മദ്യപിച്ച് ബോധരഹിതരായി ദമ്പതികൾ; കുഞ്ഞ് രാത്രിയിൽ റോഡില്‍, ഏറ്റെടുക്കാൻ ശിശുക്ഷേമ സമിതി
Mail This Article
എടപ്പാൾ ∙ നടുവട്ടം അയിലക്കാട് റോഡിൽ ടെന്റ് കെട്ടി താമസിക്കുന്ന നാടോടി ദമ്പതികൾക്കൊപ്പമുള്ള 2 വയസ്സുള്ള കുഞ്ഞിനെ ഏറ്റെടുക്കാൻ ശിശുക്ഷേമ സമിതി അധികൃതർ നിയമനടപടികൾ ആരംഭിച്ചു. കുഞ്ഞ് ഇവർക്കൊപ്പം കഴിയുന്നത് സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആണ് കുഞ്ഞിനെ ഏറ്റെടുത്ത് സുരക്ഷിതമായി താമസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇതിനു മുന്നോടിയായുള്ള രേഖകൾ ബന്ധപ്പെട്ടവർക്ക് കൈമാറി. അനുമതി ലഭിച്ചാലുടൻ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കും.
എസ്റ്റേറ്റിനു മുൻവശത്തെ റോഡരികിൽ ഷീറ്റ് മറച്ചുകെട്ടിയാണ് ഇവർ താമസിക്കുന്നത്. കൂലിപ്പണിക്കു പോകുന്ന ദമ്പതികൾ തിരിച്ചെത്തി മദ്യപിച്ച് ബോധരഹിതരായി കിടക്കുന്ന അവസ്ഥയാണ്. ഇതോടെ കുഞ്ഞ് രാത്രിയിൽ റോഡിലേക്ക് ഇറങ്ങിപ്പോകുന്നതും തൊട്ടടുത്ത കാട്ടിലേക്ക് കടക്കുന്നതും ആശങ്കയുണ്ടാക്കുന്നു. ഇന്നലെയും ചങ്ങരംകുളം പൊലീസിന്റെയും സ്പെഷൽ ബ്രാഞ്ചിന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ആരായാൻ ശ്രമിച്ചെങ്കിലും ബോധരഹിതരായി കിടക്കുന്നതിനാൽ സാധിച്ചില്ല.