ADVERTISEMENT

മലപ്പുറം ∙ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന് മലപ്പുറത്ത് ഉജ്വല തുടക്കം. ന്യൂഡൽഹി ജാമിഅ സനാബിൽ ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് റഹ്മാനി ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് 4.30ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പേരിലാണ് ഇന്ത്യ ചരിത്രത്തിൽ അറിയപ്പെട്ടതെന്നും രാജ്യത്തെ ഇന്നത്തെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ആ യഥാർഥ ചരിത്രം തന്നെയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. 

മതത്തിന്റെ കാര്യത്തിൽ ഗൂഗിളിനെയും സമൂഹ മാധ്യമങ്ങളെയും പണ്ഡിതരായി കാണരുത്. അറിവിന് യഥാർഥ പണ്ഡിതരെ സമീപിക്കണം. സൈബറിടങ്ങളിലെ നന്മകളും തിന്മകളും ബുദ്ധിയും വിവേകവും ഉപയോഗിച്ച് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ.താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. 

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, പീസ് റേഡിയോ സിഇഒ പ്രഫ. ഹാരിസ് ബ്നു സലീം, വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി നിഷാദ് സലഫി, ഫൈസൽ മൗലവി പുതുപറമ്പ്, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദ് ഷമീൽ, അബ്ദുറഹ്മാൻ ചുങ്കത്തറ, ഐഡി ഫ്രഷ് ഫുഡ് സിഇഒ. പി.സി.മുസ്തഫ, സി.മുഹമ്മദ് അജ്മൽ, എ.പി.മുനവ്വർ സ്വലാഹി, അജ്മൽ ഫൗസാൻ, പി.ഒ.ഫസീഹ്, എം.കെ.മുഹമ്മദ് ഷബീർ, മുസ്തഫ മദനി മമ്പാട് എന്നിവർ പ്രസംഗിച്ചു.

വിസ്ഡം ബുക്സ് പ്രസിദ്ധീകരിച്ച 4 പുസ്തകങ്ങളുടെ പ്രകാശനം കൺവീനർ അബ്ദുൽ മാലിക് സലഫിക്ക് നൽകി പി.കെ.കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ഇന്ന് വൈകിട്ട് 4.30ന് പൊതുസമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു.മുഹമ്മദ് മദനി അധ്യക്ഷത വഹിക്കും. 

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് പി.വസീഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യുത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ അതിഥികളാകും. ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ വൈകിട്ട് 7.30ന് തീം ടോക്ക് നടക്കും. ജന്മനാടിന് വേണ്ടിയുള്ള പലസ്തീൻ ജനതയുടെ പോരാട്ടത്തിന് യൂത്ത് കോൺഫറൻസ് ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. 

വൊളന്റിയേഴ്സ് മീറ്റ്  നടത്തി
കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായി നടന്ന വൊളന്റിയേഴ്സ് മീറ്റ്  വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു.  വിസ്ഡം ഇസ്‌‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി അധ്യക്ഷത വഹിച്ചു.

അയോധ്യ പ്രമേയം രാജ്യത്തെ വിഭജിക്കാൻ: കുഞ്ഞാലിക്കുട്ടി
അയോധ്യ വിഷയത്തിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ പ്രമേയം കൊണ്ടു വന്നത് രാജ്യത്തെ ക്ഷേത്രത്തിന്റെ പേരിൽ വിഭജിക്കാനാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ക്ഷേത്രവും പള്ളിയുമൊക്കെ ആളുകളുടെ വ്യക്തിപരമായ വിശ്വാസത്തിന്റെ കാര്യമാണ്. എന്നാൽ കേന്ദ്ര സർക്കാർ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിച്ച കേരള യൂത്ത് കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു.

വർഗീയമായി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമ്പോൾ മതപണ്ഡിതർ സമൂഹത്തിന് ആത്മവിശ്വാസമേകുന്ന വിധത്തിൽ ബുദ്ധിപൂർവം പ്രവർത്തിക്കണം. വലിയ തടസ്സങ്ങളുണ്ടാകുമ്പോൾ വിശ്വാസികൾക്ക് നിരാശയോ പകയോ പാടില്ല. ചരിത്രത്തിൽനിന്ന് പാഠമുൾക്കൊണ്ട് വിശ്വാസത്തോടെയും നിഷ്കളങ്കതയോടെയും മറികടക്കണം. മര്യാദകെട്ട സമീപനങ്ങളെ ഒറ്റക്കെട്ടായാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജാതി സെൻസസ് നടപ്പാക്കണം
രാജ്യത്തെ യുവജന ശാക്തീകരണത്തിന് ജാതി സെൻസസ് നടപ്പാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ പള്ളിയും മദ്രസയും തകർത്തത് അപലപനീയമാണ്.

കേരളത്തിലെ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ജെൻഡർ തിയറിയെ സാധൂകരിക്കാൻ അതിന്റ വക്താക്കൾക്ക് സാധ്യമാകാതെ വന്നതിനാൽ എൽജിബിടി ആക്ടിവിസ്റ്റുകളെ സർക്കാരിന്റെ വിദ്യാഭ്യാസ കരിക്കുലം കമ്മറ്റിയിൽനിന്ന് പുറത്താക്കണമെന്നും സമ്മേളന പ്രമേയം ആവശ്യപ്പെട്ടു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com