എംഎസ്പി ഫുട്ബോൾ അക്കാദമി; പന്ത് ടച്ച് ലൈനിൽ തന്നെ
Mail This Article
മലപ്പുറം ∙ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ സഹകരണത്തോടെ മണിപ്പുരിൽ സംസ്ഥാന സർക്കാർ ഫുട്ബോൾ അക്കാദമി സ്ഥാപിക്കുമെന്ന വാർത്ത പുറത്തുവരുമ്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ചോദിക്കുന്നു. മലപ്പുറം എംഎസ്പിയിൽ കേരള സർക്കാർ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ഫുട്ബോൾ അക്കാദമി എവിടെപ്പോയി?. എംഎസ്പി ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ 2021ൽ ആണ് പ്രഖ്യാപനം നടത്തിയത്. ആ വർഷം ജൂണിൽ അക്കാദമി പ്രവർത്തനം തുടങ്ങുമെന്നും പ്രഖ്യാപിച്ചു. രണ്ടു വർഷമായിട്ടും പ്രഖ്യാപനം കടലാസിലുറങ്ങുന്നു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ അക്കാദമിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിശദമായ ഉത്തരവ് ഡിജിപി പുറത്തിറക്കിയിരുന്നു. 2021 മേയിൽ സിലക്‌ഷൻ ട്രയൽസ് നടത്തുമെന്നും ജൂണിൽ ആദ്യ ബാച്ചിനു പരിശീലനം നൽകുമെന്നുമായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. അക്കാദമിയുടെ പ്രവർത്തനം കേരള പൊലീസ് സ്പോർട്സ് ആൻഡ് യൂത്ത് വെൽഫെയർ സൊസൈറ്റിക്കു കീഴിലായിരിക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു. 75 കുട്ടികൾക്ക് ആദ്യ ബാച്ചിൽ പരിശീലനം നൽകാനായിരുന്നു തീരുമാനം. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് താമസവും പരിശീലനവും ഭക്ഷണവും സൗജന്യമായി നൽകുമെന്നും അറിയിച്ചിരുന്നു.
ഫണ്ടിങ് സംബന്ധിച്ച അവ്യക്തതയാണ് അക്കാദമി കടലാസിലൊതുങ്ങാൻ ഒരു കാരണം. കോർപറേറ്റ് കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽ നിന്നുൾപ്പെടെ പണം കണ്ടെത്തണമെന്ന അവ്യക്തമായ നിർദേശം മാത്രമാണുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് തുടർ നടപടികളോ നിർദേശങ്ങളോ ഉണ്ടായില്ല. എഐഎഫ്എഫുമായി ചേർന്ന് മണിപ്പുർ സർക്കാർ നേരിട്ടാണ് ഫുട്ബോൾ അക്കാദമി സ്ഥാപിക്കുന്നത്. പണം മുടക്കുന്നത് സർക്കാരും സാങ്കേതിക സഹായം എഐഎഫ്എഫുമാണ് നൽകുന്നത്. കേരള ഫുട്ബോൾ അക്കാദമി യാഥാർഥ്യമാകണമെങ്കിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് ഫുട്ബോൾ പ്രേമികളുടെ ആവശ്യം.