സി.ഹരിദാസിന്റെ സത്യഗ്രഹത്തിനൊടുവിൽ ശാന്തിയാത്രയ്ക്ക് പാതയൊരുക്കാൻ അനുമതി
Mail This Article
തിരുനാവായ ∙ സർവോദയ മേളയുടെ ഭാഗമായുള്ള ശാന്തിയാത്ര നടത്താൻ ഇത്തവണ മരാമത്ത് വകുപ്പ് ഭാരതപ്പുഴയിൽ പാത ഒരുക്കിയില്ല. ഇതിൽ പ്രതിഷേധിച്ച് ഗാന്ധിയനും മേള കമ്മിറ്റിയുടെ ചെയർമാനുമായ സി.ഹരിദാസ് തിരുനാവായയിലെ ഗാന്ധി സ്മാരക സ്തൂപത്തിനു മുൻപിൽ സത്യഗ്രഹമിരുന്നു. വിവരമറിഞ്ഞെത്തിയ കുറുക്കോളി മൊയ്തീൻ എംഎൽഎ മന്ത്രിയുടെ ഓഫിസുമായും കലക്ടറുമായും ബന്ധപ്പെട്ട് പ്രശ്നത്തിനു പരിഹാരം കണ്ടതോടെ ഹരിദാസ് സത്യഗ്രഹം അവസാനിപ്പിച്ചു.
ഇന്നു മുതലാണ് തവനൂരിൽ തിരുനാവായ സർവോദയ മേള തുടങ്ങുന്നത്. തിരുനാവായയിൽ നിന്ന് തവനൂരിലെത്തി മേളയിൽ പങ്കെടുക്കാനും അവസാന ദിവസം തവനൂരിൽ നിന്ന് തിരുനാവായയിലേക്കു ഗാന്ധിയന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന ശാന്തിയാത്രയ്ക്കുമായി എല്ലാ വർഷവും മരാമത്ത് വകുപ്പ് പുഴയിൽ ഒരു പാത നിർമിച്ചു കൊടുക്കാറുണ്ട്.
കഴിഞ്ഞ 75 വർഷവും ഈ പതിവു തുടർന്നു. എന്നാൽ ഇത്തവണ ഫണ്ടില്ലെന്നു കാട്ടി മരാമത്ത് വകുപ്പ് കൈമലർത്തി.ഇതോടെ പ്രശ്നം പരിഹരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരായ കെ.ടി.ജലീൽ, പി.നന്ദകുമാർ, കുറുക്കോളി മൊയ്തീൻ എന്നിവരെയും കലക്ടറെയും ബന്ധപ്പെട്ടിരുന്നെന്ന് സി.ഹരിദാസ് പറഞ്ഞു. എന്നാൽ നടപടികൾ ഒന്നുമുണ്ടായില്ല.
ഇതോടെ ഇന്നലെ പതിനൊന്നരയോടെ ഗാന്ധി സ്മാരക സ്തൂപത്തിനു മുൻപിലെത്തിയ ഹരിദാസ് സത്യഗ്രഹം തുടങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുറുക്കോളി മൊയ്തീൻ എംഎൽഎ ഡൽഹിയിലായിരുന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് പ്രശ്നം അറിയിച്ചു. കലക്ടറുമായും എംഎൽഎ ചർച്ച നടത്തി.പ്രശ്നത്തിനു താൽക്കാലിക പരിഹാരമായി തിരുനാവായ, തവനൂർ പഞ്ചായത്തുകൾക്ക് പാത നിർമിക്കാനുള്ള അനുമതി കലക്ടർ നൽകി. ഈ വിവരം എംഎൽഎ അറിയിച്ചതോടെ ഉച്ചയ്ക്ക് രണ്ടരയോടെ സി.ഹരിദാസ് സത്യഗ്രഹം അവസാനിപ്പിച്ചു.
തുടർന്ന് തവനൂരിലെ കെ.കേളപ്പൻ സ്മാരകത്തിലേക്ക് മടങ്ങി. ഇതിനിടെ വൈകിട്ട് മരാമത്ത് റോഡ്സ് വിഭാഗത്തിന് പാത നിർമിക്കാൻ പണം അനുവദിച്ചുള്ള മന്ത്രിയുടെ അറിയിപ്പും എത്തി. യുദ്ധകാലാടിസ്ഥാനത്തിൽ പാത നിർമിച്ചു നൽകാനാണ് മരാമത്ത് ഉദ്യോഗസ്ഥർക്ക് വന്നിട്ടുള്ള നിർദേശം. ഇന്നു രാവിലെ മുതൽ ഇതിന്റെ പണി ആരംഭിക്കും.