സുഫ്ന: കാലിക്കറ്റിന്റെ ‘സ്വർണ മുല്ല’
Mail This Article
തേഞ്ഞിപ്പലം ∙അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി വനിതാ ഭാരോദ്വഹന ചാംപ്യൻഷിപ്പിന്റെ ആദ്യ ദിനം ആതിഥേയരായ കാലിക്കറ്റിന് കരുത്തായി പി.എസ്.സുഫ്ന ജാസ്‌മിന്റെ സ്വർണം.45 കിലോഗ്രാം വിഭാഗത്തിൽ സ്നാച്ച് (68), ക്ലീൻ ആൻഡ് ജെർക്ക് (86) എന്നിവയിലായി 154 കിലോ പൊക്കിയാണ് നേട്ടം.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. ഇന്ത്യൻ വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷൻ 2022–23 വർഷം മികച്ച ഭാരോദ്വഹകയായി തിരഞ്ഞെടുത്തത് സുഫ്നയെയാണ്.പരീക്ഷണാർഥം ഭാരോദ്വഹന പരിശീലനക്കളത്തിൽ എത്തിയ സുഫ്ന 4 വർഷംകൊണ്ട് ഇന്ത്യയിലെ മികച്ച ഭാരോദ്വഹന താരങ്ങളിലൊരാളായി വളരുകയായിരുന്നു. ജൂനിയർ നാഷനൽസിൽ റെക്കോർഡോടെ സ്വർണം നേടിയിരുന്നു.
തൃശൂർ ആമ്പല്ലൂർ വേലൂപാടം പുല്ലിക്കണ്ണി നിവാസിയാണ്. ആനയിറങ്ങുന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി മികച്ച ഭാരോദ്വഹന താരമായി വളർന്നതിൽ കുടുംബം നൽകിയ പ്രചോദനവും വലുതാണ്. പിതാവ് സലീമിന് കൂലിപ്പണിയാണ്. മാതാവ് ഖദീജ ടാപ്പിങ് തൊഴിലാളി. സുഫ്നയ്ക്ക് 2 ചേച്ചിമാരാണ്. നല്ലൊരു ജോലിയാണ് അടുത്ത ലക്ഷ്യങ്ങളിലൊന്ന്.
കുട്ടിത്താരങ്ങളെ പൊക്കാൻ ‘മസിലില്ലാതെ’ കേരളം
തേഞ്ഞിപ്പലം ∙ ചെറു പ്രായത്തിൽ കുട്ടികൾക്ക് ഭാരോദ്വഹന പരിശീലനം നൽകാൻ സാഹചര്യമില്ലാതെ കേരളം. സ്കൂൾ കുട്ടികൾക്ക് പ്രവേശനം നൽകി പരിശീലനം ഉറപ്പാക്കാൻ കേരളത്തിൽ നിലവിൽ ഹോസ്റ്റലുകളില്ല. താൽപര്യമുള്ള കുട്ടികൾ കേരളത്തിന് പുറത്തെത്തി പരിശീലനം നേടണം.തൃശൂരിലെ ഹോസ്റ്റൽ വർഷങ്ങൾക്ക് മുൻപ് പൂട്ടിയതിൽ
പിന്നെ ഒരു കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ സ്കൂൾ തലത്തിൽ കേരളത്തിൽ ഒരിടത്തും ഭാരോദ്വഹന താരങ്ങൾക്കായി പ്രത്യേകം ഹോസ്റ്റലുകളില്ല. കോളജ് വിദ്യാർഥികൾക്കായി ചില കോളജുകളിൽ ഹോസ്റ്റലുകളുണ്ട്. അതിനാൽ പല കുട്ടികളും ബിരുദ കോഴ്സിന് ചേർന്ന ശേഷമാണ് ഭാരോദ്വഹന രംഗത്ത് എത്തുന്നത്.