ആശുപത്രി സൗകര്യങ്ങൾ ഒരുക്കി, ചികിത്സാ സംവിധാനം എന്നിട്ടും പഴയപടി
Mail This Article
വടകര∙ കെട്ടിടം ഉൾപ്പെടെ അത്യാവശ്യ സൗകര്യങ്ങൾ ഒരുങ്ങിയിട്ടും ഓർക്കാട്ടേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിച്ചികിത്സയും പ്രസവ വിഭാഗവും പ്രവർത്തനം തുടങ്ങിയില്ല. ഏറാമല, ഒഞ്ചിയം, അഴിയൂർ, എടച്ചേരി, ചോറോട് പഞ്ചായത്തുകൾക്ക് പുറമേ കണ്ണൂർ ജില്ലയിലെ കരിയാട് ഭാഗത്തു നിന്നും രോഗികൾ എത്തുന്ന ആശുപത്രിയാണ്. ദിവസം 750 രോഗികൾ ഒപിയിൽ എത്തുന്നുണ്ട്.
നേരത്തേ പ്രസവ ശുശ്രൂഷ ലഭിച്ചിരുന്ന ആശുപത്രിയിൽ കിടത്തിച്ചികിത്സയും ഒഴിവാക്കി. അന്ന് അസൗകര്യത്തിന്റെ പേരിൽ പിൻവലിച്ച ചികിത്സാ സൗകര്യങ്ങൾ ഏറെ വികസന പ്രവർത്തനം വന്നിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. പിഎച്ച്സിയിൽ നിന്ന് സിഎച്ച്സി ആക്കി ഉയർത്തിയിട്ട് വർഷങ്ങളായി. ഇതിന് അനുസൃതമായ തസ്തിക അനുവദിച്ചിട്ടില്ല. വിവിധ ചികിത്സാ വിഭാഗങ്ങൾ, നഴ്സ്, പാരാ മെഡിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നീ നിയമനങ്ങൾ നടപ്പാക്കാത്തതു കൊണ്ട് ആശുപത്രിയിൽ പുതിയ ചികിത്സാ സൗകര്യം ലഭ്യമാകുന്നില്ല.
5 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം പണി അവസാന ഘട്ടത്തിലാണ്. ഇതിൽ 18 കിടക്കകളുണ്ട്. ഈയിടെ ഉദ്ഘാടനം ചെയ്ത ഐസലേഷൻ വാർഡിൽ 10 കിടക്കകളും ഓക്സിജൻ ട്യൂബ് തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്.എന്നാൽ, 4 ഡോക്ടർമാരുടെ സേവനം മാറി മാറി വൈകിട്ട് 6 വരെ മാത്രമേ കിട്ടുന്നുള്ളൂ. മിനി ഐസിയു ഉൾപ്പെടെ മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനം കിട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതില്ലാത്തതു കൊണ്ട് വടകര ജില്ലാ ആശുപത്രിയിലോ നാദാപുരം താലൂക്ക് ആശുപത്രിയിലോ പോകേണ്ട അവസ്ഥയാണ്. ഭിന്നശേഷി ക്ലിനിക്, ലാബ്, ഫിസിയോ തെറപ്പി യൂണിറ്റ്, വയോജന പാർക്ക്, സ്പീച്ച് തെറപ്പി സെന്റർ തുടങ്ങിയവ ആശുപത്രിയിലുണ്ട്.