ചേളാരി എച്ച്എസ് വിഭാഗം കെട്ടിട നിർമാണത്തിൽ ഹൈക്കോടതി; എന്നു തുടങ്ങാനാകുമെന്ന് 9ന് അകം അറിയിക്കണം
Mail This Article
തേഞ്ഞിപ്പലം ∙ ചേളാരി ജിവിഎച്ച്എസ്എസിൽ 5 വർഷമായി മുടങ്ങിയ ഹയർസെക്കൻഡറി കെട്ടിട നിർമാണം എന്ന് തുടങ്ങാനാകുമെന്ന് ഏപ്രിൽ 9ന് അകം അറിയിക്കണമെന്ന് ഹൈക്കോടതി. മുൻ പിടിഎ പ്രസിഡന്റ് എ.പി.സലീമിന്റെ നേതൃത്വത്തിൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് മുരളി പുരുഷോത്തമന്റേതാണ് ഉത്തരവ്. പിഡബ്ല്യുഡി എക്‌സി. എൻജിനീയറാണ് ഉത്തരവ് നടപ്പാക്കേണ്ടത്.
രാഷ്ട്രീയ വടംവലിയിൽ കുരുങ്ങി 2019ൽ കെട്ടിട നിർമാണം മുടങ്ങിയതിനെ തുടർന്ന് നിർമാണം പുനരാരംഭിക്കാൻ ഇടപെടണമെന്ന് കാണിച്ച് അക്കാലത്തെ പിടിഎ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി നിർദേശം ബന്ധപ്പെട്ടവർക്ക് പലതവണ പാലിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഹൈക്കോടതി പുതിയ ഉത്തരവ് ഇറക്കിയത്.
കെട്ടിടം നിർമിക്കാത്തത് സ്കൂളിനെ സംബന്ധിച്ച് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. വിദ്യാർഥികൾ കുറഞ്ഞു. ചില അധ്യാപക തസ്തികകൾ നഷ്ടപ്പെട്ടു. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ മികച്ച ഗവ. സ്കൂളായി പേരെടുത്ത വിദ്യാലയത്തിനാണ് കെട്ടിട പ്രശ്നം തിരിച്ചടിയായത്. ഹയർസെക്കൻഡറി വിഭാഗം 2 ഷിഫ്റ്റ് ആയാണ് പ്രവർത്തനം. ഓഡിറ്റോറിയം ക്ലാസ്മുറികളാക്കി തിരിച്ചത് പ്രയോജനപ്പെടുത്തിയാണ് 8 ഡിവിഷനുകൾ നടത്തുന്നത്.
ഹൈസ്കൂൾ വിഭാഗത്തിൽ ഏകദേശം 500 കുട്ടികൾ കുറഞ്ഞു. 14 അധ്യാപക തസ്തികകളും നഷ്ടമായി. ഹയർസെക്കൻഡറി കെട്ടിട നിർമാണം മുടങ്ങിയെങ്കിലും അനുവദിച്ച 2.85 കോടി രൂപ ചെലവഴിക്കാനാകും. എന്നാൽ ഹൈസ്കൂൾ കെട്ടിട നിർമാണത്തിന് അനുവദിച്ച 3 കോടി രൂപ പാഴായി. ഹയർസെക്കൻഡറി കെട്ടിട നിർമാണം തുടങ്ങാനാകാത്ത സാഹചര്യത്തിൽ ഹൈസ്കൂൾ കെട്ടിട നിർമാണം നടത്താൻ കഴിയാത്തതാണ് തിരിച്ചടിയായത്.
എൻഎച്ച് നിർമാണത്തിനായി സ്വന്തം കെട്ടിടം പൊളിച്ചതാണ് ഹയർസെക്കൻഡറി വിഭാഗത്തെ ബാധിച്ചത്. ഫിറ്റ്‌നസ് ഇല്ലാതെ സ്വന്തം കെട്ടിടം പലതും പൊളിക്കേണ്ടി വന്നത് ഹൈസ്കൂൾ വിഭാഗത്തിന് സ്ഥല പരിമിതിക്ക് ഇടയാക്കി. സ്കൂളിനു കെട്ടിടം നിർമിക്കാനും മറ്റുമായി 15 കോടിയുടെ മാസ്റ്റർ പ്ലാൻ പരിഗണനയിൽ ഉണ്ടെങ്കിലും 2.85 കോടി രൂപ മാത്രമേയുള്ളൂ. ബാക്കി തുകകൂടി കണ്ടെത്തി കെട്ടിട നിർമാണം പൂർത്തിയാക്കേണ്ടതുണ്ട്.