ADVERTISEMENT

തിരൂർ ∙ ഏറെക്കാലമായി കാത്തിരിക്കുന്ന ട്രെയിൻ ഒടുവിൽ അനുവദിച്ചപ്പോൾ ജില്ലയിൽ സ്റ്റോപ്പില്ല. മംഗളൂരു – രാമേശ്വരം ട്രെയിനാണ് റെയിൽവേ ബോർഡ് കഴിഞ്ഞ ദിവസം അനുവദിച്ചത്. 2015ലാണ് ഈ ട്രെയിൻ ഓടിക്കണമെന്ന ശുപാർശ വന്നത്. അന്നുതൊട്ട് പലതവണ ബോർഡിലേക്കു ശുപാർശകൾ പോയി. റെയിൽവേ യോഗങ്ങളിൽ എംപിമാരെല്ലാം ഒരേ സ്വരത്തിൽ ഈ ട്രെയിനിനായി ആവശ്യമുന്നയിച്ചിരുന്നു. വർഷങ്ങളോളം അവഗണിച്ച ആവശ്യം റെയിൽവേ കഴിഞ്ഞ ദിവസം അംഗീകരിക്കുകയായിരുന്നു. പ്രതിവാര ട്രെയിനായാണ് അനുവദിച്ചിട്ടുള്ളത്. മനോരമയും ട്രെയിൻ സർവീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് വാർത്തകൾ നൽകിയിരുന്നു.

എന്നാൽ ജില്ലയിൽ മാത്രം ഈ ട്രെയിനിനു സ്റ്റോപ്പില്ല. കടന്നുപോകുന്ന മറ്റു ജില്ലകളിലെല്ലാം സ്റ്റോപ് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽനിന്നുള്ള എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എം.പി.അബ്ദുസ്സമദ് സമദാനിയും ഈ ട്രെയിൻ അനുവദിക്കുകയാണെങ്കിൽ തിരൂരിലും കുറ്റിപ്പുറത്തും സ്റ്റോപ് നൽകണമെന്ന് കഴിഞ്ഞ പാലക്കാട് റെയിൽവേ ഡിവിഷൻ യോഗത്തിലും ആവശ്യപ്പെട്ടിരുന്നതാണ്. ഇതുപ്രകാരം പാലക്കാട് ഡിവിഷൻ ഈ ശുപാർശ ബോർഡിലേക്കു നൽകിയിട്ടുമുണ്ട്.എന്നാൽ ഇക്കാര്യം അവഗണിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒട്ടൻചത്രം, ഡിണ്ടിഗൽ, മധുര, മാനാമധുര, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ നൽകാനാണ് ഇപ്പോൾ റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുള്ളത്. 

തീർഥാടനമാണ് ട്രെയിൻ സർവീസിന്റെ പ്രധാന ലക്ഷ്യം. തിരുമാന്ധാംകുന്ന്, കാടാമ്പുഴ, തൃപ്രങ്ങോട്, തിരുനാവായ, ആലത്തിയൂർ തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളുള്ള ജില്ലയിൽനിന്ന് രാമേശ്വരം, പഴനി എന്നിവിടങ്ങളിലേക്ക് ഒട്ടേറെപ്പേർ യാത്ര നടത്തുമെന്ന് ഉറപ്പാണ്. കൂടാതെ പൊള്ളാച്ചി പോലുള്ള സ്ഥലങ്ങളിലേക്കും യാത്രക്കാരുണ്ടാകും. എന്നിട്ടും ജില്ലയെ മാത്രം ഒഴിവാക്കിയതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ട്രെയിൻ ഓടിത്തുടങ്ങുമ്പോഴേക്ക് ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പൊള്ളാച്ചി, പഴനി വഴി പ്രതിവാര സർവീസ് 
കണ്ണൂർ ∙ വടക്കേ മലബാറുകാരുടെ മറ്റൊരു കാത്തിരിപ്പിനുകൂടി വിരാമമാകുന്നു. രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. ആഴ്ചയിൽ ഒരു സർവീസിനാണ് അനുമതി. ശനിയാഴ്ചകളിൽ രാത്രി 7.30ന് മംഗളൂരുവിൽ നിന്നു പുറപ്പെട്ട് ഞായറാഴ്ച പകൽ 11.45ന് രാമേശ്വരത്ത് എത്തുന്ന തരത്തിലാണു സമയക്രമം. മടക്കയാത്രയിൽ‍ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2ന് രാമേശ്വരത്തു നിന്നു പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 5.50ന് മംഗളൂരുവിൽ എത്തും.

പൊള്ളാച്ചി, പഴനി വഴിയാണു യാത്ര എന്നതിനാൽ പഴനിയിലേക്കുള്ള തീർഥാടകർക്കും കൊടൈക്കനാലിലേക്കുള്ള വിനോദ സഞ്ചാരികൾക്കും ട്രെയിൻ പ്രയോജനപ്പെടും. എന്നാൽ ആഴ്ചയിൽ ഒരു ദിവസം മാത്രമാണു സർവീസ് എന്നതിനാൽ ഈ ട്രെയിനിൽ രാമേശ്വരത്ത് എത്തി ക്ഷേത്രദർശനവും മറ്റും നടത്തുന്നവർക്ക് അതേ ട്രെയിനിൽ തിരികെ വരാൻ പ്രയാസമാണ്.

ആഴ്ചയിൽ 3 സർവീസുകളെങ്കിലും ഉണ്ടായിരുന്നെങ്കിൽ യാത്ര കൂടുതൽ സൗകര്യപ്രദമാകും. രാമേശ്വരത്തു നിന്ന് ഉച്ചയ്ക്ക് 2നു പുറപ്പെടുന്നതിനു പകരം വൈകിട്ട് പുറപ്പെടുന്ന തരത്തിൽ സമയക്രമം പുതുക്കുന്നതും തീർഥാടകർക്കും സഞ്ചാരികൾക്കും ഗുണകരമാകും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒട്ടൻഛത്രം, ഡിണ്ടിഗൽ, മധുരൈ, മൻമധുരൈ, രാമനാഥപുരം എന്നിവിടങ്ങളിലാണു സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. 535 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ പാമ്പൻ പാലത്തിന്റെ പ്രവൃത്തികൾ മേയ് അവസാനത്തോടെ പൂർത്തിയായേക്കും. അതുവരെ രാമനാഥപുരം വരെ സർവീസ് നടത്തുന്ന തരത്തിൽ ട്രെയിൻ ഓട്ടം തുടങ്ങുന്ന കാര്യവും റെയിൽവേയുടെ പരിഗണനയിലുണ്ട്.

എംപിമാർ പ്രതിഷേധിച്ചു
മലപ്പുറം∙മംഗളൂരു – രാമേശ്വരം  പ്രതിവാര ട്രെയിനിന് തിരൂരിൽ സ്റ്റോപ് അനുവദിക്കാത്തതിൽ ഇ.ടി.മുഹമ്മദ് ബഷീർ എംപിയും എം.പി.അബ്ദുസ്സമദ് സമദാനിയും പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ട് മുൻപു റയിൽവേ ബോർഡ്‌ പുറത്തിറക്കിയ ഉത്തരവിൽ, ട്രെയിൻ കടന്നുപോകുന്ന മറ്റു ജില്ലകളിൽ സ്റ്റോപ് അനുവദിച്ചപ്പോൾ തിരൂരിനെ അവഗണിക്കുകയായിരുന്നു.

ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രം, തിരുനാവായ നവാമുകുന്ദ, കാടാമ്പുഴ ഉൾപ്പെടെയുള്ള ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളിലേക്ക് ഏറെ തീർഥാടകരുള്ള തിരൂർ അടക്കം ജില്ലയിൽ എവിടെയും സ്റ്റോപ് അനുവദിച്ചിട്ടില്ലെന്നതു തികച്ചും അന്യായമാണ്. ജില്ലക്കാരുടെ ഏറെ നാളത്തെ ആവശ്യത്തെത്തുടർന്ന് അനുവദിച്ച ട്രെയിനിനു സ്റ്റോപ് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com