ADVERTISEMENT

ലോക ബൈക്ക് റേസർ ആകാൻ സ്വപ്നം കാണുന്ന മാറഞ്ചേരിക്കാനുണ്ട് ദുബായിൽ. 25ന് അബുദാബിയിൽ നടക്കുന്ന ഡെസേർട്ട് ചാലഞ്ചിൽ ജയിച്ച് അടുത്ത വർഷം സൗദിയിൽ നടക്കുന്ന ഡക്കാർ ലോക ബൈക്ക് റാലിയിൽ ഇന്ത്യൻ പ്രതിനിധിയായി ജയിക്കുകയാണ് മാറ‍ഞ്ചേരി പനമ്പാട് മേമ്പാറ രാജ്മോഹൻ–ഷൈനി ദമ്പതികളുടെ മകൻ ശരത് മോഹന്റെ (28) സ്വപ്നം.

ഡക്കാർ ലോക ചാംപ്യൻഷിപ്പിനുള്ള പരിശീലനത്തിനും മത്സരങ്ങൾക്കുമാണ് ഒരു വർഷം മുൻപ് ശരത് ദുബായിലെത്തിയത്. കഴിഞ്ഞ നവംബർ 17നു ദുബായിൽ നടന്ന ബാജ രാജ്യാന്തര ചാംപ്യൻഷിപ്പിൽ ആദ്യ ഇന്ത്യൻ മത്സരാർഥിയായി പങ്കെടുത്ത ശരത്തിന് തന്റെ ആദ്യ രാജ്യാന്തര മത്സരത്തിൽതന്നെ ഏഴാം സ്ഥാനം നേടാനായി. 2024 ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ടുവരെ നടക്കുന്ന അബുദാബി ബാജ ചാംപ്യൻഷിപ്പിൽ മാരത്തൺ ക്ലാസിൽ ഒന്നാം സ്ഥാനം നേടിയ ശരത്തിന്, ഒരു മത്സരത്തിൽക്കൂടി ജയിച്ചാൽ ഈ ചാംപ്യൻഷിപ് സ്വന്തമാകും. 25ന് അബുദാബിയിൽ നടക്കുന്ന ഡെസേർട്ട് ചാലഞ്ചിൽ മികച്ച പ്രകടനം കാഴ്ചവച്ചാലേ ശരത്തിന്റെ സ്വപ്നമായ ലോക ഡക്കാർ റാലിയിൽ പങ്കെടുക്കാനാകൂ.

2022ൽ ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ് നേടിയ ശരതിനൊപ്പം (ഇടത്തേ അറ്റത്ത്) അച്ഛൻ രാജ്മോഹനും സഹോദരൻ രഞ്ജിത്തും.
2022ൽ ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ് നേടിയ ശരതിനൊപ്പം (ഇടത്തേ അറ്റത്ത്) അച്ഛൻ രാജ്മോഹനും സഹോദരൻ രഞ്ജിത്തും.

ലോക റാലിയിൽ പങ്കെടുക്കാൻ ദുബായിലെയും അബുദാബിയിലെയും മണൽക്കാടുകളിലാണ് ശരത് ദിവസവും കഠിന പരിശീലനം നടത്തുന്നത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും കഠിനവുമായ ഡക്കാർ റാലിയിൽ 12 ദിവസം കൊണ്ട് 10,000 കിലോമീറ്റർ ആണ് ബൈക്ക് റേസ് നടത്തേണ്ടത്. ട്രാക്കിന്റെ 80 ശതമാനവും മരുഭൂമിയിലാകും. ഈ വർഷത്തെ റാലി സൗദിയിൽ ആണു നടക്കുന്നത് എന്നതിനാൽ മരുഭൂമിയിലെ പരിശീലനം ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ശരത്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്ന് എണ്ണൂറോളം മത്സരാർഥികളാണ് ഈ ചാംപ്യൻഷിപ്പിനുണ്ടാകുക. വിദേശികളായ ഒരു കൂട്ടം മത്സരാർഥികളുടെ കൂടെ, ഏറെ വെല്ലുവിളി നിറഞ്ഞതും സാഹസികവുമായ പരിശീലനമാണ് മരുഭൂമിയിൽ ഇപ്പോൾ നടത്തുന്നത്. മരുഭൂമിയുടെ സ്വഭാവമാറ്റം, പൊടിക്കാറ്റ്, വലിയ ഗർത്തങ്ങൾ, കുഴികൾ, കല്ലുകൾ തുടങ്ങിയ വെല്ലുവിളികളെ നേരിട്ടാണ് ബൈക്ക് ഓടിക്കേണ്ടത്.

ബൈക്കോട്ടത്തിലെ സാഹസികതകൾ കാണലും പഠിക്കലുമായിരുന്നു ശരത്തിന്റെ കുട്ടിക്കാല വിനോദം. 12ാം വയസ്സിലാണ് ബൈക്കുകളുടെ കൂട്ടുകാരനായത്. വീട്ടുവളപ്പിലെ പൂഴിപ്പരപ്പിലായിരുന്നു കന്നിയോട്ടം. 2014 മുതൽ നാട്ടിലെ ചെറിയ ബൈക്ക് റേസിങ് മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചതോടെ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസമായി. 2017 മുതലാണ് പ്രധാന മത്സരങ്ങളിൽ പങ്കെടുത്തത്. 2017ൽ എംആർഎഫ് സൂപ്പർ ക്രോസ് ചാംപ്യൻഷിപ്പിന്റെ മൂന്നു റൗണ്ടുകളും ജയിച്ച് കാറ്റഗറിയിൽ ഒന്നാമതെത്തിയാണ് ശരത് തന്റെ വരവ് അറിയിച്ചത്.തുടർന്ന് 2018ലും എംആർഎഫ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തു.

2021ൽ ഇന്ത്യൻ നാഷനൽ റാലിയിൽ ദേശീയ ചാംപ്യൻഷിപ് എന്ന സ്വപ്നത്തിന് അടുത്തെത്തിയപ്പോഴാണ് അപകടം റെഡ് സിഗ്‌നൽ കാണിച്ചത്. ഗുരുതരമായി പരുക്കേറ്റ ശരത് ട്രാക്കിനോട് വിട പറയേണ്ടിവരുമോ എന്നു ചിന്തിച്ച ഘട്ടത്തിലാണ് പ്രതീക്ഷ വീണ്ടുമുണർന്നത്. പരുക്കുകളിൽനിന്നു മോചിതനായി ശരത് 2022ൽ വീണ്ടും ദേശീയ ചാംപ്യൻഷിപ്പിന്റെ ട്രാക്കിലെത്തിയെന്നു മാത്രമല്ല ചാംപ്യൻഷിപ്പിലെ വിജയിയുമായി. ഈ വിജയത്തിനു ശേഷമാണ് ശരത് തന്റെ വലിയ സ്വപ്നം യാഥാർഥ്യമാക്കാൻ ജീവിതവും പരിശീലനവും ദുബായിലേക്കു പറിച്ചുനട്ടത്.

ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഭൂരിഭാഗം മത്സരാർഥികളും വലിയ കമ്പനികളുടെ സ്പോൺസർഷിപ്പോടെ പരിശീലനം നേടി മത്സരിക്കാനെത്തുമ്പോൾ സ്വന്തം നിലയിൽ പരിശീലനം നടത്തി സ്പോൺസർഷിപ് ഇല്ലാതെയാണ് ശരത് ഓരോ മത്സരവും നേരിടുന്നത്. ദുബായിൽ പാർട് ടൈം ജോലി ചെയ്താണ് പരിശീലനത്തിനും മത്സരങ്ങൾക്കുമുള്ള പണം കണ്ടെത്തുന്നത്. നല്ല സ്പോൺസറെ കിട്ടിയാൽ മികച്ച പരിശീലനത്തിലൂടെ ലോക റാലിയിൽ വിജയം നേടാനാകുമെന്നാണ് ശരത്തിന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com