തിരൂരങ്ങാടി: അറബിക്കിന്റെ അച്ചടിമഷി
Mail This Article
ലോകമെമ്പാടും വിനിമയം ചെയ്യപ്പെടുന്ന ഭാഷയായ അറബിക്കിലെ കിതാബുകൾ അച്ചടിക്കുന്നത് തിരൂരങ്ങാടിയിൽനിന്ന്. വിശുദ്ധ ഗ്രന്ഥമായ ഖുർആനു പുറമേ ഇസ്‍ലാമിക മതഗ്രന്ഥങ്ങൾക്കും അച്ചടിമഷി പുരളുന്നത് തിരൂരങ്ങാടിയിലെ വിവിധ പ്രസുകളിൽനിന്നാണ്.കേരളത്തിനു പുറമേ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇവിടെ അച്ചടിക്കുന്ന ഗ്രന്ഥങ്ങൾ എത്തുന്നുണ്ട്. അഞ്ചോളം പ്രസ്സുകളാണ് ഇവിടെയുള്ളത്.
ഖുർആൻ അച്ചടിയിൽ പേരുകേട്ട നാടാണിത്. 1883ൽ ചാലിലകത്ത് അഹമ്മദ് സ്ഥാപിച്ച ആമിറുൽ ഇസ്‍ലാം അച്ചടിശാലയിലാണ് തുടക്കം. ലിത്തോ ഹാൻഡ് പ്രസ്സായിരുന്നു അന്നുണ്ടായിരുന്നത്. ഇന്ന് ആമിറുൽ ഇസ്‍ലാം ലിത്തോ പവർ പ്രസ്, സി.എച്ച്.മുഹമ്മദ് ആൻഡ് സൺസ്, കെ.മുഹമ്മദ് കുട്ടി ആൻഡ് സൺസ്, അഷ്റഫി ബുക്ക് സെന്റർ, സി.എച്ച്. പ്രിന്റിങ് വർക്സ് എന്നീ അച്ചടിശാലകളുണ്ട്.
വിശുദ്ധ ഖുർആനു പുറമേ, കേരളത്തിലെ ദർസുകളിലെയും അറബിക് കോളജുകളിലെയും പഠനത്തിനായുള്ള ഗ്രന്ഥങ്ങൾ, ഇസ്‍ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങൾ, ഹദീസ് ഗ്രന്ഥങ്ങൾ, മാലമൗലീദുകൾ, ഏടുകൾ, ഖിസ്സപ്പാട്ടുകൾ തുടങ്ങി ഇസ്‍ലാംമത വിശ്വാസികൾ ഉപയോഗിക്കുന്ന ഗ്രന്ഥങ്ങൾ ഏറെയും ഇന്നും അച്ചടിക്കുന്നത് ഇവിടെ നിന്നാണ്. ഫത്ത്ഹുൽ മുഈൻ, സ്വഹീഹുൽ ബുഖാരി, മിശ്കാത്ത്, ഫിഖ്ഹ്, അഖീദ, ഇർഷാദ്, മുർശിദ്, അൽഫിയ, ജലാലൈനി, റിയാളുസ്വാലിഹീൻ, തഫ്സീൽ, മാല മൗലൂദുകൾ, ഏടുകൾ തുടങ്ങിയവയാണ് പ്രധാനം.
ലക്ഷദ്വീപിലെ മഹൽ ഭാഷയിൽ ഖുർആൻ പരിഭാഷ ആദ്യമായി അച്ചടിച്ചതും തിരൂരങ്ങാടിയിലാണ്. അറബിമലയാളം ലിപി ആദ്യമായി അച്ചടിച്ചതും ഇവിടെ നിന്നാണ്. ഖുർആൻ നേരത്തേ പൊന്നാനി ലിപിയിലായിരുന്നു അച്ചടിച്ചിരുന്നത്. ഇപ്പോൾ ഉസ്മാനി ലിപിയാണ് കൂടുതൽ. നേരത്തേ ഉത്തരേന്ത്യയിൽനിന്നാണ് അറബിക് ഗ്രന്ഥങ്ങൾ കേരളത്തിലേക്കുൾപ്പെടെ വന്നിരുന്നത്. ഉറുദു ബന്ധമുള്ള അറബിക് ലിപിയായിരുന്നു അതിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇവിടെ ഖത്തുന്നസ്ഖ് ലിപിയാണ് ഉപയോഗിക്കുന്നത്. ഇവിടെ അച്ചടിക്കുന്ന ഗ്രന്ഥങ്ങൾ കേരളത്തിനു പുറത്തും ഉപയോഗിക്കുന്നുണ്ട്.