താനൂർ കസ്റ്റഡി മരണക്കേസ്: സിബിഐ സംഘമെത്തി; അന്വേഷണം തുടങ്ങി
Mail This Article
തിരൂർ ∙ താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചു. ആദ്യദിനം, കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രിയുടെ മൊഴിയെടുത്തു. ഇന്നലെ പുലർച്ചെയാണ് സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം എത്തിയത്. കുടുംബത്തിനു നൽകാനുള്ള വിവരങ്ങളെല്ലാം ശേഖരിച്ച ശേഷം അന്വേഷണം തുടങ്ങുമെന്നാണ് സിബിഐ ഹാരിസിനെ അറിയിച്ചത്. ഇതനുസരിച്ചാണ് മൊഴിയെടുത്തത്. ബാക്കിയുള്ള വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ ചോദിക്കാമെന്നും അറിയിച്ചിട്ടുണ്ട്. തുടർന്ന് മുൻപ് കേസ് അന്വേഷിച്ചിരുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി റെജി എം.കുന്നിപ്പറമ്പനെയും സിബിഐ സംഘം കണ്ടു സംസാരിച്ചു. മുൻപു നടന്ന അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
കേസിൽ ക്രൈംബ്രാഞ്ച് 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്തിരുന്നു. ഇവരെ സിബിഐ കസ്റ്റഡിയിൽ എടുത്തേക്കുമെന്ന സൂചനയുണ്ട്. എന്നാൽ ഇവരിൽ 2 പേർ വിദേശത്തേക്കു കടന്നതായി താമിർ ജിഫ്രിയുടെ കുടുംബം ആരോപിച്ചിരുന്നു. കേസിൽ സിബിഐ പുതിയ എഫ്ഐആർ എറണാകുളം സിജിഎം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ കൂടുതൽ സാക്ഷികളെയും താനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തേക്കും.
മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു
മഞ്ചേരി ∙ താനൂർ പൊലീസ് കസ്റ്റഡി മരണക്കേസ് സിബിഐ ഏറ്റെടുത്തതിനെ തുടർന്ന് 4 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. ജാമ്യാപേക്ഷയും കേസിന്റെ മറ്റു നടപടികളും ഇനി എറണാകുളം സിബിഐ കോടതി പരിഗണിക്കും. ഇന്നലെ രാവിലെ മഞ്ചേരി ജില്ലാ കോടതി ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കേസ് സിബിഐ ഏറ്റെടുത്തതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതോടെ പ്രതിഭാഗം ജാമ്യാപേക്ഷ പിൻവലിക്കുകയുമായിരുന്നു. ഡാൻസാഫ് അംഗങ്ങൾ ഉൾപ്പെട്ട പ്രതിപ്പട്ടികയിലെ ഒന്നുമുതൽ 4 വരെ പ്രതികളായ ജിനേഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്. ഓഗസ്റ്റ് ഒന്നിന് ആണ് താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ചത്.
''സിബിഐ അന്വേഷണം തന്നെയാണ് കേസ് തെളിയിക്കാൻ ഏറ്റവും ആവശ്യമുള്ളത്. കേസ് പെട്ടെന്നു തീർപ്പാകുമെന്ന് പ്രതീക്ഷയുണ്ട്. കേസുമായി ബന്ധപ്പെട്ട ഒരാളെയും ഒഴിവാക്കാതെ അന്വേഷണം നടത്തണമെന്ന് സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.'' ഹാരിസ് ജിഫ്രി