തിരൂർ ജിഎംയുപി സ്കൂളിൽ എല്ലാ കുട്ടികളുടെയും ജന്മദിനാഘോഷം ഒന്നിച്ച്
Mail This Article
തിരൂർ ∙ മിഠായി വിതരണം ചെയ്തും കേക്ക് മുറിച്ചും തിരൂർ ജിഎംയുപി സ്കൂളിലെ കുട്ടികൾ ജന്മദിനം ആഘോഷിക്കാറില്ല. പകരം കഴിയാവുന്നൊരു സംഖ്യ സ്കൂളിൽ ഏൽപിക്കും. അതു കൂട്ടിവച്ച് വലിയൊരു സംഖ്യയാകുമ്പോൾ സ്കൂളിലെ എല്ലാവരും ചേർന്ന് നല്ലൊരു ഭക്ഷണമൊരുക്കും. പിന്നെയത് ഒരുമിച്ചിരുന്ന് കഴിക്കും. ഇന്നലെ സ്കൂളിൽ അത്തരമൊരു ഭക്ഷണവിതരണം നടന്നു. നെയ്ച്ചോറും കറിയും മുട്ടയും അച്ചാറും തൈരുമെല്ലാം ഉണ്ടായിരുന്നു.
അതുകഴിച്ച് എല്ലാവരുടെയും ജന്മദിനം അവരൊരുമിച്ച് ആഘോഷിക്കുകയായിരുന്നു. ഹരിതചട്ടം കൃത്യമായി പാലിച്ചു മുന്നോട്ടു പോകുന്ന സ്കൂളാണിത്. ജന്മദിനാഘോഷത്തിന് മിഠായി വിതരണം ചെയ്താൽ പരിസരമാകെ അതിന്റെ പ്ലാസ്റ്റിക് കവറുകൾ നിറയുമെന്നതിനാലാണ് നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്. കേക്ക് മുറിക്കൽ പോലുള്ള ആഘോഷങ്ങളും മാറ്റിവച്ചു.
പകരം കഴിയാവുന്നത്ര പണം സ്കൂളിൽ നൽകുകയാണ് ചെയ്യുന്നത്. അധ്യാപകരും വീട്ടിൽ ആഘോഷങ്ങളുണ്ടെങ്കിൽ ഈ പദ്ധതിയിലേക്ക് പണമടയ്ക്കാറുണ്ട്. മുൻപ് വെജിറ്റേറിയൻ ബിരിയാണിയും പായസവും ഇത്തരത്തിൽ പണം കൂട്ടിവച്ച് എല്ലാവർക്കും വിതരണം ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന പരിപാടിക്കു പ്രധാനാധ്യാപകൻ വി.ലതീഷ്, പിടിഎ പ്രസിഡന്റ് സലീം മേച്ചേരി, ഷിബി ജോർജ്, എ.കൃപ, കെ.സുബിൻ, രജിത് കുമാർ, കെ.നാസർ, പി.ലിനി, എസ്.രമേശൻ എന്നിവർ നേതൃത്വം നൽകി.