നാരങ്ങവെള്ളം കാച്ചണോ; എന്നാ വില കേട്ടോളൂ...; ചെറുനാരങ്ങയുടെ വില പൊള്ളുന്നു
Mail This Article
തിരൂർ ∙ ‘മ്മക്ക് ഓരോ നാരങ്ങവെള്ളം കാച്ചിയാലോ’ – ഇപ്പഴാണ് ആരെങ്കിലും ഇത് ചോദിക്കുന്നതെങ്കിൽ, പോക്കറ്റിലേക്കൊന്നു നോക്കിയേക്കണം. ചെറുനാരങ്ങയുടെ വില പൊള്ളുന്ന വെയിലിനേക്കാൾ ചൂടിലാണ്. 120 രൂപയാണ് ചില്ലറ മാർക്കറ്റിലെ ചെറുനാരങ്ങയുടെ വില. വലിയ ചെറുനാരങ്ങയ്ക്കാണ് ഈ വില. ചെറുതിന് 80 രൂപ കൊടുക്കണം. തൃശിനാപ്പിള്ളിയിൽനിന്ന് ലോഡ് വന്നതോടെയാണ് വിലയൽപം കുറഞ്ഞത്.
ഏതാനും ദിവസം മുൻപു വരെ വലിയ ചെറുനാരങ്ങയ്ക്ക് 160 രൂപ വരെയായിരുന്നു ചില്ലറ മാർക്കറ്റിലെ വില. വലുപ്പമുള്ള ഈ ഇനത്തിനു തന്നെയാണ് ഡിമാൻഡ് കൂടുതൽ. കൂടുതൽ നീരു ലഭിക്കുമെന്നതാണു കാരണം. ആന്ധ്രയിൽ നിന്നുള്ള നാരങ്ങയുമുണ്ട്. ഇതിൽ നീരു കുറവായിരിക്കും. തോലിനു കട്ടിയും കൂടും. അച്ചാറിടാൻ ഈ നാരങ്ങയാണു നല്ലത്. 5 തരം ചെറുനാരങ്ങയാണ് ഇവിടത്തെ മാർക്കറ്റുകളിൽ എത്തുന്നത്.
റമസാൻ പിറന്നതോടെ വിലയുണ്ടെങ്കിലും വാങ്ങാൻ ആളെത്തുന്നുണ്ടെന്നാണ് തിരൂരിലെ വ്യാപാരി അരങ്കത്ത് ഷിഹാബ് പറയുന്നത്. വേനൽച്ചൂടിൽനിന്ന് രക്ഷ നേടാനും ആളുകൾ വില നോക്കാതെ വാങ്ങുന്നുണ്ട്. ഉപ്പിലിട്ട നാരങ്ങാവെള്ളം ഒരു പരിധി വരെ നിർജലീകരണത്തെ ചെറുക്കുമെന്നാണ് പറയുന്നത്.