ADVERTISEMENT

മുംബൈ∙ കൂട്ടുകുടുംബ സംവിധാനം  ഇല്ലാതായതു കാരണം വയോധികർക്ക് അർഹിക്കുന്ന പരിചരണം ലഭിക്കുന്നില്ലെന്ന് ബോംബെ ഹൈക്കോടതി. അമ്മയുടെ  ഫ്ലാറ്റ് കയ്യേറി അവരെ വീട്ടിൽ നിന്നും പുറത്താക്കിയ മകനോടും ഭാര്യയോടും താമസം  ഒഴിയാൻ ആവശ്യപ്പെടുന്ന വിധിയിലാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. വാർധക്യകാലം ചെലവഴിക്കുകയെന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുള്ളതിനാൽ  മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണം. 

കുടുംബം അവരെ പരിപാലിക്കുന്നില്ല. മുതിർന്നവർ, പ്രത്യേകിച്ച് വിധവകളായ സ്ത്രീകൾ ജീവിതസായാഹ്നം തനിച്ചു കഴിച്ചുകൂട്ടാൻ നിർബന്ധിതരാകുന്നു. വൈകാരിക അവഗണനയും ശാരീരികവും സാമ്പത്തികവുമായ പിന്തുണയുടെ അഭാവവുമാണ് അവർ അനുഭവിക്കുന്നത്- ജസ്റ്റിസുമാരായ ഗിരീഷ് കുൽക്കർണിയും ഫിർദോഷ് പൂണിവല്ലയും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. മുളുണ്ട് നിവാസിയായ ലക്ഷ്മി ചന്ദൻശിവിന്റെ മകൻ  ദിനേശ് ചന്ദൻശിവിനോടാണ് അമ്മയുടെ ഫ്ലാറ്റ് ഒഴിയാൻ കോടതി നിർദേശിച്ചത്. 

2015ൽ ഇവരുടെ ഭർത്താവിന്റെ മരണശേഷമാണ് ഇളയ മകനും ഭാര്യയും വീട്ടിൽ  വന്ന് താമസം ആരംഭിച്ചത്. പിന്നീട് ഇവരെ പീഡിപ്പിക്കുകയും വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ നിർബന്ധിക്കുകയും ചെയ്തു. നിലവിൽ  വയോധിക മൂത്തമകനോടൊപ്പം താനെയിലാണ് താമസം. വയോധികയുടെ പരാതി പരിഗണിച്ച സീനിയർ സിറ്റിസൻസ് മെയിന്റനൻസ് ട്രൈബ്യൂണൽ മകനോടും ഭാര്യയോടും വീട് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ മകൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. 15 ദിവസത്തിനകം വീട് ഒഴിയാൻ നിർദേശിക്കുകയും ചെയ്തു.

മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ സ്വത്തിൽ അവകാശം ഇല്ല
മാതാപിതാക്കൾ  ജീവിച്ചിരിക്കുമ്പോൾ മക്കൾക്ക് അവരുടെ സ്വത്തിൽ നിയമപരമായ അവകാശം സ്ഥാപിക്കാൻ കഴിയില്ലെന്ന് കോടതി  ചൂണ്ടിക്കാട്ടി. സ്വന്തം മക്കൾ ഉപേക്ഷിക്കുന്നതിനെക്കാൾ വലിയ വേദനയില്ല. സ്വത്തിലും പണത്തിലും കണ്ണുവയ്ക്കാതെ സ്വന്തം നിലയിൽ നേട്ടങ്ങൾ കൈവരിക്കുന്ന മക്കളാണ് മാതാപിതാക്കളുടെ അഭിമാനം. ഇത്തരം കേസുകൾ കോടതിയിൽ എത്തുന്നതിൽ നിന്ന് മനുഷ്യന്റെ അത്യാർത്തി വ്യക്തമാണ്. ഈ കേസിലെ അമ്മയുടേത് നിർഭാഗ്യകരമായ അനുഭവമാണ്.  ഭർത്താവിന്റെ മരണശേഷം  മക്കളിൽ നിന്നും അവരുടെ കുടുംബാംഗങ്ങളിൽ നിന്നും സ്നേഹവും വാത്സല്യവും പരിചരണവും സഹാനുഭൂതിയും പ്രതീക്ഷിക്കുന്ന അവർ  കോടതിയെ ആശ്രയിക്കേണ്ടിവന്നത് ഏറ്റവും ദൗർഭാഗ്യകരമാണ്.

ജീവിതത്തിന്റെ നല്ലൊരു ഭാഗം മക്കൾക്കും കുടുംബത്തിനും വേണ്ടി ചെലവഴിച്ച മാതാപിതാക്കൾക്കാണ് ഇത്തരത്തിൽ തിക്താനുഭവം നേരിടേണ്ടി വരുന്നത്. ഇതേക്കുറിച്ച് വായനക്കാരുടെ ചിന്തകൾ:

ഇരുത്തി ചിന്തിപ്പിക്കും ഈ വിധിവാചകം; വഴിമുട്ടിയവർക്ക് കോടതി അഭയം: അജിത് ശങ്കരൻ, ഡോംബിവ്‌ലി
‘‘ഹൈക്കോടതി ഇത്തരത്തിലൊരു വിധി പറയേണ്ടി വരിക എന്നത് ദൗർഭാഗ്യകരമാണ്. വാർധക്യത്തിൽ എത്തിയ  അച്ഛനമ്മമാരെ പരിചരിക്കുക എന്നത് മക്കളുടെ ധാർമിക ഉത്തരവാദിത്തമാണ്. ഏതു വിധേനയും അവർ അതിൽ പങ്കാളിയാവേണ്ടതുണ്ട്. അതിന് മക്കൾ തയാറാവത്ത പക്ഷം വയോധികർക്ക് മരണം വരെ പരിരക്ഷ ഉറപ്പാക്കുന്ന നടപടി കോടതികളുടെ ഭാഗത്ത് നിന്നുണ്ടാകണം.  സ്വത്തിന്  വേണ്ടി മാത്രം പരിചരിക്കുന്ന മക്കളെയല്ലല്ലോ അച്ഛനമ്മമാർ ആഗ്രഹിക്കുന്നത്.’’ 

വീണ്ടുവിചാരം നല്ലത്: കെ.ജെ. ജോർജ്, കാന്തിവ്‌ലി 
‘‘മാതാപിതാക്കളുടെ സംരക്ഷണയിൽ വളർന്നു  സ്വന്തം കാലിൽ നിൽക്കാൻ ആയി എന്ന് തോന്നുമ്പോൾ മക്കൾക്കു മാതാപിതാക്കൾ ഒരു ഭാരമായിത്തീരുന്നത് കാണേണ്ട അവസ്ഥയിലാണ് നമ്മളിപ്പോൾ. ഹൈക്കോടതിവിധി ചില കാര്യങ്ങളിൽ  വീണ്ടുവിചാരത്തിന്   പ്രേരിപ്പിക്കുന്നു.  മാതാപിതാക്കൾ ഒരു കാരണവശാലും കാലശേഷമല്ലാതെ മക്കൾക്കു സ്വത്തുക്കൾ അനുഭവിക്കാനുള്ള അവകാശം കൊടുക്കരുത്. അങ്ങനെ ചെയ്താൽ ഒന്നുകിൽ നിങ്ങൾ പെരുവഴിയിലോ അനാഥാലയത്തിലോ ആയേക്കാം.’’ 

മുംബൈ തന്നെ ഭേദം: സജി തോമസ്, മാധ്യമപ്രവർത്തകൻ
‘‘മുംബൈ മലയാളികളിൽ  ഭൂരിഭാഗത്തിനും റിട്ടയർമെന്റ് ലൈഫ് നാട്ടിലാക്കാൻ ആഗ്രഹമുണ്ടെങ്കിലും പല കാരണങ്ങളാൽ ആ സ്വപ്നം ഉപേക്ഷിക്കേണ്ടിവരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും ഈ നഗരത്തിൽ ചെലവഴിച്ചവർക്ക്  നാലും അഞ്ചും പതിറ്റാണ്ടുകാലം കൊണ്ടു നേടിയെടുത്ത സൗഹൃദങ്ങളും സാമൂഹിക ബന്ധങ്ങളും  ഉപേക്ഷിച്ച് തിരികെ പോകാൻ വിമുഖത കാണും.  ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും മുടക്കി നാട്ടിൽ വീടും പണിത്  താമസം മാറിയവരിൽ ചിലരെല്ലാം  പെട്ടെന്ന് തന്നെ  മുംബൈയിലേക്ക് തിരിച്ച്  വന്നതും കണ്ടിട്ടുണ്ട്.  മഹാനഗരം അവർക്ക് നൽകിയ ഒരു 'തണൽ' നാട്ടിൽ പെട്ടെന്ന് കിട്ടണമെന്നില്ല. പുതുതലമുറ അവസരങ്ങൾ തേടി മറുരാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ, കൂട്ടുകുടുംബം എന്ന സങ്കൽപം  എവിടെയും ഇല്ല.’’ 

English Summary:

The mother was evicted and the flat was taken over, the court evicted the son and his wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com