ADVERTISEMENT

മലപ്പുറം ∙ രാജ്യാന്തര ഫുട്ബോൾ അക്കാദമിയും ജില്ലാ സിവിൽ സർവീസ് അക്കാദമിയും തുടങ്ങാൻ മലപ്പുറം ജില്ലാ പഞ്ചായത്ത്.  ബജറ്റിൽ ഇരു അക്കാദമികൾക്കും ഓരോ കോടി രൂപ വകയിരുത്തി.  മലബാർ കലാപവുമായി ബന്ധപ്പെട്ട് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും പൂക്കോട്ടൂർ യുദ്ധത്തിനും സ്മാരകം നിർമിക്കാൻ 5 കോടി രൂപ കൂടി വകയിരുത്തി. മാധ്യമപ്രവർത്തകർക്ക് ആരോഗ്യ ഇൻഷുറൻസിനായി 50 ലക്ഷവും പൊതു സേവകരായ വനിതകൾക്ക് മെൻസ്ട്രൽ കപ്പ് വിതരണത്തിന് ഒരു കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. 

വിദ്യാഭ്യാസ, ആരോഗ്യ, കൃഷി മേഖലകളിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അവതരിപ്പിച്ചത്. ഭരണസമിതിയുടെ മൂന്നാമത്തെ ബജറ്റിൽ 232.26 കോടി രൂപ വരവും 228.57 കോടി രൂപ ചെലവും 3.69 കോടി രൂപ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. 

ലൈഫ് പദ്ധതിയിൽ ഭൂരഹിതർക്ക് സ്ഥലം വാങ്ങാനും വിദ്യാഭ്യാസ മേഖലയിലെ സമഗ്ര ആധുനികവൽക്കരണത്തിനും 20 കോടി വീതം, ഉത്പാദന മേഖലയ്ക്ക് 16 കോടി, സമഗ്ര ആരോഗ്യ പദ്ധതിയ്ക്ക് 15 കോടി,  ഭിന്നശേഷി സൗഹൃദ ജില്ലയാക്കുന്നതിന് 10 കോടി, ബാല സൗഹൃദമാക്കുന്നതിന് 50 ലക്ഷം, റോഡുകളുടെ പുനരുദ്ധാരണത്തിന് 10 കോടി, വനിതാ ശാക്തീകരണത്തിന് 10 കോടി, സമഗ്ര ശുദ്ധജല പദ്ധതിക്ക് 6 കോടി എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്.  പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് 26 കോടി രൂപയും ഭവന-ഭൂരഹിതർക്കും ഭവന സുരക്ഷയ്ക്കും 5 കോടി രൂപ വീതവും കോളനികളുടെ സമഗ്ര വികസനത്തിന് 3.5 കോടിയും അനുവദിച്ചിട്ടുണ്ട്. 

മറ്റു പ്രധാന പദ്ധതികൾ

∙ സാക്ഷരതാ പദ്ധതി നടപ്പാക്കാൻ 5  കോടി 

∙ ലോക വിദ്യാഭ്യാസ ഉച്ചകോടിക്ക് 25 ലക്ഷം.

∙ സ്കൂളുകളിലും പൊതുയിടങ്ങളിലും ഹാപ്പിനസ് പാർക്കുകൾക്ക് 50 ലക്ഷം. 

∙ ദേശീയ തലത്തിലെ സ്ഥാപനങ്ങളിലേക്കുള്ള ക്യുയെറ്റ് (സിയുഇടി) പ്രവേശന പരീക്ഷാ ബൂസ്റ്റിങ് പ്രോഗ്രാമിന് 10 ലക്ഷം

∙  വിജയഭേരി പദ്ധതിക്ക് 5 കോടി

∙ സ്കൂളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബിന് 3 കോടി

∙ ഗുണമേന്മയുള്ള മാട്ടിറച്ചി വിതരണ സംവിധാനത്തിന് 2 കോടിയും കോഴിയിറച്ചി വിതരണത്തിന് ഒരു കോടിയും

∙ ഫാം ടൂറിസം വികസിപ്പിക്കാൻ ഒരു കോടി,  സമഗ്ര ടൂറിസം വികസനത്തിന് 5 കോടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com