സ്വാഗതഗാനത്തിന് ശബ്ദം നൽകിയത് 34 അധ്യാപകർ
Mail This Article
കോട്ടയ്ക്കൽ∙ ‘നാദം ഗണനാദം, കലയുടെ സ്വർഗീയ നാദം..’ 34 അധ്യാപകർ ഈണത്തിൽ, താളത്തിൽ പാടുകയാണ്. ഉഷ കാരാട്ടിൽ എഴുതി കോട്ടയ്ക്കൽ മുരളി സംഗീതം നൽകിയ 8 മിനിറ്റ് ദൈർഘ്യമുള്ള സ്വാഗതഗാനം ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് നൽകിയത് ഹൃദ്യമായ തുടക്കം.
കോട്ടയ്ക്കൽ, കൊണ്ടോട്ടി, കോട്ടൂർ, പുറത്തൂർ, മഞ്ചേരി, മങ്കട, ആലത്തിയൂർ, പാണാട്ട്, ഒഴൂർ, മണ്ണഴി, മലപ്പുറം, ആമപ്പാറ, പറപ്പൂർ, കാവതികളം സ്കൂളുകളിലെ അധ്യാപകരാണ് പാട്ടിന് സ്വരം നൽകിയത്. എം.പി.ദേവി, ഫാരിഷ ഹുസൈൻ, പ്രണവ് രമേശ്, ഇന്ദിരാദേവി, ഗൗതംകൃഷ്ണ, കെ. നിതിൻ, കെ.രാധിക തുടങ്ങിയവരുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തകരാണ് പാട്ടൊരുക്കാൻ മുന്നിൽനിന്നത്. ഉഷ കാരാട്ടിൽ മഞ്ചേരി ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്. ഈ വർഷത്തെ കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ കോട്ടയ്ക്കൽ മുരളി പുതുപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലും.
കവയിത്രിയും അധ്യാപികയുമായ ഉഷ കാരാട്ടിലിന് ഇത് ജീവിതസൗഭാഗ്യമാണ്. പാട്ടും കഥയും കവിതയുമായി കലാസാംസ്കാരിക പരിപാടികളിൽ സജീവമായി കഴിയുമ്പോഴാണ് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനായി സ്വാഗതഗാനം വേണമെന്ന ആവശ്യമെത്തുന്നത്. അതോടെ വിദ്യാരംഗം കലാസാഹിത്യവേദിക്കായി എഴുതിയ ഗാനത്തിന്റെ കെട്ടുംമട്ടും മാറ്റി. പുതിയ ഒരു ഗാനത്തിന്റെ പിറവി ജില്ലാ കലോത്സവേദിയിൽ തന്നെയായത് സന്തോഷത്തോടെയാണു കാണുന്നതെന്ന് ഉഷ പറഞ്ഞു.
മഞ്ചേരി ജിബിഎച്ച്എസ്എസിലെ അധ്യാപികയാണ്. ‘മൗനത്തിന്റെ നിഘണ്ഡു’ എന്ന കവിതാസമാഹാരം പുറത്തിറക്കിട്ടുണ്ട്. കുട്ടികൾക്ക് വിവിധ മത്സരങ്ങൾക്കായി പാട്ട് എഴുതിയിട്ടുണ്ട്. സ്വന്തം ഗാനം മറ്റ് അധ്യാപകർ ആലപിക്കുന്നത് ആസ്വദിക്കാൻ ഉഷ കലോത്സവവേദിയിൽ നേരത്തേ എത്തി.