റോഡിനു സ്ഥലം കൊടുത്തു; വീട്ടിൽ പോകാൻ വഴിയില്ല
Mail This Article
കോഴിക്കോട് ∙ ദേശീയപാത വികസനത്തിനു ഭൂമി നൽകിയ വീട്ടമ്മയ്ക്കു ശേഷിക്കുന്ന സ്ഥലത്തെ വീട്ടിൽ കയറാനാകാത്ത അവസ്ഥ. സർവീസ് റോഡിൽ നിന്നു വീട്ടിലെത്താൻ റോഡിൽ നിന്ന് 6 മീറ്റർ ഉയരത്തിൽ കെട്ടിപ്പൊയിട്ട് അതു വഴി വേണം കയറാൻ. ദുരിതത്തിലായതോടെ വീട്ടമ്മ മകന്റെ വീട്ടിലേക്കു താമസം മാറി. തൊണ്ടയാട് – മാമ്പുഴപാലം ബൈപാസിൽ ഹൈലൈറ്റ് കെട്ടിടത്തിനു സമീപം ഒളവണ്ണ പഞ്ചായത്ത് ചെറുകുന്ന് മലയിൽ അരീക്കൽ ലീല ആണ് സ്വന്തം വീട്ടിൽ കയറാനാകാതെ ദുരിതത്തിലായത്.
ദേശീയപാതയ്ക്കു വേണ്ടി വീടിനു മുന്നിലെ 14 സെന്റ് സ്ഥലം നേരത്തേ ഇവർ നൽകിയിരുന്നു. ബാക്കി ഏഴര സെന്റിലെ വീട്ടിലേക്കുള്ള വഴി, ദേശീയപാതയ്ക്കു വിട്ടു നൽകിയ ഭൂമിയിലെ ഇടവഴിയിൽ കൂടിയായിരുന്നു. ഈ ഇടവഴി പിന്നീട് മണ്ണിട്ട് അടച്ചു. പഞ്ചായത്തിനു പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതോടെ വീട്ടിലേക്ക് റോഡിൽ നിന്നു നേരിട്ട് എത്താൻ പ്രയാസമായി. ബൈപാസിനു വേണ്ടി ഏറ്റെടുത്ത ഭൂമിയിൽ കൂടിയാണ് താൽക്കാലികമായി വഴി നടന്നിരുന്നത്.
6 മാസം മുൻപ് ഈ ഭാഗം ദേശീയപാത അധികൃതർ സർവീസ് റോഡിനായി മണ്ണെടുത്തു താഴ്ത്തി. ഇപ്പോൾ വീട്ടിൽ നിന്നു റോഡിൽ ഇറങ്ങാൻ 6 മീറ്റർ താഴ്ച്ചയുണ്ട്. അതോടെയാണ് മകന്റെ ഈസ്റ്റ്ഹില്ലിലെ വീട്ടിലേക്കു മാറിയത്. സർവീസ് റോഡിൽ നിന്നു നേരത്തേ ഉണ്ടായിരുന്ന 5 അടി വീതിയുള്ള ഇടവഴി 6 മീറ്റർ ഉയരത്തിൽ മണ്ണു നീക്കിയാൽ റോഡിൽ നിന്നു വീട്ടിലേക്കു എത്താൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.