തോട് ഒരു മര്യാദയും കാണിക്കാത്ത ഭരണാധികാരികൾക്കു മുൻപിൽ അങ്ങനെ തന്നെ പെരുമാറണമെന്നേ ഞാൻ പറയൂ. നിശബ്ദരായി ഇരിക്കരുത്. നമ്മുടെ സമരവീര്യം പുറത്തെടുക്കണം. അല്ലാതെ പാരമ്പര്യം, ജനാധിപത്യം എന്നൊന്നും പറഞ്ഞ് ഇരുന്നിട്ടു കാര്യമില്ല. രാജ്യസഭയേക്കാൾ അംഗ സംഖ്യ കൂടുതലാണ് ലോക്സഭയിൽ. മതിയായ ആളുകളില്ലെങ്കിൽ നമ്മുടെ ശബ്ദത്തിന്റെ പ്രാധാന്യം വീണ്ടും കുറയും. അതിനാൽ ഫാഷിസത്തെ എതിർക്കാൻ ശബ്ദമുള്ളവരെ തിരഞ്ഞെടുത്ത് ലോക്സഭയിലേക്ക് അയയ്ക്കുക എന്നതു തന്നെയാണു വോട്ടർമാർ ചെയ്യേണ്ടത്.

3 തവണ തുടർച്ചയായി ജയിച്ച എം.കെ.രാഘവനാണ് യുഡിഎഫ് സ്ഥാനാർഥി. ഓരോ വർഷവും വർധിക്കുന്ന ഭൂരിപക്ഷം. എൽഡിഎഫാകട്ടെ നിയമസഭ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടുമ്പോഴും തുടർച്ചയായി ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നു. ഇത്  എങ്ങനെ മറികടക്കും?
പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫിന്റെ ഓരോ തോൽവിക്കും ഓരോ കാരണങ്ങളുണ്ടായിരുന്നു. എന്നാൽ, ഇത്തവണ അങ്ങനെയല്ല. വ്യക്തിപരമായ മികവോ സ്ഥാനാർഥി ആരാണ് എന്നതോ അല്ല ഞങ്ങൾ മുന്നോട്ടു വയ്ക്കുന്നത്. ഞങ്ങൾ മുന്നോട്ടു വയ്ക്കുന്നത് ഞങ്ങളുടെ നയമാണ്, ആദർശമാണ്, നിലപാടാണ്. ഇന്ത്യയെ വർഗീയ രാജ്യമാക്കാൻ ശ്രമിക്കുമ്പോൾ, വർഗീയത കൊണ്ട് ജനങ്ങളെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിച്ചു ഭരിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ അതിനെ എതിർക്കാൻ ഞങ്ങളുണ്ടാകും എന്ന ആശയമാണ് ഞങ്ങൾ മുന്നോട്ടു വയ്ക്കുന്നത്. ബിജെപിയുടെ തീവ്ര ഹിന്ദുത്വ ആശയത്തെ ശക്തിയുക്തം എതിർത്തു തോൽപിക്കും എന്നു തന്നെയാണു പറയുന്നത്. അല്ലാതെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടും എന്നല്ല. ബിജെപി–സംഘപരിവാർ ഉയർത്തുന്ന അപകടം ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണ സ്ഥാനാർഥിയെ നോക്കിയല്ല, ആശയം നോക്കി ജനങ്ങൾ വോട്ടു ചെയ്യും. അതിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്.

വ്യവസായ മന്ത്രിയായിരിക്കെ കോഴിക്കോടിനു വേണ്ടി ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണ്?
വ്യവസായ മന്ത്രിയായിരിക്കെ നമ്മുടെ സംസ്ഥാനത്തിനു വേണ്ടിയും കോഴിക്കോടിനു വേണ്ടിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അവസരം കിട്ടി.
യുഡിഎഫ് സർക്കാർ അടച്ചു പൂട്ടിയ തിരുവണ്ണൂർ കോട്ടൺ മിൽ തുറന്നു പ്രവർത്തിക്കാനായി. കേരള സോപ്സ് ലാഭകരമാക്കി. സ്റ്റീൽ കോംപ്ലക്സ്, ചാലിയം ബീച്ചിലെ കപ്പൽ ഡിസൈനിങ് കേന്ദ്രം എന്നിവയ്ക്കായി അന്തിമ പദ്ധതി തയാറാക്കിയെങ്കിലും അപ്പോഴേക്കും സർക്കാരിന്റെ കാലാവധി കഴിഞ്ഞു. തുടർന്നു വന്നവർ അത് ഏറ്റെടുക്കാതിരുന്നതു കൊണ്ടാണു വലിയ ലക്ഷ്യത്തിലെത്താതെ പോയത്. കിനാലൂർ എസ്റ്റേറ്റുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ നീക്കി ചെറുകിട വ്യവസായങ്ങൾക്കായി തുറന്നു കൊടുത്തതോടെ 6000ൽ അധികം തൊഴിലാളികൾക്ക് ജോലി കിട്ടി. ഊരളുങ്കൽ ഐടി പാർക്ക് യാഥാർഥ്യമാക്കാൻ ഇടപെടലുകൾ നടത്തി. ഇങ്ങനെ കോഴിക്കോടിന്റെ വികസനത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിരുന്നു.

എംപിയായാൽ ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ച് സ്വപ്നങ്ങൾ ഉണ്ടാകുമല്ലോ, എന്തൊക്കെയാണത്?
കോഴിക്കോടിനെ കുറിച്ച് തീർച്ചയായും ഒരുപാട് സ്വപ്നങ്ങളുണ്ട്. കോഴിക്കോട് വിമാനത്താവളം കൊണ്ട് മലബാറുകാർക്ക് കാര്യമായ പ്രയോജനം കിട്ടാത്ത അവസ്ഥയാണ്. അതു മാറ്റണം. ശോചനീയാവസ്ഥ പരിഹരിക്കണം. തകർന്നു കൊണ്ടിരിക്കുന്ന ബേപ്പൂർ തുറമുഖത്തെ പ്രൗഢിയിലേക്ക് എത്തിക്കണം. ദേശീയപാത നവീകരണം പൂർത്തിയാക്കണം, റെയിൽവേ വികസനം യാഥാർഥ്യമാക്കണം. കോഴിക്കോട് റെയിൽവേ സ്റ്റേഷനെ ചെറുകിട റയിൽവേ സ്റ്റേഷനുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയാൽ പോര. നമുക്ക് നല്ല വണ്ടികൾ വേണം, പൊട്ടിപ്പൊളിഞ്ഞ കോച്ചുകൾ മാറ്റി യാത്രാനുഭവങ്ങൾ മെച്ചപ്പെടുത്തണം. നമ്മുടെ റയിൽവേ വികസനം എസ്കലേറ്ററിൽ ഒതുങ്ങരുത്. ഏറെക്കാലമായി പ്രഖ്യാപിച്ചിട്ടും നമുക്ക് അനുവദിക്കാതിരിക്കുന്ന എയിംസിനു വേണ്ടി ജീവന്മരണ പോരാട്ടം നടത്തണം. കോഴിക്കോട് വാണിജ്യ നഗരമാണ്. ചെറുകിട വ്യാപാരികളുടെയും വ്യവസായികളുടെയും കേന്ദ്രം. അവർക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. ഓരോ മേഖലയ്ക്കും ഓരോരോ പ്രശ്നങ്ങൾ. അവരോടൊപ്പം നിൽക്കണം. കച്ചവടം വർധിക്കുമ്പോൾ കൂടുതൽ വികസനം എത്തും. റബർ കർഷകരുടെയും നാളികേര കർഷകരുടെയും പ്രയാസങ്ങൾക്ക് അറുതി വേണം. അർഹിക്കുന്ന പ്രതിഫലം ഉറപ്പാക്കണം. കോഴിക്കോടിന്റെ അടിസ്ഥാന വികസനത്തിന്റെ മുഖച്ഛായ കാലോചിതമായി മാറ്റാൻ കഴിയണം. വികസനത്തിനൊരു തുടർച്ച വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com