അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കട്ടേവാര ഗ്രാമവാസികൾ കോർപറേഷൻ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. നോർത്ത് വെസ്റ്റ് ജില്ലയിലെ ഗ്രാമത്തിലുള്ള ആയിരത്തോളം പേരാണു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരികൾ തങ്ങളുടെ നാടിന് വികസനവഴിയൊരുക്കാത്തതിനെതിരെ പ്രതിഷേധിച്ചത്. തിരഞ്ഞെടുപ്പു നടപടികൾ പ്രഖ്യാപിച്ചപ്പോൾ തന്നെ വോട്ടു ചെയ്യേണ്ടതില്ലെന്ന് ഇവർ തീരുമാനിച്ചിരുന്നു.
‘ഗ്രാമത്തിലേക്കുള്ള 3 റോഡുകളുടെ നവീകരണം നടത്തണമെന്ന ആവശ്യം വർഷങ്ങളായി ഞങ്ങൾ ഉയർത്തുന്നതാണ്. ആരും ഒരു നടപടിയും സ്വീകരിച്ചില്ല. മാലിന്യം നിറഞ്ഞുകിടക്കുന്ന ഓടകളുടെ കാര്യത്തിലും തീർപ്പുണ്ടായില്ല. ഇതാദ്യമായാണു ഇത്തമൊരു കടുത്ത തീരുമാനം ഞങ്ങൾ സ്വീകരിക്കുന്നത്. ആവശ്യങ്ങൾ നടപ്പാക്കുന്നതു വരെ ആർക്കും വോട്ടു ചെയ്യേണ്ടതില്ലെന്നാണു തീരുമാനം’ ഗ്രാമവാസിയായ ഈശ്വർ ദത്ത പറഞ്ഞു.