ADVERTISEMENT

പെരിന്തൽമണ്ണ∙ ദിവസവും രാവിലെ ഒൻപതോടെ ശുഭ്രവസ്‌ത്രം ധരിച്ച് 77 കാരിയായ ടെസ്സി ഡേവിഡ് പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക് സെന്ററിൽ ഹാജർ. മാരകമായ രോഗം ബാധിച്ച് അസഹ്യമായ വേദനയുമായി ക്ലിനിക്കിലെത്തുന്ന രോഗികൾ എല്ലാ അവശതയും മറന്ന് ടെസ്സി ചേച്ചി എന്ന് വിളിച്ച് അവർക്ക് ചുറ്റും കൂടുന്നു. അവരിൽ ഓരോരുത്തരുടെയും പേരെടുത്തുവിളിച്ച് അവരുടെ രോഗവിവരം ആരായുന്നു.

സാന്ത്വന വാക്കുകൾ കൊണ്ട് അവർക്ക് ആശ്വാസം പകരുന്നു. ഇതത്ര വലിയ രോഗമല്ല, വേഗം മാറും എന്ന അവരുടെ സ്‌നേഹ വചനങ്ങൾ രോഗികൾക്ക് സന്തോഷം പകരുന്നു. പിന്നെ വേദന മറന്ന് അവർ ടെസ്സി ചേച്ചിയുടെ കുശലാന്വേഷണത്തിൽ മുഴുകുന്നു. കഴിഞ്ഞ 27 വർഷമായി ടെസ്സി ഡേവിഡ് പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിൽ സൗജന്യ ആതുരസേവനം തുടങ്ങിയിട്ട്.  പെയിൻ ക്ലിനിക്കിൽ ഉച്ചയ്‌ക്ക് 2 വരെ വിശ്രമം കൂടാതെ സേവനം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് അവർ. 

തൃശൂർ സ്വദേശിയായ ഇവർ ബിഎ സോഷ്യോളജി ബിരുദധാരിയാണ്. 19–ാമത്തെ വയസ്സിൽ പെരിന്തൽമണ്ണയിലെ ഹാർഡ്‌വെയർ വ്യാപാരിയായ ഡേവിഡ് മൂക്കന്റെ ഭാര്യയായി പെരിന്തൽമണ്ണയിലെത്തി. രോഗശയ്യയിലായ അമ്മയെ മരിക്കുന്നതു വരെ ആറര വർഷം പരിചരിച്ചത് ടെസ്സിയായിരുന്നു.

1996 ൽ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക് തുടങ്ങിയപ്പോൾ വൊളന്റിയർ എന്ന നിലയിൽ സ്വമേധയാ ടെസ്സി ഇവിടെ എത്തുകയായിരുന്നു. കൗൺസിലിങ് കോഴ്സുകൾ പഠിച്ച് രോഗികൾക്ക് അഭിമുഖത്തിലൂ‌ടെ ആശ്വാസം പകരാൻ ടെസ്സി പരിശീലനം നേടി. ഒട്ടുമിക്ക ആതുര സേവന രീതികളും വിവിധ കോഴ്‌സുകളിലൂടെ വശമാക്കി. 

മകൻ ഡിസ്‌നി ബെംഗളൂരുവിലെ  ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു. മകൾ സൂസൻ ചെന്നൈയിൽ ഫ്രീലാൻസ് ജേർണലിസ്‌റ്റ് ആണ്. ഭർത്താവ് മരിച്ചതോടെ ടെസ്സി പെരിന്തൽമണ്ണ നഗരമധ്യത്തിലെ വലിയ വസതിയിൽ തനിച്ചായി. എന്നാൽ ഇപ്പോൾ തനിച്ചാണ് എന്ന തോന്നലേ ഇല്ലെന്നാണ് ടെസ്സിയുടെ പ്രതികരണം. നിത്യവും ജില്ലാ ആശുപത്രിക്ക് സമീപമുള്ള പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിലെത്തുന്ന രോഗികൾക്ക് ആശ്വാസം പകർന്നും അവരുമായി ആഹ്ലാദം പങ്കിട്ടും അവർ തിരക്കോട് തിരക്കിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com