ഈ ബിരിയാണിക്ക് കാരുണ്യത്തിന്റെ രുചി; 2 കുടുംബങ്ങൾക്ക് വീടൊരുക്കാൻ വിദ്യാർഥികൾ ഒരുക്കിയത് 16,000 ബിരിയാണിപ്പൊതികൾ
Mail This Article
കൊണ്ടോട്ടി ∙ 1700 കിലോഗ്രാം അരി, 1700 കിലോഗ്രാം ചിക്കൻ, 20 പാചകക്കാർ, നൂറോളം വൊളന്റിയർമാർ... കുമ്മിണിപ്പറമ്പിലെ ഓഡിറ്റോറിയത്തിൽ മണിക്കൂറുകളുടെ പ്രയത്നംകൊണ്ടു തയാറാക്കിയ 16,000 ബിരിയാണിപ്പൊതികളുമായി ഇഎംഇഎ കോളജ് വിദ്യാർഥികൾ ഇന്നലെ ഓടിയത് രാമനാട്ടുകര, മലപ്പുറം, കോട്ടയ്ക്കൽ, മഞ്ചേരി പ്രദേശങ്ങൾക്കിടയിൽ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും. ഈ മെഗാ ബിരായാണി ചാലഞ്ചിനു പിന്നിൽ അവർക്കൊരു ലക്ഷ്യമുണ്ടായിരുന്നു. നിർധന കുടുംബങ്ങൾക്ക് 2 വീടുകൾ നിർമിച്ചു നൽകണം. അതിനുള്ള പണം കണ്ടെത്തണം. ഇഎംഇഎ കോളജ് നിലനിൽക്കുന്ന പള്ളിക്കൽ പഞ്ചായത്തിലെ ഏഴാം വാർഡ് കോളജ് ദത്തെടുത്തിട്ടുണ്ട്. ഈ വാർഡിലെ 2 കുടുംബങ്ങൾക്കാണു വീടൊരുക്കുന്നത്. കഴിഞ്ഞ വർഷം ഒരു വീട് ഉൾപ്പെടെ ഈ പ്രദേശത്ത് കോളജ് 6 വീടുകൾ നേരത്തേ നിർമിച്ചിട്ടുണ്ട്. ഇത്തവണ 2 വീടുകളാണ് ഒരുക്കുന്നത്. അതിനുള്ള പണം കണ്ടെത്താനാണ് ബിരിയാണി ചാലഞ്ച് നടത്തിയത്. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ പി.കെ.മുനവ്വർ ജാസിം നേതൃത്വം നൽകി. വിദ്യാർഥികൾ ചിക്കൻ ബിരിയാണിയുമായി വീടുകളിലെത്തിയപ്പോൾ വലിയ പിന്തുണയാണു ലഭിച്ചതെന്ന് എൻഎസ്എസ് വൊളന്റിയർമാർ പറഞ്ഞു.