വാഹനങ്ങൾക്ക് ‘പ്രായാധിക്യം’; സർക്കാർ സ്ഥാപനങ്ങളിൽ പ്രതിസന്ധി
Mail This Article
പൊന്നാനി ∙ പഴക്കം ചെന്ന സർക്കാർ വാഹനങ്ങൾ ഷെഡിനകത്ത്. പകരം വാഹനമെത്തിയില്ല. ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ പ്രതിസന്ധി. ജില്ലാ സപ്ലൈ ഓഫിസിന് കീഴിൽ ആകെയുള്ളത് 3 വാഹനങ്ങൾ മാത്രം. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് കർശന നിർദേശം വന്നതോടെ ഉദ്യോഗസ്ഥർ വെട്ടിലായിരിക്കുകയാണ്.
ഉപയോഗിച്ചിരുന്ന വാഹനങ്ങളെല്ലാം ഷെഡിനകത്തേക്കു കയറ്റിയിരിക്കുകയാണ്. ഒൗദ്യോഗിക ആവശ്യങ്ങൾക്ക് വാഹനമില്ലാത്ത അവസ്ഥയാണിപ്പോൾ. ജില്ലാ സപ്ലൈ ഓഫിസിന് കീഴിൽ 5 താലൂക്ക് ഓഫിസുകളിൽ വാഹനമില്ല. 15 വർഷം പഴക്കമുള്ള വാഹനമായതിനാൽ പൊന്നാനി, പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂരങ്ങാടി, ഏറനാട് താലൂക്ക് സപ്ലൈ ഓഫിസുകളിലെ വാഹനമെല്ലാം ഷെഡിനകത്ത് നിർത്തിയിട്ടിരിക്കുകയാണ്. മാസങ്ങളായി വാഹനം കട്ടപ്പുറത്തായെങ്കിലും പകരം വാഹനം എത്തിക്കാൻ നടപടിയില്ല.
ജില്ലാ ഓഫിസിലും കൊണ്ടോട്ടി, തിരൂർ താലൂക്കുകളിലുമാണ് ഓരോ വാഹനം വീതമുള്ളത്. ബാക്കിയിടങ്ങളിലെല്ലാം ഉദ്യോഗസ്ഥർ പാടുപെടുകയാണ്. റേഷൻ കടകളിലെ പരിശോധനയ്ക്കും മറ്റും ഉദ്യോഗസ്ഥർ ബസിലും ബൈക്കിലുമെല്ലാം യാത്ര ചെയ്ത് പോകേണ്ട ഗതികേടുണ്ട്.
വാഹനമില്ലാത്തതിന്റെ പേരിൽ പ്രത്യേക യാത്രാ ബത്ത അനുവദിച്ചു കിട്ടുന്നതിനുള്ള നടപടിയില്ലെന്നും ഉദ്യോഗസ്ഥർക്കിടയിൽനിന്നും പരാതി ഉയരുന്നുണ്ട്. പൊലീസിൽ ഉൾപ്പെടെ വാഹനങ്ങളുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സർക്കാർ ഓഫിസുകളിൽനിന്ന് പഴക്കം ചെന്ന വാഹനങ്ങൾ നീക്കം ചെയ്യാനും നടപടിയായിട്ടില്ല. വാഹനങ്ങൾ സ്ഥലം മുടക്കിക്കിടക്കുകയാണ്.