ഷാബാ ഷരീഫ് വധം: വിചാരണ ഉടൻ തുടങ്ങും
Mail This Article
മഞ്ചേരി ∙ പാരമ്പര്യ വൈദ്യൻ മൈസൂരു സ്വദേശി ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കി.
വിചാരണയ്ക്കു മുന്നോടിയായി കേസ് നടപടികളുടെ ഭാഗമായാണ് കോഴിക്കോട്, മഞ്ചേരി ജയിലുകളിൽ കഴിയുന്ന 9 പേരെ ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി നസീറ മുൻപാകെ ഹാജരാക്കിയത്.
ജാമ്യത്തിലിറങ്ങിയ 4 പ്രതികൾ നേരിട്ട് കോടതിയിൽ ഹാജരായി. ആകെയുള്ള 15 പ്രതികളിൽ 2 പേർ ഒഴികെയുള്ളവർക്കാണ് നിലമ്പൂർ പൊലീസ് കുറ്റപത്രം നൽകിയത്. പ്രതികളിൽ ചിലർക്കു അബുദാബിയിൽ നടന്ന ഇരട്ടക്കൊലക്കേസിൽ പങ്കുണ്ടെന്ന ആരോപണം സംബന്ധിച്ച അന്വേഷണം ഹൈക്കോടതി നേരത്തെ സിബിഐക്കു വിട്ടിട്ടുണ്ട്. ഷാബാ ഷരീഫ് കേസ് നടത്താൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി ഇ.എം.കൃഷ്ണൻ നമ്പൂതിരിയെ സർക്കാർ നിയമിച്ചു. കേസ് 23ലേക്ക് കോടതി മാറ്റി വച്ചു.
മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി ചോർത്താൻ 2019 ഓഗസ്റ്റിൽ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടു വന്നു ഒന്നാം പ്രതി മുക്കട്ട സ്വദേശി ഷൈബിന്റെ വീട്ടിൽ തടവിൽ പാർപ്പിക്കുകയും 2020 ഒക്ടോബറിൽ കൊന്നു കഷണങ്ങളാക്കി ചാലിയാറിൽ ഒഴുക്കുകയും ചെയ്തെന്നാണ് കേസ്.