ആദിവാസി മേഖല: വോട്ടർപട്ടികയിൽ പേരുചേർക്കൽ നടപടി ആരംഭിച്ചു
Mail This Article
എടക്കര ∙ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ആദിവാസി മേഖലയിലുള്ളവരെ വോട്ടർപട്ടികയിൽ ചേർക്കുന്നതിനുള്ള നടപടി തുടങ്ങി.വനത്തിനുള്ളിലെ ഊരുകളിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് പേര് ചേർക്കുന്നത്. മുണ്ടേരി വനത്തിനുള്ളിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ കോളനിലുള്ളവർക്ക് ഇന്നലെ വാണിയമ്പുഴയിലെത്തി ക്യാംപ് നടത്തി. 30 പേരെയാണ് പുതിയതായി വോട്ടർ പട്ടികയിൽ ചേർത്തത്. ഇതിൽ 4 പേർ ഒഴികെ യുവ വോട്ടർമാരാണ്. ആദിവാസി ഊരുകളിലുള്ളവർക്ക് ഓൺലൈൻ വഴി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടി. ബന്ധപ്പെട്ട ഏതെങ്കിലും ഒരു രേഖയുണ്ടായാൽ ഇവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ട്. നിലമ്പൂർ തഹസിൽദാർ എം.പി.സിന്ധു, പോത്തുകല്ല് വില്ലേജ് ഓഫിസർ കെ.പി.വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് കോളനിയിലെത്തിയത്. വരും ദിവസങ്ങളിൽ മറ്റു കോളനികളിലും ക്യാംപ് നടത്തും.