ഓൺലൈൻ തട്ടിപ്പ്: പണം വീണ്ടെടുത്ത് സൈബർ ക്രൈം സെൽ
Mail This Article
മുംബൈ∙ ഒറ്റ ദിവസം ഓൺലൈൻ തട്ടിപ്പിന് ഇരയായവർക്ക് നഷ്ടമായ 79 ലക്ഷം രൂപ മുംബൈ സൈബർ ക്രൈം സെൽ വീണ്ടെടുത്തു നൽകി. കഴിഞ്ഞ ചൊവ്വാഴ്ച ഹെൽപ് ലൈൻ നമ്പറായ 1930ൽ വിളിച്ചു പരാതിപ്പെട്ടവർക്കാണ് പണം തിരിച്ചുകിട്ടിയത്. ഇരകൾ തട്ടിപ്പിന്റെ വിശദാംശങ്ങൾ ഹെൽപ് ലൈൻ നമ്പറിൽ പങ്കുവെച്ചതിനെത്തുടർന്ന് സൈബർ ക്രൈം ഉദ്യോഗസ്ഥർ തുടർനടപടികൾ വേഗത്തിലാക്കി. ബാങ്കുകളുമായി ബന്ധപ്പെട്ട് തട്ടിപ്പുകാരുടെ അക്കൗണ്ടുകളിൽ നിന്നു പണം വീണ്ടെടുക്കുകയായിരുന്നു.
സൈബർ തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം വിവരം അറിയിക്കുന്ന പക്ഷം പണം വീണ്ടെടുക്കാൻ കഴിയുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം ഹെൽപ് ലൈൻ നമ്പരിൽ വിളിച്ചാൽ പലപ്പോഴും കിട്ടാറില്ലെന്നു പരാതികളുണ്ട്. "ലൈൻ ബിസിയാണ്" എന്ന സന്ദേശമാണ് പലപ്പോഴും ലഭിക്കുക. താനെ നിവാസിയായ അലി നവാസ് സമാനമായ അനുഭവം പങ്കുവച്ചു. വൈദ്യുതിബിൽ കുടിശിക അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് തട്ടിപ്പുകാരൻ ഫോണിൽ പറഞ്ഞതു വിശ്വസിച്ച് ഓൺലൈൻ ആയി പണം നൽകാൻ ശ്രമിച്ചപ്പോൾ 4500 രൂപ നഷ്ടപ്പെട്ടു. സുഹൃത്ത് പറഞ്ഞത് അനുസരിച്ച് ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചെങ്കിലും ലൈൻ കിട്ടിയില്ല. പിന്നീട് ഓൺലൈൻ ആയി പരാതി റജിസ്റ്റർ ചെയ്യുകയായിരുന്നു-അലി പറഞ്ഞു.