ADVERTISEMENT

നാദാപുരം∙ പാനൂർ സ്ഫോടനത്തെ തുടർന്ന് പൊലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും തിരച്ചിൽ റൂറൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രണ്ടാം ദിവസവും തുടർന്നു. പിവിസി പൈപ്പിനുള്ളിൽ സിമന്റ് മിശ്രിതം നിറച്ച് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വസ്തു പൊലീസിനെ ഏറെ നേരം വലച്ചെങ്കിലും ഇത് കബളിപ്പിക്കാൻ ആരോ ചെയ്തതാണെന്ന് വിശദമായ പരിശോധനയിൽ വ്യക്തമായി.

കാക്കുനിയിൽ നിന്നാണ് ഈ വസ്തു കണ്ടെത്തിയത്. എഎസ്ഐമാരായ പ്രബീഷ് ചന്ദ്രൻ, വി.അഹമദ്, സിപിഒമാരായ നിധീഷ് വെള്ളൂർ, നിധീഷ് മുള്ളൻകുന്ന്, എം.ശ്രീജേഷ് എന്നിവരായിരുന്നു പരിശോധന നടത്തിയത്. ഒഴിഞ്ഞ മദ്യക്കുപ്പികളും മാലിന്യങ്ങളുമാണ് പൊലീസ് സംഘത്തിനു വിജനമായ പലയിടങ്ങളിലും കണ്ടെത്താനായത്.

കുറ്റ്യാടി∙ പാനൂരിൽ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ മരിച്ച സംഭവത്തെ തുടർന്ന് വേളം, കുറ്റ്യാടി പഞ്ചായത്തുകളിൽ എസ്ഐ നിഗിലിന്റെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും കേന്ദ്രസേനയും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി. കാക്കുനി, നമ്പാംവയൽ, നിട്ടൂർ, വടയം, വട്ടക്കണ്ടിപ്പാറ ഉൾപ്പെടെ 8 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. നേരത്തെ ബോംബ് നിർമാണവും സ്ഫോടനങ്ങളും ഉണ്ടായ സ്ഥലങ്ങളിലും പ്രത്യേകം തിരച്ചിൽ നടത്തി. ഒന്നും കണ്ടെത്താനായില്ല.

 സിപിഎം ഓഫിസുകൾ റെയ്ഡ് ചെയ്യണമെന്ന് യുഡിഎഫ് 
വടകര∙ പാനൂർ മുളിയാത്തോട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇലക്‌ഷൻ കമ്മിഷന്റെ നേതൃത്വത്തിൽ സിപിഎം പാർട്ടി ഓഫിസുകൾ റെയ്ഡ് നടത്തണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു. പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുടെ വ്യക്തി പ്രഭാവം പരിഗണിക്കുമ്പോൾ അക്രമിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ബോംബ് നിർമിച്ചത് പാനൂരിൽ പര്യടനം നടത്താൻ തീരുമാനിച്ച സ്ഥാനാർഥിയെ വക വരുത്തുന്നതിനു വേണ്ടിയാണെന്ന് സംശയിക്കുന്നതായി ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, യുഡിഎഫ് കൺവീനർ കെ.ബാലനാരായണൻ എന്നിവർ ആരോപിച്ചു.  

ബോംബ് സ്ഫോടനത്തിൽ മരിച്ച ആളുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും വീട് സന്ദർശിക്കുകയും ചെയ്ത ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ഉള്ളവരെ  പുറത്താക്കാൻ സിപിഎം തയാറാകണം. പൊലീസ് അന്വേഷണത്തിൽ  വിശ്വാസമില്ല. ഇല‌ക്‌ഷൻ കമ്മിഷൻ നേരിട്ട് ഇടപ്പെട്ട് വേണം അന്വേഷണവും പരിശോധനയും നടത്താൻ. 

2009 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് സമാനമായ സംഭവമാണ്  നടക്കാൻ പോകുന്നതെന്ന് ഭയപ്പെടുന്നു. അന്ന് എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടതിനെ തുടർന്നാണ് ടി.പി.ചന്ദ്രശേഖരൻ കൊല ചെയ്യപ്പെട്ടത്. അതിനാൽ ബോംബ് നിർമാണം നിസ്സാരമായി കാണാൻ കഴിയില്ലെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.േവണു പറഞ്ഞു. ഗോഡ്സ് ഓൺ കൺട്രി അല്ല ഇത് ബോംബ്സ് ഓൺ കൺട്രി ആണെന്ന്  മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു.

ഇന്ന് യുഡിഎഫ് പ്രതിഷേധം 
വടകര∙ പാനൂരിലെ ബോംബ് സ്ഫോടനത്തിനെതിരെ ഇന്ന് മണ്ഡലത്തിലെ എല്ലാ നഗരസഭ, പഞ്ചായത്ത് കേന്ദ്രങ്ങളിലും യുഡിഎഫ് ബഹുജന പങ്കാളിത്തത്തോടെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം: യുഡിവൈഎഫ് 
കുറ്റ്യാടി∙ വടകര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ബോബ് രാഷ്ട്രീയത്തിലൂടെ അട്ടിമറിക്കാനുള്ള ഇടതുപക്ഷ ശ്രമം ജനം തിരിച്ചറിയണമെന്നും വടകരയിലെ യുവത ഇതിനെതിരെ വിധിയെഴുതണമെന്നും കുറ്റ്യാടി നിയോജക മണ്ഡലം യുഡിവൈഎഫ് നേതൃയോഗം ആവശ്യപ്പെട്ടു. മൻസൂർ ഇടവലത്ത് അധ്യക്ഷത വഹിച്ചു. ടി.ടി.കെ.ബവിൻലാൽ, സി.എ.നൗഫൽ, ധനേഷ് വള്ളിൽ, ഇ.പി.സലീം, എം.കെ.മുനീർ, നൈസാം രാജഗിരി, മുഹമ്മദ് ഫൈസൽ, സി.ഫൈസൽ, അജയ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com