രണ്ടര വയസ്സുകാരിയെ കൊണ്ടുപോയത് കൊല്ലുമെന്നു പറഞ്ഞ്; പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
Mail This Article
കരുളായി ∙ മർദനമേറ്റ് ബോധരഹിതയായി വീണ രണ്ടര വയസ്സുകാരി ഫാത്തിമ നസ്റീനെ പിതാവ് ഫായിസും വീട്ടുകാരും ആശുപത്രിയിൽ കൊണ്ടുപോകാൻ കൂട്ടാക്കിയില്ലെന്ന് കൊടുംക്രൂരതയ്ക്ക് ദൃക്സാക്ഷിയായ മാതാവ് പറഞ്ഞു. 24ന് ഉച്ചയ്ക്ക് ഒന്നിന് ആണ് സംഭവത്തിനു തുടക്കം. കുഞ്ഞിന് ബലമായി കഞ്ഞികൊടുക്കാൻ ഫായിസ് ശ്രമിച്ചു. കഴിക്കാൻ കുഞ്ഞ് കൂട്ടാക്കിയില്ല. തുടർന്ന് ബലം പ്രയോഗിക്കുകയും ക്രൂരമായി അടിക്കുകയും ചെയ്തു. കുഞ്ഞ് വാവിട്ടു കരഞ്ഞു. ഫായിസിനെ തടയാൻ ശ്രമിച്ച തന്നെ കഴുത്തിനു പിടിച്ച് മുറിയിലേക്കു തള്ളിയെന്നും മാതാവ് പറയുന്നു. കുഞ്ഞിന്റെ കഴുത്തിൽ മുറിവേറ്റു. ഒടുവിൽ ഫായിസ് കുട്ടിയെ എടുത്തെറിഞ്ഞു.
അലമാരയിൽ തട്ടി കുട്ടി കട്ടിലിന്റെ പടിയിൽ തലയടിച്ചു വീണു. പിന്നെ കുഞ്ഞ് ശബ്ദിച്ചില്ല. വായിലും മൂക്കിലും കൂടി മഞ്ഞനിറമുള്ള ദ്രാവകം പുറത്തുവന്നു. ഫായിസിന്റെ മാതാവും സഹോദരിയും സംഭവം കണ്ടുനിൽക്കുകയായിരുന്നുവെന്നും തടയാൻ ശ്രമിച്ചില്ലെന്നും അവർ പറഞ്ഞു. മാത്രമല്ല കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനും കൂട്ടാക്കിയില്ല. സമീപവാസികളാണ് കുട്ടിയെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
കൊണ്ടുപോയത് കൊല്ലുമെന്നു പറഞ്ഞ്
ഒരു മാസം മുൻപാണ് ഫായിസ് മകളെയും കുട്ടികളെയും വീട്ടിലേക്കു കൊണ്ടുപോയത്. കുട്ടിയെ കൊല്ലുമെന്ന് അപ്പോൾ ഭീഷണിപ്പെടുത്തിയതായി റംലത്ത് പറഞ്ഞു. പോകുമ്പോൾ വിവരങ്ങൾ അറിയിക്കാൻ ഒരു ഫോൺ വാങ്ങി മകളെ ഏൽപിച്ചു. 100 രൂപ റീചാർജ് ചെയ്തു നൽകി. എന്നാൽ വിളിയൊന്നും ഉണ്ടായില്ല. വിവരങ്ങൾ അറിയാൻ നോമ്പിന് മുൻപ് റംലത്തും ബന്ധുക്കളും ഉദിരംപൊയിലിലെത്തി. ഫോൺ ഫായിസിന്റെ കൈവശമാണെന്നാണ് മകൾ പറഞ്ഞത്. കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകൾ കണ്ടപ്പോൾ ഫായിസിന്റെ ഉമ്മയും സഹോദരിയും കുട്ടികൾ കളിച്ചപ്പോഴുണ്ടായതാണെന്ന പല്ലവി ആവർത്തിച്ചു.
'എന്തിനാ എന്റെ കുഞ്ഞിനെ കൊന്നത്? ഞാൻ നോക്കുമായിരുന്നല്ലോ?
നിലമ്പൂർ ∙ ‘എന്തിനാ അവൻ എന്റെ കുഞ്ഞിനെ കൊന്നത് ? വേണ്ടെങ്കിൽ എന്നെ ഏൽപിച്ചാൽ പോരായിരുന്നോ. ഇത്രയും കാലം ഞാനല്ലേ വളർത്തിയത്. ആയുസ്സുള്ള കാലത്തോളം ഞാൻ പൊന്നുപോലെ നോക്കുമായിരുന്നല്ലോ?’’പേരക്കുട്ടി രണ്ടര വയസ്സുകാരി ഫാത്തിമ നസ്റീൻ കൊല്ലപ്പെട്ടതറിഞ്ഞ് വല്യുമ്മ റംലത്തിന്റെ വിലാപം വീട്ടിൽ ആശ്വാസവാക്കുകളുമായെത്തിയവരുടെ കണ്ണുകൾ നനയിച്ചു. ‘‘അവന് തൂക്കുകയറ് കിട്ടണം. ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ അവൻ ഇതു തന്നെയല്ലേ ചെയ്യൂ.’’ കൺമുന്നിൽ വച്ച് കുഞ്ഞ് കൊല്ലപ്പെട്ടതിന്റെ നടുക്കത്തിൽ മരവിച്ച മനസ്സുമായി കഴിയുന്ന മകളെ ചേർത്തുപിടിച്ച് റംലത്ത് കണ്ണീർ വാർത്തു.
റംലത്തിന്റെ ഭർത്താവ് 11 വർഷം മുൻപ് ഹൃദ്രോഗം ബാധിച്ച് മരിച്ചതാണ്. റംലത്തും ഹൃദ്രോഗിയാണ്. കൊച്ചുവീടാണ് കുടുംബത്തിന് ആകെയുള്ളത്. അയൽ വീടുകളിൽ ചെറിയ ജോലികൾ ചെയ്തും ബന്ധുക്കളുടെ സഹായം കൊണ്ടുമാണ് മക്കളെ റംലത്ത് വളർത്തിയത്. നസ്റീന്റെ ഉമ്മ ചുങ്കത്തറ മാർത്തോമ്മാ കോളജിൽ ബിരുദം പൂർത്തിയാക്കിയതാണ്. കേൾവിക്കുറവുണ്ടായിരുന്നതിനാൽ സ്ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷ എഴുതിയത്.
വാട്സാപ്പിലാണ് ഫായിസിനെ പരിചയപ്പെട്ടത്. ഗർഭിണിയായി 6 മാസം ആയപ്പോഴാണ് വീട്ടുകാർ വിവരം അറിഞ്ഞത്. പ്രസവശേഷവും മകളും കുഞ്ഞും വീട്ടിൽ തുടർന്നു. ഇടയ്ക്ക് ഫായിസ് വീട്ടിൽ വന്ന് മകളെയും കുട്ടിയെയും ഉപദ്രവിക്കുമായിരുന്നുവെന്ന് റംലത്ത് പറഞ്ഞു. തന്നെയും ദേഹോപദ്രവം ഏൽപിച്ചിട്ടുണ്ട്.
2 വർഷം മുൻപാണ് ഇവരുടെ പരാതിയിൽ ഫായിസിനെതിരെ പൂക്കോട്ടുംപാടം പൊലീസ് പീഡനത്തിന് കേസെടുത്തത്. എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരി 3ന് നിക്കാഹ് നടത്തി. 2 മാസം കഴിഞ്ഞ് ഫായിസ് ഉദിരംപൊയിലിലെ വീട്ടിലേക്ക് ഭാര്യയെയും കുഞ്ഞിനെയും കൊണ്ടുപോയി. ഭർതൃമാതാവ്, ഫാരിസിന്റെ സഹോദരി, ഭർത്താവ്, അവരുടെ 2 മക്കൾ എന്നിവരാണ് വീട്ടിലുള്ളത്. മകളെയും കുട്ടിയെയും അവിടെവച്ച് ഉപദ്രവിക്കുമായിരുന്നു.
തുടർന്ന് വീട്ടിൽ തിരിച്ചുകൊണ്ടുവന്നാക്കി. മധ്യസ്ഥന്മാരും മറ്റും ഇടപെടുമ്പോൾ വീണ്ടും കൊണ്ടുപോകും. ദേഹോപദ്രവം തുടരുകയും ചെയ്യും. ഫായിസിന്റെ മാതാവും സഹോദരിയും എല്ലാറ്റിനും കൂട്ടുനിന്നെന്നും കുട്ടിയെ അവരും ഉപദ്രവിച്ചെന്നും റംലത്ത് ആരോപിച്ചു. മകൾ രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ച കാലത്ത് മർദനമേറ്റതിനെത്തുടർന്ന് രക്തസ്രാവമുണ്ടായി. അന്നും വീട്ടിൽ കൊണ്ടുവന്നാക്കി.
ഉദിരംപൊയിലിൽ കാണാൻ ചെല്ലുമ്പോൾ കുട്ടിയുടെ ദേഹത്ത് പരുക്കുകൾ കണ്ടിട്ടുണ്ടെന്ന് റംലത്തും ബന്ധുക്കളും പറയുന്നു. ഉപ്പച്ചി ഉപദ്രവിച്ചതാണെന്ന് കുട്ടി പറയും. കുട്ടികൾ കളിക്കുമ്പോൾ ഉണ്ടായതാണെന്ന് ഫായിസും വീട്ടുകാരും പറഞ്ഞത്. മകളെ അവർ മിണ്ടാൻ അനുവദിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.
പൊലീസുകാർ തട്ടിക്കളിച്ചു, രാഷ്ട്രീയ നേതാവ് ഇടപെട്ടു
കുട്ടിയെയും ഭാര്യയെയും ഉപദ്രവിച്ചതിന് ഫായിസിനെതിരെ പലതവണ പൂക്കോട്ടുംപാടം, കാളികാവ് പൊലീസ് സ്‌റ്റേഷനുകളിൽ പരാതി നൽകിയതാണെന്ന് റംലത്ത് പറഞ്ഞു. പൂക്കോട്ടുംപാടം സ്റ്റേഷനിൽ പരാതി നൽകാൻ കാളികാവിൽനിന്നു പറയും. പൂക്കോട്ടുംപാടം സ്റ്റേഷനിൽനിന്ന് തിരിച്ചും.
നിലവിൽ കേസുള്ളുതിനാൽ വേറെ കേസ് പറ്റില്ലെന്നാണ് പൊലീസ് പറഞ്ഞ മറ്റൊരു ന്യായം. കാളികാവ് സ്റ്റേഷനിൽ ഒരിക്കൽ ഫായിസിനെ വിളിപ്പിച്ചു. ഫലമൊന്നും ഉണ്ടായില്ല. പരാതി കൊടുക്കുമ്പോഴെല്ലാം 2 സ്റ്റേഷനുകളിൽ ഒരു രാഷ്ട്രീയ നേതാവ് മധ്യസ്ഥത പറഞ്ഞ് ഫായിസിനുവേണ്ടി ഇടപെട്ടു. തങ്ങൾക്കുവേണ്ടി പറയാൻ ആരുമുണ്ടായില്ല.
നിക്കാഹ് നടക്കുമ്പോൾ നേതാവ് തന്നോട് 3000 രൂപ കടം വാങ്ങിയെന്ന് റംലത്ത് പറഞ്ഞു. മഹർ വാങ്ങാൻ ഫായിസിന് പണമില്ലെന്നു പറഞ്ഞാണ് വാങ്ങിയത്. തിരികെ തന്നില്ല. പിന്നീട് വിളിച്ചപ്പാേഴൊന്നും അയാൾ ഫോൺ എടുത്തിട്ടില്ല. പൊലീസ് വേണ്ടരീതിയിൽ ഇടപെട്ടിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ നഷ്ടപ്പെടുമായിരുന്നില്ലെന്ന് റംലത്ത് പറഞ്ഞു.