ഇടതു മുന്നണിയുടെ പ്രചാരണത്തിന് കരുത്തു പകർന്ന് പ്രമുഖ നേതാക്കൾ
Mail This Article
കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രധാന സിപിഎം നേതാക്കൾ കൂടി പ്രചാരണ രംഗത്ത് എത്തിയതോടെ ഇടതു മുന്നണിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി. വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്ര, സംസ്ഥാന നേതാക്കൾ ജില്ലയിൽ പ്രചാരണത്തിന് എത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എന്നിവർ ജില്ലയിൽ പ്രചാരണത്തിനിറങ്ങി. കേരളത്തിൽ എൽഡിഎഫും യുഡിഎഫും നേരിട്ട് ഏറ്റുമുട്ടുന്നതിനാൽ കോൺഗ്രസിന് എതിരെയുള്ള വിമർശനമാണ് പ്രചാരണത്തിലെ മുഖ്യവിഷയം.
കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിനൊപ്പം തന്നെ കോൺഗ്രസിനെയും വിമർശിക്കുന്നു. ഫാഷിസ്റ്റുകളോടു പോരാടാൻ കോൺഗ്രസിനു കഴിയുന്നില്ലെന്നും കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചാലും ബിജെപിയിൽ ചേരുമെന്നും പ്രസംഗത്തിൽ ഊന്നി പറയുന്നുണ്ട്. പൗരത്വ ഭേദഗതി നിയമമാണ് മറ്റൊരു പ്രധാന വിഷയം. നിയമം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ആഭ്യന്തര മന്ത്രി അമിത് ഷായെയോ വിമർശിക്കുന്നതിനേക്കാൾ കടുപ്പത്തിൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിക്കുന്നു. കാസർകോട്ടെ റിയാസ് മൗലവി വധക്കേസിൽ അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയെയും മുതിർന്ന നേതാക്കൾ പ്രചാരണത്തിൽ പ്രതിരോധിക്കുന്നുണ്ട്.
കേസ് അന്വേഷണത്തിലും നടത്തിപ്പിലും സർക്കാരിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയുണ്ടായി എന്ന് ആരോപണം ഉയർന്നിരുന്നു. ന്യൂനപക്ഷ വോട്ടുകളിൽ പ്രത്യേകിച്ച് മലബാറിൽ വിധി തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക ഉയർന്നതിനെ തുടർന്നാണ് റിയാസ് മൗലവി വധക്കേസ് വിധിയുടെ തുടർ നടപടികൾ കൂടി പ്രചാരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു സംസ്ഥാന സർക്കാരിനെയും സിപിഎം നേതാക്കളെയും വേട്ടയാടാനുള്ള ശ്രമവും പ്രചാരണ വിഷയമാണ്.