ഡ്രൈവിങ് ടെസ്‌റ്റ്: എണ്ണം കുറച്ചതിൽ പ്രതിഷേധം; ഒടുവിൽ പരിഹാരം
Mail This Article
പെരിന്തൽമണ്ണ ∙ ദിവസവും 120 പേർക്ക് ഡ്രൈവിങ് ടെസ്‌റ്റ് നടത്തിയിരുന്നത് 50 പേർക്ക് മാത്രമാക്കി ചുരുക്കിയത് പെരിന്തൽമണ്ണയിലെ ടെസ്‌റ്റ് കേന്ദ്രത്തിൽ പ്രതിഷേധത്തിനിടയാക്കി. പിന്നീട് സ്ലോട്ട് കിട്ടിയ എല്ലാവർക്കും ടെസ്‌റ്റ് നടത്താമെന്ന് മന്ത്രി അറിയിച്ചതോടെയാണ് പ്രതിഷേധം അടങ്ങിയത്.3 മാസം മുൻപ് ഡ്രൈവിങ് ടെസ്‌റ്റിന് അപേക്ഷിച്ചവർക്കാണ് ഇന്നലെ മാനത്തുമംഗലം–പൊന്ന്യാകുർശി ബൈപാസ് റോഡിലെ കേന്ദ്രത്തിൽ ടെസ്‌റ്റിന് സ്ലോട്ട് അനുവദിച്ചത്.
രാവിലെ എട്ടിനു മുൻപായി തന്നെ ഡ്രൈവിങ് ടെസ്‌റ്റിന് സ്‌ത്രീകൾ ഉൾപ്പെടെയുള്ളവർ കേന്ദ്രത്തിലെത്തിയിരുന്നു. എന്നാൽ ആദ്യം വന്ന 50 പേർക്ക് മാത്രമേ ടെസ്‌റ്റ് നടത്താനാവൂ എന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. തങ്ങളുടെ അവസരം നഷ്‌ടപ്പെടുമോ എന്നായിരുന്നു മറ്റ് 70 പേരുടെ ആശങ്ക.
ഇതോടെ ഡ്രൈവിങ് സ്‌കൂൾ ഉടമകളും ടെസ്‌റ്റിന് എത്തിയവരും പ്രതിഷേധമുയർത്തി. താലൂക്ക് ഡ്രൈവിങ് സ്‌കൂൾ അസോസിയേഷൻ പ്രസിഡന്റ് ഗുഡ്‌ലക്ക് റഫീഖ്, സഞ്ചാരി മുസ്‌തഫ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്ലോട്ട് ലഭിച്ചെത്തിയ മുഴുവൻ പേർക്കും ടെസ്‌റ്റ് നടത്തുമെന്ന് സംസ്ഥാന തലത്തിൽ തന്നെ തീരുമാനമെത്തിയതോടെയാണ് ആശ്വാസമായത്.
മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരായ എം.കെ.പ്രമോദ് ശങ്കർ, പി.കെ.മുഹമ്മദ് ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ടെസ്‌റ്റ് നടന്നത്.പഴയ സംവിധാനമാണ് ഏറ്റവും സൗകര്യപ്രദമെന്ന് ഡ്രൈവിങ് സ്‌കൂൾ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.