ആരോഗ്യകേന്ദ്രത്തിന്റെ ഗേറ്റ് കാട്ടാന ചവിട്ടിത്തുറന്നു; ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Mail This Article
അകമ്പാടം ∙ ആരോഗ്യ ഉപകേന്ദ്രത്തിന്റെ വളപ്പിൽ കുടുങ്ങിയ കാട്ടാന ഗേറ്റിന്റെ പൂട്ട് തകർത്ത് പുറത്തെത്തി. മുന്നിൽപെട്ട ഓട്ടോ ഡ്രൈവർ അപകടം കൂടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മൂലേപ്പാടം ഉപകേന്ദ്രത്തിൽ 19ന് രാത്രി 8 ന് ആണ് സംഭവം.
മതിൽ ചാടിക്കടന്ന് വളപ്പിലെത്തിയ ഒറ്റയാന് വന്ന വഴിയേ മടങ്ങാനായില്ല. നേരെ മുന്നിലെത്തി ഗേറ്റ് ചവിട്ടിത്തുറക്കുകയായിരുന്നു. ആന റാേഡിൽ ഇറങ്ങിയതും ഓട്ടോറിക്ഷയുമായി ഡ്രൈവർ പൂവത്തിക്കൽ ഹാരിസ് എത്തിയതും ഒരുമിച്ചാണ്. ഭയന്ന് പോയ ഹാരിസ് പുറത്തിറങ്ങാതെ സമീപവാസി പടവിൽ ജോഷിയെ ഫോൺ ചെയ്ത് വിവരം അറിയിച്ചു.
ജീപ്പിൽ പാഞ്ഞെത്തിയ ജോഷി ബഹളം ഉണ്ടാക്കി. ഒടുവിൽ റോഡും കുറുവൻപുഴയും കടന്ന് ആന എടക്കോട് വനത്തിൽ മറഞ്ഞു. ജോഷിയുടെ കൃഷിയിടത്തിലെ തേനീച്ചപ്പെട്ടി, വിളകൾ എന്നിവ ആന നശിപ്പിച്ചിട്ടുണ്ട്. അകമ്പാടം ഡപ്യൂട്ടി റേഞ്ച് ഓഫിസർ വി.കെ.മുഹസിന്റെ നേതൃത്വത്തിൽ വനപാലകർ ഉപകേന്ദ്രം സന്ദർശിച്ചു. പഞ്ചായത്തിൽ എളഞ്ചിരിയിൽ മൂന്ന് കിലോമീറ്റർ ദൂരത്തിൽ സൗരോർജ തൂക്കുവേലി നിർമാണം തുടങ്ങി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local