ADVERTISEMENT

മലപ്പുറം ∙ കോഴിക്കോട്–പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേക്കായി ഏറ്റെടുക്കുന്ന കെട്ടിടങ്ങൾക്ക് കാലപ്പഴക്കം കണക്കാക്കാതെ നഷ്ടപരിഹാരം നൽകണമെന്ന കേരളത്തിന്റെ ആവശ്യം ദേശീയപാതാ അതോറിറ്റിയുടെ പരിഗണനയിൽ. പാലക്കാട്–കോഴിക്കോട്, കൊല്ലം–ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേകൾക്കായി ഏറ്റെടുക്കുന്ന കെട്ടിടങ്ങൾക്ക് കാലപ്പഴക്കം കണക്കാക്കാതെ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കേരളം ഈ മാസം 6ന് ആണ് ദേശീയപാത അതോറിറ്റിക്ക് കത്തു നൽകിയത്.

അതോറിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേ ദേശീയപാത 66 ന്റെ വികസനത്തിനായി ഏറ്റെടുത്ത കെട്ടിടങ്ങൾക്ക് കാലപ്പഴക്കം കണക്കാക്കാതെ നഷ്ടപരിഹാരം നൽകണമെന്ന കേരളത്തിന്റെ അപേക്ഷ അതോറിറ്റി അംഗീകരിച്ചിരുന്നു. ഗ്രീൻഫീൽഡ് ഹൈവേക്കായി ജില്ലയിലെ ഭൂമിയേറ്റെടുക്കൽ അവസാന ഘട്ടത്തിലാണ്. ഏപ്രിൽ– മേയ് മാസത്തോടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനാണു നിലവിൽ തീരുമാനം. ഓഗസ്റ്റോടെ പാതയുടെ നിർമാണം തുടങ്ങിയേക്കും.

ദേശീയ പാതാ അതോറിറ്റി വികസന പ്രവർത്തനങ്ങൾക്ക് ഭൂമിയേറ്റെടുക്കുമ്പോൾ 2013ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമാണ് നഷ്ടപരിഹാരം നൽകുന്നത്. ഇതുപ്രകാരം ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾക്ക് കാലപ്പഴക്കം കണക്കാക്കിയാണ് നഷ്ടപരിഹാരം ലഭിക്കുക. എന്നാൽ, നാടിന്റെ ആവശ്യത്തിനായി ഭൂമിയേറ്റെടുക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് കേരളം 2017ൽ പുതിയ നിയമം കൊണ്ടുവന്നിരുന്നു. ഇതുപ്രകാരം ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾക്ക് കാലപ്പഴക്കം കണക്കാക്കാതെ നഷ്ടപരിഹാരം നൽകാം.

ഗ്രീൻഫീൽഡ് ഹൈവേ ദേശീയപാത അതോറിറ്റിയുടെ പദ്ധതിയായതിനാൽ നഷ്ടപരിഹാര പാക്കേജ് തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരാണ്. കേരള നിയമപ്രകാരം നഷ്ടപരിഹാരം അനുവദിക്കണമെങ്കിൽ അതോറിറ്റിയുടെ അനുമതി വേണം.എ.പി.അനിൽ കുമാർ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി കെ.രാജൻ നിയമസഭയിലാണ് കേരളം കത്തയച്ച കാര്യം അറിയിച്ചത്. ജില്ലയിലൂടെ 52 കിലോമീറ്റർ ദൂരമാണ് പാത കടന്നു പോകുന്നത്.

 

 

 

 

കാലപ്പഴക്കം എങ്ങനെ കണക്കാക്കും?

 

''

∙ കെട്ടിടം നിൽക്കുന്ന ഭൂമിയുടെ വില, കെട്ടിടം അതേപടി നിലനിൽക്കുമെന്ന് പ്രതീക്ഷിക്കാവുന്ന കാലം, നിലവിലെ കാലപ്പഴക്കം എന്നിവയെല്ലാം പരിഗണിച്ചാണ് കെട്ടിടത്തിന്റെ കാലപ്പഴക്കം നിർണയിക്കുന്നത്. കാലപ്പഴക്കം കണക്കാക്കിയാലും കെട്ടിടങ്ങൾക്ക് മികച്ച നഷ്ടപരിഹാരം ലഭിക്കുമെന്നു റവന്യു അധികൃതർ പറയുന്നു. നിർണയിക്കുന്ന വിലയുടെ ഇരട്ടിയാണ് നഷ്ടപരിഹാര പാക്കേജായി നൽകുക.gree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com