ഹൈദരലി തങ്ങൾ സിവിൽ സർവീസ് അക്കാദമി പ്രവർത്തനം തുടങ്ങി
Mail This Article
പെരിന്തൽമണ്ണ ∙ മലബാറിന്റെ സിവിൽ സർവീസ് സ്വപ്നങ്ങൾക്കു പുതിയ ചിറകു നൽകി ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിക്കു തുടക്കം. സൗജന്യമായി സിവിൽ സർവീസ് പരിശീലനം നൽകുന്ന സ്ഥാപനം നാടിനു സമർപ്പിക്കുന്ന ചടങ്ങിൽ പ്രമുഖരും സാധാരണക്കാരുമുൾപ്പെടെ നൂറു കണക്കിനു പേർ പങ്കെടുത്തു. മന്ത്രി കെ.രാജൻ, മന്ത്രി പി.എ.മുഹമ്മദ് റിയാസ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, എം.പി.അബ്ദുസ്സമദ് സമദാനി എംപി, ഷാഫി പറമ്പിൽ എംഎൽഎ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, നോർക്ക റൂട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവർ അക്കാദമിയുമായി ബന്ധപ്പെട്ട വിവിധ സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്തു.നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷനായിരുന്നു.
എംഎൽഎമാരായ മഞ്ഞളാംകുഴി അലി, യു.എ.ലത്തീഫ്, ടി.വി.ഇബ്രാഹിം, ആബിദ് ഹുസൈൻ തങ്ങൾ, പി.അബ്ദുൽ ഹമീദ്, കലക്ടർ വി.ആർ.പ്രേംകുമാർ, സബ് കലക്ടർ ശ്രീധന്യ സുരേഷ്, സിവിൽ സർവീസ് അക്കാദമി ഗവേണിങ് ബോഡി ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, നാലകത്ത് സൂപ്പി, ഹുസൈൻ മടവൂർ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ സലീം കുരുവമ്പലം, ഉമ്മർ അറക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ.കെ മുസ്തഫ, ടി.എ അബ്ദുൽ കരീം, ഡോ. പി ഉണ്ണീൻ, വി.കെ ബീരാൻ, എഡിഎം എൻ.എം മെഹറലി, എ.കെ നാസർ, എസ്.അബ്ദുൽ സലാം, വി.ബാബുരാജ്, സി.സേതുമാധവൻ, അക്കാദമി ഡയറക്ടർ കെ.സംഗീത്, ജോസഫ് സെബാസ്റ്റ്യൻ, അനീഷ് അച്യുതൻ, ഡോ. രാംദാസ്, വിദ്യാർഥി പ്രതിനിധി കാവ്യ, നസ്‌റിൻ, സജീത്ത് ഞാളൂർ എന്നിവർ പ്രസംഗിച്ചു.
ആദ്യ ബാച്ചിൽ 100 പേർ
അക്കാദമിയുടെ ആദ്യ ബാച്ചിലെ 100 പേർക്ക് ഇന്നലെ ക്ലാസുകൾ തുടങ്ങി. മലബാറിലെ 7 ജില്ലകളിൽ നിന്നു മത്സരപ്പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്കാണു പ്രവേശനം നൽകിയത്. ഇതിൽ 5% പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളാണ്. പെരിന്തൽമണ്ണ പൊന്ന്യാംകുർശ്ശി ഐഎസ്എസ് വിദ്യാഭ്യാസ സമുച്ചയത്തിലാണു അക്കാദമി പ്രവർത്തിക്കുന്നത്.
"സാക്ഷരതയിലും പൊതു വിദ്യാഭ്യാസ മേഖലയിലും കേരളം കൈവരിച്ച നേട്ടത്തിന് ഉന്നത വിദ്യാഭ്യാസ രംഗത്തു തിളക്കം കുറയുന്നുണ്ട്. ഇതു മറികടക്കാൻ സർക്കാർ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നു. പെരിന്തൽമണ്ണയിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന സിവിൽ സർവീസ് അക്കാദമി പോലുള്ള ശ്രമങ്ങൾ അവയ്ക്കു വലിയ കരുത്തു പകരും" - മന്ത്രി കെ.രാജൻ