ബസിൽനിന്ന് കളഞ്ഞുകിട്ടിയ ആഭരണം ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ചു
Mail This Article
പെരിന്തൽമണ്ണ∙ കെഎസ്ആർടിസി ബസിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ചു. ആഭരണം കിട്ടിയ യാത്രക്കാരൻ എം.യുനൈസ്, സിപിഒ കൃഷ്‌ണപ്രസാദ്, ജീവകാരുണ്യ പ്രവർത്തകനായ താമരത്ത് ഹംസു എന്നിവരുടെ കൂട്ടായ്മയാണ് ഉടമയ്ക്ക് ആഭരണം തിരിച്ചേൽപിച്ചത്.
കഴിഞ്ഞ 17 ന് പെരിന്തൽമണ്ണയിൽ നിന്ന് ഗൂഡല്ലൂരിലേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് യുനൈസിന് സ്വർണാഭരണം വീണു കിട്ടിയത്. ഉടമസ്ഥരെ അന്വേഷിച്ച് കണ്ടെത്താതെ വന്നതോടെ, ഉടമയ്‌ക്ക് നൽകാനായി പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനിൽ എത്തി സിപിഒ കൃഷ്‌ണപ്രസാദിന്റെ സഹായം തേടി.
വിവരമറിഞ്ഞ് താമരത്ത് ഹംസുവും ഉടമയെ കണ്ടെത്താൻ മുന്നിട്ടിറങ്ങി.സ്‌റ്റേഷനിൽ ആഭരണം ലഭിച്ചതറിഞ്ഞ് മുൻപ് ആഭരണം നഷ്‌ടപ്പെട്ട അൻപതോളം പേർ ബന്ധപ്പെട്ടതായി സിപിഒ കൃഷ്‌ണപ്രസാദ് പറഞ്ഞു. എന്നാൽ ഇവർക്കാർക്കും തെളിവ് ഹാജരാക്കാനായില്ല. ഒടുവിൽ ഗൂഡല്ലൂർ സ്വദേശി ഉമൈവ കൃത്യമായ തെളിവുകൾ നൽകി. ഉമൈവയുടെ മകളുടെ കുട്ടിയുടെ ബ്രേസ്‌ലെറ്റാണ് യാത്രയ്‌ക്കിടെ നഷ്‌ടപ്പെട്ടത്. ഉമൈവ ഇന്നലെ സ്‌റ്റേഷനിലെത്തി ആഭരണം കൈപ്പറ്റി.