ADVERTISEMENT

കാളികാവ് ∙ ഫായിസിന്റെ വീട്ടുകാർക്കെതിരെ നാട്ടുകാരുടെ രോഷ പ്രകടനം. കുട്ടിയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയവരെ ഇവിടെ താമസിക്കാൻ അനുവദിക്കില്ലെന്നും നാട്ടുകാരിൽനിന്ന് തുക പിരിച്ചാണ് വീട് നിർമിച്ച് നൽകിയതെന്നും നാട്ടുകാർ പറഞ്ഞു. ഒരാഴ്ച്ച കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ വീട്ടിലെ എല്ലാവർക്കും പങ്കുണ്ടെന്നും വിശദമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും നാട്ടുകാർ പൊലീസിനോട് ആവശ്യപെട്ടു. ദേശത്ത് തഴച്ചു വളരുന്ന കഞ്ചാവ് ലോബിക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞ‌ു. പ്രതി കഞ്ചാവ് ലോബിയുടെ ഭാഗമാണെന്നും നാട്ടുകാര്‍ ആരോപിച്ചു. കുട്ടിയുടെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തി കേസ് ഫയൽ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.മുഹമ്മദ് ഫായിസിന്റെ കാളികാവ് ഉദിരംപൊയിലിലെ വീട് വിരലടയാള വിദഗ്ധർ പരിശോധിക്കുന്നു.
മുഹമ്മദ് ഫായിസിന്റെ കാളികാവ് ഉദിരംപൊയിലിലെ വീട് വിരലടയാള വിദഗ്ധർ പരിശോധിക്കുന്നു.

ഫായിസിന്റെ ഉദിരംപൊയിലിലുളള വീട് പരിശോധിച്ചത് പൊലീസ് കാവലിൽ 
ഇന്നലെ രാവിലെ 10 മണിക്ക് പൊലീസിന്റെ സഹായത്തോടെയാണ് വിരലടയാള വിദഗ്ധരും സയന്റിഫിക് സംഘവും ഫായിസിന്റെ ഉദിരംപൊയിലിലുളള വീട് പരിശോധന നടത്തിയത്. കൊലപാതകമെന്ന സംശയത്തെ തുടർന്ന് വീട് ഞായറാഴ്‌ച തന്നെ പൊലീസ് സീൽ ചെയ്‌തിരുന്നു. പരിശോധനയ്ക്കു സയന്റിഫിക് അസിസ്‌റ്റന്റ് എൻ.വി റുബീന, വിരലടയാള വിദഗ്ധ വി.മിനി, സിഐ ശശിധരൻപിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് എന്നിവർ നേതൃത്വം നൽകി.

ഫായിസിനെ അറസ്‌റ്റ് ചെയ്‌തു 
രണ്ടര വയസുകാരി ഫാത്തിമ നസ്റീനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് കോന്തത്തൊടിക മുഹമ്മദ് ഫായിസിനെ (24) കാളികാവ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊലപാതകത്തിനുളള വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. തിങ്കളാഴ്ച കസ്‌റ്റഡിയിലെടുത്ത മുഹമ്മദ് ഫായിസിന്റെ അറസ്‌റ്റ് പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമാണ് രേഖപ്പെടുത്തിയത്. 

നസ്‌റീനെ ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടോടെ കാളികാവിലെയും വണ്ടൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതോടെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് പോസ്‌റ്റ്മോര്‍ട്ടത്തിന് അയയ്ക്കുകയായിരുന്നു. കുട്ടിയുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയതാണെന്ന പിതാവിന്റെ വാദം തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബന്ധുക്കൾ കാളികാവ് പൊലീസില്‍ പരാതിപ്പെട്ടു. 

മുഹമ്മദ് ഫായിസിനെ കാളികാവ് സ്‌റ്റേഷനിൽനിന്ന് മഞ്ചേരി കോടതിയിലേക്ക് കൊണ്ടുപോകുന്നു.
മുഹമ്മദ് ഫായിസിനെ കാളികാവ് സ്‌റ്റേഷനിൽനിന്ന് മഞ്ചേരി കോടതിയിലേക്ക് കൊണ്ടുപോകുന്നു.

മഞ്ചേരി മെഡിക്കൽ കോളജിൽ നടന്ന പോസ്‌റ്റ്മോർട്ടത്തിനുശേഷമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പത്തു ദിവസത്തോളം നടന്ന മർദനത്തെത്തുടർന്ന് ഫാത്തിമ നസ്റീന്റെ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുകയും വാരിയെല്ലുകൾ പൊട്ടി ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിക്കുകയും ചെയ്തെന്ന് കണ്ടെത്തി. പ്രതിയെ ഇന്നലെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. തുടർന്ന് പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. ഇന്നലെ കുട്ടിയുടെ മാതാവിന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തി. സിഐ എം.ശശിധരൻപിള്ള, എസ്ഐമാരായ വി.ശശിധരൻ, പി.സുബ്രഹ്മണ്യൻ, എഎസ്ഐ സാബിറ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.

ഹൈക്കോടതി നേരിട്ട് ഇടപെടും; ജസ്റ്റിസ്നിർദേശം നൽകി
മലപ്പുറം കാളികാവ് ഉദിരംപൊയിലിൽ രണ്ടരവയസ്സുകാരി ഫാത്തിമ നസ്റീൻ ക്രൂരമർദനത്തെ തുടർന്നു മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. കേസെടുക്കുന്നതിന് ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാൻ ഹൈക്കോടതി റജിസ്ട്രിക്കു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. കേരളത്തിൽ ഇത്തരം സംഭവം നടന്നെന്നു പറയുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നു കോടതി പറഞ്ഞു. സമാനമായ കേസ് തൊടുപുഴയിൽ നേരത്തേ റിപ്പോർട്ട് ചെയ്തതും കോടതി ചൂണ്ടിക്കാട്ടി. ഒരാഴ്ചയോളം നീണ്ട മർദനത്തെ തുടർന്നാണു ഫാത്തിമ മരിച്ചതെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com