ADVERTISEMENT

മലപ്പുറം∙ അവധിക്കാലം  അടിച്ചുപൊളിച്ച കുട്ടിക്കൂട്ടം അറിവിന്റെ കൂട്ടു തേടി ഇന്നു സ്കൂൾ മുറ്റത്തേക്ക്. പുതിയ അധ്യയന വർഷത്തിന്റെ ആരംഭം കെങ്കേമമാക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഒന്നാം ക്ലാസിലെത്തുന്ന കുസൃതിക്കുടുക്കകളെ കാത്തു മധുരവും വർണ ബലൂണുകളുമായി അധ്യാപകരും തയാർ. 550 സർക്കാർ സ്കൂളുകളും 801 എയ്ഡഡ് സ്കൂളുകളും 208 അൺഎയ്ഡഡ് സ്കൂളുകളും ഉൾപ്പെടെ 1559 വിദ്യാലയങ്ങളാണു ജില്ലയിൽ ഇന്നു പുതിയ അധ്യയന വർഷത്തിലേക്കുണരുക.

ദിവസങ്ങൾ കൂടി കഴിഞ്ഞേ മൺസൂൺ എത്തൂ എന്നാണു കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. അങ്ങനെയെങ്കിൽ മഴയൊഴിഞ്ഞ ഒരു സ്കൂൾ തുടക്കത്തിനായിരിക്കും ഇന്നു സാധ്യത. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.പി.രമേഷ് കുമാർ പറഞ്ഞു. അധ്യാപകർക്കും, പിടിഎ പ്രസിഡന്റുമാർക്കും പാചകത്തൊഴിലാളികൾക്കുമുള്ള പരിശീലനങ്ങളെല്ലാം പൂർത്തിയായി.

ക്ലീൻ സ്കൂൾ, ഗ്രീൻ സ്കൂൾ പരിപാടിയുടെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂളുകളിലും ശുചീകരണം നടത്തി. പാഠപുസ്തക വിതരണം 98 ശതമാനവും പൂർത്തിയായി. ബാക്കിയുള്ളവ ഇന്നു വിതരണം ചെയ്യും. കൈത്തറി യൂണിഫോമിന്റെ വിതരണവും പൂർത്തിയായതായി ഡിഡിഇ പറഞ്ഞു. സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മോട്ടർവാഹന വകുപ്പിന്റെ പരിശോധനയും അവസാനഘട്ടത്തിലാണ്. പൊലീസിന്റെ ക്ലിയറൻസ് ലഭിച്ചവരെ മാത്രമേ സ്കൂൾ വാഹനങ്ങളുടെ ഡ്രൈവറായി നിയമിക്കാവൂ എന്നു കർശന നിർദേശമുണ്ട്. ലഹരി വിരുദ്ധപ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിനും സ്കൂളുകളിൽ ഇന്നു തുടക്കമാകും.

ജില്ലാതല പ്രവേശനോത്സവം ഇന്ന് കൽപക‍ഞ്ചേരി ജിവിഎച്ച്എസ്എസിൽ

കൽപകഞ്ചേരി∙  ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്നു കൽപക‍ഞ്ചേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 10നു മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീൻ എംഎൽഎ ആധ്യക്ഷ്യം വഹിക്കും. ഇ.ടി.മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയാകും. അക്കാദമിക മികവ് പ്രദർശനോത്സവം ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ നസീബ അസീസ് ഉദ്ഘാടനം ചെയ്യും. ലഹരിവിരുദ്ധ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി, കുട്ടികൾ നിർമിച്ച ‘സേ നോ ടു ഡ്രഗ്സ്’ എന്നെഴുതിയ 1,000 പേപ്പർ പേനകൾ ചടങ്ങിൽ വിതരണം ചെയ്യുമെന്നു ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ നസീബ അസീസ്, കെ.വി.ബിന്ദു, എ.പി.മുസ്തഫ, സലീം, കെ.അബ്ദുൽ ഖാദർ, സി.അബ്ദുറഹിമാൻ, സി.പി.രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.

പ്രധാനാധ്യാപകർക്ക് സർക്കാരിനോട് പറയാനുള്ളത് ഞങ്ങളെ കടക്കാരാക്കരുത് !

വെട്ടത്തൂർ∙ പുതിയ അധ്യയന വർഷത്തിന് ഇന്നു തുടക്കമാകുമ്പോൾ പൊതു വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർക്കു സിലബസിനു പുറത്തു നിന്നൊരു അഭ്യർഥന മുന്നോട്ടുവയ്ക്കാനുണ്ട്– കടം വാങ്ങിയും കടം പറഞ്ഞും നടത്തുന്ന സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ തുക കൃത്യമായി കിട്ടണം. കഴിഞ്ഞ മാർച്ച് മാസത്തിലെ തുക ഇതുവരെയും ലഭിച്ചില്ലെന്നാണു പ്രധാനാധ്യാപകരുടെ പരാതി. പൊതു വിദ്യാലയങ്ങളിലെ പ്രധാന ആകർഷണവും വിദ്യാർഥികൾക്ക് അനുഗ്രഹവുമായ പദ്ധതിയാണിത്. സ്കൂൾ പ്രധാനാധ്യാപകർക്കാണു പൂർണ ചുമതല. അധ്യയന ദിവസങ്ങളിലാണ് ഉച്ചഭക്ഷണം നൽകുന്നത്. ഊണിനു പുറമെ ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും നൽകാറുണ്ട്. മുട്ട കഴിക്കാത്തവർക്ക് ഏത്തപ്പഴവും നൽകുന്നു.

സർക്കാർ ആനുകൂല്യം ഇങ്ങനെയാണ്:

1.150 വരെയുള്ള വിദ്യാർഥികളുള്ള സ്കൂളിന് ഒരു കുട്ടിക്ക് 8 രൂപ. അരി സൗജന്യം.

2.151- 500 വരെ വിദ്യാർഥികളുള്ള സ്കൂളിന് ഒരു കുട്ടിക്ക് 7 രൂപ  അരി സൗജന്യം 

3. 501 മുതൽ വിദ്യാർഥികളുള്ള സ്കൂളിലെ ഒരു കുട്ടിക്ക് 6 രൂപ. അരി സൗജന്യം 

പ്രധാനാധ്യാപകരുടെ ആവലാതികൾ

ഓരോ കുട്ടിക്കും ലഭിക്കുന്ന എട്ടു രൂപയിൽ നിന്ന്  പച്ചക്കറി,  പല വ്യജ്ഞനങ്ങൾ എന്നിവ വാങ്ങണം. അതു  സ്കൂളിലെത്തിക്കാനുള്ള യാത്രാക്കൂലിയും  വഹിക്കണം. ഇതിനു പുറമേ പാൽ, കോഴിമുട്ട എന്നിവയും വാങ്ങണം. ഓരോ കുട്ടിക്കും 150 മില്ലി ലീറ്റർ പാൽ എങ്കിലും വേണം. ഭക്ഷണം  വേവിക്കാനുള്ള ഗ്യാസിനുള്ള പണവും ഇതിൽനിന്നു കണ്ടെത്തണം.ഒരു കുട്ടിക്ക് 150 മില്ലി ലീറ്റർ എന്ന തോതിൽ കൊടുക്കണമെന്നുണ്ട്. പാലിന് ഒരു ലീറ്ററിന് 60 രൂപ മുതലാണു നിരക്ക്. കോഴിമുട്ടക്ക് ഒന്നിന് 6 രൂപ. ഇതെല്ലാം വാങ്ങി മാസവസാനം കൂട്ടിക്കിഴിച്ചു നോക്കിയാൽ സ്വന്തം പോക്കറ്റ് കാലിയാകുമെന്നതിനു പുറമെ കടബാധ്യതയും.   ഒരു കുട്ടിക്ക് എട്ടു രൂപ എന്ന നിരക്ക് പൊതു വിപണിയെ അടിസ്ഥാനമാക്കി കൂട്ടുക, കൃത്യമായി തുക ലഭ്യമാക്കുക എന്നിവയാണ് ഇവരുടെ ആവശ്യം.

യൂണിഫോം അലവൻസും ഇല്ല

യുപി സ്കൂൾ വിദ്യാർഥികൾക്ക് കഴിഞ്ഞ വർഷത്തെ യൂണിഫോം അലവൻസും ഇതു വരെ ലഭിച്ചില്ലെന്ന് പരാതിയുണ്ട്. രക്ഷിതാക്കൾ ഇത് അന്വേഷിച്ച് സ്കൂളിൽ എത്തുമ്പോൾ കൃത്യമായ മറുപടി പറയാൻ കഴിയാതെ വിഷമിക്കുകയാണ് പ്രധാനാധ്യാപകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com