ADVERTISEMENT

എടപ്പാൾ ∙ ‘അദ്ദേഹം തുടങ്ങി വച്ച രേഖാചിത്ര പ്രസ്ഥാനം അദ്ദേഹത്തോടെ അവസാനിച്ചിരിക്കുന്നു. അനുകരിക്കാൻ ശ്രമിച്ചവരുണ്ടായിരുന്നു. അവരെല്ലാം പെരുവഴിയിലായി. ഇനിയൊരാൾ വരുമോയെന്നു കണ്ടറിയണം.’ ഇന്നലെ നടുവട്ടത്തെ കരുവാട്ടു മനയുടെ മുറ്റത്തിരുന്ന് ഇതു പറയുമ്പോൾ എഴുത്തുകാരനായ ഡോ. എൻ.പി.വിജയകൃഷ്ണന്റെ മുഖത്തു നഷ്ടബോധത്തിന്റെ വേദന. പെരുമഴയിലേക്കുണർന്ന ഇന്നലെ രാവിലെ നടുവട്ടത്തെ നിരത്തുകളെല്ലാം ഒറ്റ ലക്ഷ്യത്തിലേക്കായിരുന്നു.

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിതയ്ക്ക് മക്കളായ പരമേശ്വരൻ‌, വാസുദേവൻ എന്നിവർ തീ കൊളുത്തിയപ്പോൾ. ചിത്രം: മനോരമ

വരയുടെ തമ്പുരാൻ ആർട്ടിസ്റ്റ് നമ്പൂതിരിയെ അവസാനമായി ഒരു നോക്കു കാണാനുള്ള യാത്ര. അവരിൽ സാഹിത്യരംഗത്തെയും കലാരംഗത്തെയും അതികായന്മാർ മാത്രമല്ല നാട്ടിൻപുറത്തെ സാധാരണക്കാരുമുണ്ടായിരുന്നു. തനി നാടൻപുറത്തുകാരനായിരുന്നല്ലോ ആർട്ടിസ്റ്റ് നമ്പൂതിരിയും. പൊന്നാനിയിലെയും തൃക്കാവിലെയും എടപ്പാളിലെയുമൊക്കെ എത്രയോ സാധാരണക്കാരുടെ രൂപം നമ്പൂതിരിയുടെ വരകളിൽ കണ്ടെത്താം. ഒരുതരത്തിൽ അവരുടെ ജീവിതത്തിനെല്ലാം അധികമാനം നൽകുന്നതായിരുന്നു നമ്പൂതിരിയുടെ വരകൾ. 

ഇന്നലെ രാവിലെ നടുവട്ടത്തെ നാട്ടുകാരായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വീട്ടിൽ ആദ്യമെത്തുന്നത്. പിന്നീടവർ ആതിഥേയരായി. ദൂരെ നിന്നു വരുന്നവർക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സമീപവീട്ടുകാർ തങ്ങളുടെ ഗേറ്റ് തുറന്നിട്ടു. അധികം സംസാരിക്കില്ലെങ്കിലും പുഞ്ചിരിച്ചു കടന്നുപോകുമായിരുന്ന ആർട്ടിസ്റ്റ് നമ്പൂതിരി അവരുടെയെല്ലാം നാട്ടുകാരണവരായിരുന്നു. അതിനൊത്ത ആദരം അവർ തിരിച്ചുനൽകി. 

കോവിഡ് കാലത്ത് പുറത്തിറങ്ങാനാകാതെ വന്നപ്പോഴും വീട്ടിൽ വരയുടെയും പലവിധ സൃഷ്ടിയുടെയും ലോകത്ത് സജീവമായിരുന്നു നമ്പൂതിരി. പക്ഷികൾക്കുള്ള നീർക്കുടങ്ങൾ സ്വയം നിർമിച്ചു മരങ്ങളിൽ തൂക്കി. ബാക്കിയുള്ളവർ പുറത്തുനിന്നു വാങ്ങിയപ്പോൾ പക്ഷികൾക്കുള്ള തണ്ണീർക്കുടത്തിലും അദ്ദേഹം നമ്പൂതിരി ടച്ച് കൊണ്ടുവന്നു. തിരക്കുകളുണ്ടായിരുന്നപ്പോഴും തൃക്കാവിലെ നവരാത്രിയുത്സവത്തിൽ പരമാവധി പങ്കെടുത്തു. അതെല്ലാം നമ്പൂതിരിയുടെ വരകളിൽ കാണാവുന്നതാണ്. നമ്പൂതിരിയുള്ളതിനാൽ നടൻ മോഹൻലാൽ ഉൾപ്പെടെ പല പ്രശസ്തർക്കും പരിചിതമാണ് നടുവട്ടമെന്ന കൊച്ചുഗ്രാമം.

ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാനിച്ച ചിത്രഫലകവുമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല അഡീഷനൽ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ.കെ.മുരളീധരൻ.

കിട്ടാനില്ല, ഇതിലും വലിയൊരു സമ്മാനം

കോട്ടയ്ക്കൽ ∙ ഭാര്യ മൃണാളിനിയെ ചികിത്സിച്ചതിനുള്ള നന്ദിസൂചകമായി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാനിച്ച ചിത്രഫലകം  വിലമതിക്കാൻ കഴിയാത്ത നിധി പോലെ കാത്തുസൂക്ഷിക്കുകയാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാലാ അഡീഷനൽ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ. കെ.മുരളീധരൻ. വർഷങ്ങൾ കഴിഞ്ഞിട്ടും പിത്തളയിൽ തീർത്ത ആ സ്നേഹോപഹാരത്തിന്റെ നിറം ഇന്നും മങ്ങിയിട്ടില്ല. വീട്ടിലെ സന്ദർശക മുറിയെ അലങ്കരിച്ച് തലയെടുപ്പോടെ നിൽക്കുന്നു ഈ നമ്പൂതിരി സൃഷ്ടി.

കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മുൻ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയരുടെ നവതി ആഘോഷത്തിനെത്തിയ ആർട്ടിസ്റ്റ് നമ്പൂതിരി വാരിയരുടെ ചിത്രം വരയ്ക്കുന്നു (ഫയൽ ചിത്രം)

ആര്യവൈദ്യശാലയിലെ പതിവു സന്ദർശകനായിരുന്നെങ്കിലും നമ്പൂതിരി ഇവിടെ ചികിത്സയിൽ കഴിഞ്ഞിട്ടില്ല. ഭാര്യയ്ക്കു ശാരീരിക വിഷമതകൾ വർധിച്ചതോടെയാണ് അന്നത്തെ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയരെ കാണാനെത്തുന്നത്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടന്ന ചികിത്സയിൽ  ഡോ. മുരളീധരനും പങ്കാളിയായി. കുടുംബാംഗങ്ങളും പിന്നീട് ചികിത്സയ്ക്കെത്തി. പലതവണ നമ്പൂതിരി ഡോ. മുരളീധരന്റെ വീട്ടിലെത്തി സൗഹൃദം പുതുക്കി. ഒരുതവണ വന്നപ്പോൾ കയ്യിൽ കരുതിയതാണ് ഈ ഉപഹാരം.

മഹാഭാരതത്തിൽനിന്നുള്ള സന്ദർഭമാണ് അതിൽ കൊത്തിയിരുന്നത്. നമ്പൂതിരിയുടെ കയ്യൊപ്പും രേഖപ്പെടുത്തിയിരുന്നു.ലഭിച്ചതിൽ വലിയ പുരസ്കാരമെന്നാണ് ഈ സമ്മാനത്തെ ഡോ. മുരളീധരൻ വിശേഷിപ്പിക്കുന്നത്.കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ പല പ്രസിദ്ധീകരണങ്ങളിലും നമ്പൂതിരിയുടെ ചിത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. 12 വർഷം മുൻപ് ഡോ. പി.കെ.വാരിയരുടെ നവതി ആഘോഷച്ചടങ്ങിൽ സദസ്സിനെ സാക്ഷിയാക്കി അദ്ദേഹം വാരിയരുടെ രേഖാചിത്രമൊരുക്കിയിരുന്നു.

ഇംഗ്ലണ്ടുകാരനായ ഡേവിഡ് ബോളന്റിന് ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാനിച്ച മരശിൽപത്തിന്റെ വിവിധ വശങ്ങൾ.

കടലിനക്കരെയും ആ കഥകളി മുഖങ്ങൾ

കോട്ടയ്ക്കൽ ∙ യൂറോപ്യൻ വംശജന് ആർട്ടിസ്റ്റ് നമ്പൂതിരി നൽകിയ സമ്മാനം പതിറ്റാണ്ടുകൾക്കുശേഷം അദ്ദേഹത്തെ കാണിക്കാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കഥകളി നടനും നർത്തകനുമായ കോട്ടയ്ക്കൽ ശശിധരൻ. പ്ലാവ് മരത്തിന്റെ വേരിലാണ് കഥകളിമുദ്രകൾ കൊത്തി ഡേവിഡ് ബോളന്റ് എന്ന ഇംഗ്ലണ്ടുകാരന് ആർട്ടിസ്റ്റ് നമ്പൂതിരി നൽകിയത്.

പ്രമുഖ സ്വകാര്യ കമ്പനിയുടെ ഉന്നത പദവി വഹിച്ചിരുന്ന ബോളന്റ് 1971ൽ വിരമിച്ചപ്പോൾ കോഴിക്കോട്ടു നടന്ന യാത്രയയപ്പു സമ്മേളനത്തിൽ വച്ചാണ് നമ്പൂതിരി അവിടെനിന്നു കിട്ടിയ പ്ലാവിന്റെ ഒറ്റ വേരിൽ 5 തരം കഥകളി വേഷങ്ങൾ കത്തികൊണ്ട് ആലേഖനം ചെയ്ത് ബോളന്റിനു കൈമാറിയത്. ഇംഗ്ലണ്ടിലെ സോമർസെറ്റിൽ പണികഴിപ്പിച്ച ‘മലബാർ’ എന്ന വീട്ടിൽ ബോളന്റ് ഭദ്രമായി ആ സമ്മാനം സൂക്ഷിച്ചു. ഇംഗ്ലണ്ടിലെത്തിയ ശശിധരൻ ഈ മരശിൽപം കാണാനിടയായി.

ശശിധരൻ ഇക്കാര്യം നമ്പൂതിരിയോടു പറഞ്ഞു. വർഷങ്ങൾ പഴക്കമുള്ള തന്റെ സൃഷ്ടി കാണണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായി. 2008ൽ വീണ്ടും ഇംഗ്ലണ്ടിൽ പോയപ്പോൾ  ശശിധരൻ ഈ ശിൽപത്തിന്റെ ചിത്രം ക്യാമറയിൽ പകർത്തി. എടപ്പാളിലെ വീട്ടിലെത്തി ചിത്രം കാണിച്ചപ്പോൾ നമ്പൂതിരിയുടെ കണ്ണുകളിൽ ആശ്ചര്യവും ചുണ്ടിൽ പതിവു മന്ദഹാസവും വിടർന്നതായി ശശിധരൻ പറയുന്നു. കഥകളിയെ സ്നേഹിച്ച ബോളന്റ് ഈ  കലാരൂപത്തെക്കുറിച്ച് ഡോക്യുമെന്ററിയും പുസ്തകവും തയാറാക്കിയിട്ടുണ്ട്. 1991വരെ കഥകളി കാണാനായി കോട്ടയ്ക്കൽ ഉത്സവത്തിന് പതിവായി എത്തിയിരുന്നു. 11 വർഷം മുൻപ് മരിച്ചു.

പൊന്നാനിയിൽ ഇടശ്ശേരി മ്യൂസിയം ആർട്ടിസ്റ്റ് നമ്പൂതിരി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തപ്പോൾ (ഫയൽ ചിത്രം).

മറന്നില്ലൊരിക്കലും ഇടശ്ശേരിയെ

പൊന്നാനി ∙ നമ്പൂതിരിയും അക്കിത്തവും അവസാന കാലം വരെ ഇടശ്ശേരിയെ ഹൃദയത്തോടു ചേർത്തുനിർത്തി. കവി മൺമറഞ്ഞുപോയെങ്കിലും അദ്ദേഹത്തിന്റെ അനുസ്മരണത്തിനായി മുടക്കമില്ലാതെ നമ്പൂതിരിയും അക്കിത്തവും പൊന്നാനിയിൽ എത്തുമായിരുന്നു. രണ്ടുപേരുമില്ലാതിരുന്ന ഇടശ്ശേരി അനുസ്മരണം അപൂർവമാണ്.

എത്ര വയ്യെങ്കിലും എവി ഹൈസ്കൂളിനു മുൻപിലെ മാവിൻ ചോട്ടിലെത്തുന്നത് അവർ പതിവാക്കി. കൃഷ്ണപ്പണിക്കർ വായനശാലയിൽ ഇടശ്ശേരി മ്യൂസിയം തുടങ്ങിയപ്പോൾ ചിത്രം വരച്ച് കവിയുടെ സ്മാരകസൗധം നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പൂതപ്പാട്ടിനെ അനുസ്മരിക്കുന്ന ചിത്രമാണ് അന്നു വരച്ചത്. ഇടശ്ശേരി അത്രയേറെ സ്വാധീനിച്ചിട്ടുണ്ടെന്ന് പല വേദികളിലും നമ്പൂതിരി പറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com