ആക്‌ഷൻ കൗൺസിലിന്റെ ഉപരോധ സമരത്തിൽ പൊലീസുമായി ഉന്തും തള്ളും
Mail This Article
കോട്ടയ്ക്കൽ∙ ആറുവരിപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് രണ്ടത്താണി ടൗണിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരത്തോളം പേർ ദേശീയപാത ഉപരോധിച്ചു. സമരത്തെത്തുടർന്ന് പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
വനിതാ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. സമരത്തിനു നേതൃത്വം നൽകിയ മാറാക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.പി.സജ്ന, പഞ്ചായത്ത് അംഗങ്ങളായ ഷംല ബഷീർ, ഷരീഫ ബഷീർ, കൽപകഞ്ചേരി പഞ്ചായത്ത് അംഗം ഷമീർ കാലോടി, ബ്ലോക്ക് പഞ്ചായത്ത് അംഗം സാബിറ എടത്തടത്തിൽ എന്നിവരെയും സമരത്തിൽ പങ്കാളികളായ വയോധികൻ ഉൾപ്പെടെയുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റിയത് നാട്ടുകാരെ ക്ഷുഭിതരാക്കി. പൊലീസും സമരാനുകൂലികളും തമ്മിൽ ഏറെനേരം വാക്കേറ്റമുണ്ടായി.
തുടർന്ന് താനൂർ ഡിവൈഎസ്പി വി.വി.ബെന്നി, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവുമായി സമരാനുകൂലികൾ ചർച്ച നടത്തി. വിഷയം ഇന്ന് ഹൈക്കോടതി പരിഗണിക്കുമെന്നതിനാൽ സമരം അവസാനിപ്പിക്കുന്നതായി ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.കസ്റ്റഡിയിൽ എടുത്തവരെ വിട്ടയയ്ക്കണമെന്നു സമരാനുകൂലികൾ ആവശ്യപ്പെട്ടു. പൊലീസ് വാഹനത്തിൽ കയറ്റിയ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ വിട്ടയയ്ക്കുന്നതുവരെ നാട്ടുകാർ പൊലീസ് വാഹനത്തിനു മുന്നിൽ പ്രതിഷേധവുമായി നിന്നു.
20 മിനിറ്റോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ടി.പി.സജ്ന, ഒ.പി.കുഞ്ഞിമുഹമ്മദ്, ഷംല ബഷീർ, ഷരീഫ ബഷിർ, ഷമീർ കാലൊടി, സാബിറ എടത്തടത്തിൽ, കെ.പി.നാരായണൻ, ഫാസിൽ മൂർക്കത്ത്, സുധീർ ബാബു, എ.പി.ജാഫറലി, മുഹമ്മദലി പള്ളിമാലിൽ എന്നിവർ സമരത്തിനു നേതൃത്വം നൽകി. കൽപകഞ്ചേരി, കാടാമ്പുഴ, കുറ്റിപ്പുറം, തിരൂരങ്ങാടി പൊലീസ് സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
മറുവശത്തെത്താൻ നീണ്ട യാത്ര
കോട്ടയ്ക്കൽ∙ രണ്ടത്താണിയിൽ റോഡിന്റെ ഒരുവശത്തുള്ളവർക്ക് മറുവശത്തെത്താൻ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. സ്കൂൾ, മദ്രസ, ആശുപത്രി, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലേക്കു പോകുന്നവർക്ക് പ്രയാസമുണ്ടാകുമെന്നാണു പരാതി. വിഷയം നേരത്തേ ദേശീയപാതാ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ലീഗും സിപിഎമ്മും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഇതേക്കുറിച്ച് പഠിക്കാൻ അന്വേഷണ കമ്മിഷനെ നിയോഗിക്കണമെന്നും വിവിധ പാർട്ടിക്കാർ കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയുണ്ടായി.