ബാവുട്ടി ഹാജിയുടെ ഓർമകളിൽ ആഘോഷത്തിന്റെ പെരുന്നാൾ രാവ്
Mail This Article
താനൂർ ∙ തീരനാട്ടിൽ പെരുന്നാളിനെക്കാൾ ആഘോഷത്തോടെ പെരുന്നാൾ രാവ് പുലരും വരെ ആഘോഷിച്ച ഓർമകളിൽ അങ്ങാടിയിലെ കാരണവർ സി.കെ.എം.ബാവുട്ടി ഹാജി. പെരുന്നാൾ രാവിന് നോമ്പുതുറ കഴിഞ്ഞാൽ വലിയ ജുമാഅത്ത് പള്ളിയിൽ തിരക്കിട്ട് എത്തും. അവിടെ ഖാസിയുണ്ടാകും. മാസപ്പിറവി കണ്ടവർ ഇവിടെയെത്തി സത്യപ്രസ്താവന നടത്തിയാണ് പെരുന്നാൾ ഉറപ്പിക്കുക. കാലങ്ങളോളം ഖാസിയുടെ ഉപദേഷ്ടാവും പ്രധാന കാര്യനിർവഹക്കാരനും ബാവുട്ടി ഹാജിയായിരുന്നു.
പള്ളിക്കു ചുറ്റും നാടിന്റെ നാനാഭാഗത്തുള്ളവർ തടിച്ചുകൂടും. മുൻകാലങ്ങളിൽ മാസം ഉറപ്പിച്ചാൽ ഇവർ തക്ബീർ ധ്വനികളുമായി ഓടിപ്പോകും. ഓട്ടപ്പാച്ചിൽ കണ്ടാൽ ഏറെ ദൂരെയുള്ള ഗ്രാമവാസികൾക്ക് ഉറപ്പിക്കാം പെരുന്നാളായെന്ന്. പിന്നീട് വാഹനത്തിൽ മൈക്ക് കെട്ടി വിളിച്ചുപറയലായി. ഇതു രണ്ടും പിന്നീട് നിലച്ചു.
പെരുന്നാൾ ഉറപ്പിച്ചാൽ അങ്ങാടി കൂനൻപാലത്തിനു സമീപം 2 കതിനവെടി പൊട്ടിക്കും. ഇതോടെയാണ് നാട്ടുകാരെ ഒരു മാസത്തെ നോമ്പുതുറ നേരം അറിയിച്ച ‘വെടിയാക്ക’യെ പണവും പെരുന്നാൾ പുടവയും നൽകി പിരിച്ചയയ്ക്കുക. ഇതിലും ഹാജിയും സംഘവുമാണ് മുന്നിലുണ്ടാവുക. ഉച്ചഭാഷിണി കടയുടമ കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ കടയിലെ അലങ്കാരങ്ങളും പാവകളിയും അങ്ങാടിക്കാരുടെ ഇപ്പോഴത്തെയും പെരുന്നാൾ രാവ് ഓർമയാണ്.
വാഴക്കത്തെരുവിലും അങ്ങാടിയിലും നേരം പുലർന്നാലും നീളുന്ന കച്ചവടമാണ് മറ്റൊരു പ്രത്യേകത. കടകൾക്കു മുന്നിൽ യുവാക്കൾ ഗാനങ്ങളും പരസ്യങ്ങൾ വിളിച്ചു പറയലുമായി സജീവമായുണ്ടാകും. മാർക്കറ്റിലെ ആന മയിൽ ഒട്ടകം കളി കാണാനും കളിക്കാനും ആളുകൾ തടിച്ചുകൂടുന്നതാണ് ഈദ് രാവിലെ മറ്റൊരു കാഴ്ച. സ്പെഷൽ കച്ചവടങ്ങളുടെ തള്ളിക്കയറ്റവുമാണ് അന്ന്. മൺതരിയെറിഞ്ഞാൽ താഴെ വീഴാത്ത ജനക്കൂട്ടമായിരിക്കും അങ്ങാടിയിൽ. ഈദ് രാവ് ആഘോഷമാക്കാൻ സഹായിച്ച അങ്ങാടിയിൽ മൺമറഞ്ഞ ഒട്ടേറെ സഹപ്രവർത്തകരുടെ സേവനവും ഹാജി അനുസ്മരിച്ചു.