ഫ്ലെക്സിലുണ്ട്, പ്രവൃത്തിയിലില്ല; ഉത്തരം– നിലമ്പൂർ ബൈപാസ്
Mail This Article
നിലമ്പൂർ ∙ നഗരത്തിൽ ഗതാഗത കുരുക്കിന് പരിഹാരമാകേണ്ട നിലമ്പൂർ ബൈപാസ് ജനപ്രതിനിധികൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ പതിവു പോലെ ബജറ്റ് പ്രഖ്യാപനത്തിലൊതുങ്ങും. 2023-24ലെ ബജറ്റിൽ പ്രഖ്യാപിച്ച 30.7 കോടി രൂപ തന്നെയാണ് ബൈപാസിന് ഇത്തവണത്തെ ബജറ്റിലും ഉൾപ്പെടുത്തിയത്. അതുതന്നെ ടോക്കൺ 100 രൂപ മാത്രമേയുള്ളൂ.
നിലമ്പൂരിൽ ബൈപാസിന് ശ്രമം തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടു. ഒസികെ പടി മുതൽ വെളിയംതോട് വരെ 6 കിലോമീറ്റർ ആണ് ദൈർഘ്യം. മുക്കട്ട വരെ 4.3 കിലോമീറ്റർ ദൂരം ഒന്നാംഘട്ടം 2014ൽ 21 കോടി രൂപയ്ക്ക് ടെൻഡർ ചെയ്തു. മൊത്തം 2.5 കിലോമീറ്റർ ഭൂമി ഏറ്റെടുത്തു. ചക്കാലക്കുത്ത് വരെ 2 കിലോമീറ്റർ ദൂരം പാർശ്വഭിത്തി കെട്ടി മണ്ണിട്ട് നികത്തി. പണം കിട്ടാത്തതിനാൽ കരാറുകാരൻ പണി നിർത്തി.
പിന്നീട് ഡോ. തോമസ് ഐസക് ധനമന്ത്രിയായിരിക്കെ 100 കോടി അനുവദിച്ചതായി പ്രഖ്യാപനം ഫ്ലെക്സ് ബോർഡിൽ ഇടം പിടിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ ‘ബൈപാസ് യാഥാർഥ്യമാകുന്നു, 154 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി’ എന്നെഴുതിയ ബോർഡും വച്ചു. ഇതിനിടെ ഭൂമിയേറ്റെടുക്കൽ വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞു.ബൈപാസ് യാഥാർഥ്യമാകണമെങ്കിൽ പ്രഖ്യാപനങ്ങൾ പോരാ പണം അനുവദിക്കുക തന്നെ വേണം.
നിർമാണം കരാറെടുത്ത സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപ്പറേഷനെ ഒഴിവാക്കി. ഭൂമി ഏറ്റെടുക്കലിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് പാരിസ്ഥിക ആഘാത പഠനം നടത്തി. റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കാനുണ്ട്. തുടർന്ന് ചക്കാലക്കുത്ത് മുതൽ മുക്കട്ട വരെ 1.8 കിലോമീറ്റർ ദൂരത്തിൽ 10.6 ഹെക്ടർ ഭൂമി, വീട് തുടങ്ങിയവയുടെ വില പുനർനിർണയിക്കണം.
ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറണം. പ്രവൃത്തി വീണ്ടും ടെൻഡർ ചെയ്യണം. അലൈൻമെന്റുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുമായി തർക്കം തീർക്കാൻ 7.5 കോടി രൂപ വേണം. ബജറ്റിലെ തുക നഷ്ടപരിഹാരം നൽകാൻ കഷ്ടിയാണ്. മുൻപ് അനുവദിച്ചതിൽ നീക്കിയിരിപ്പുള്ള പണം ഉപയോഗിച്ച് ചക്കാലക്കുത്ത് വരെ ടാറിങ് നടത്താൻ അസിസ്റ്റന്റ് എൻജിനീയർ സർക്കാരിന് അപേക്ഷ നൽകിയതിന് മറുപടി പോലുമില്ല.