പ്രണയകുടീരവും കണ്ട് പ്രിയനഗരത്തിൽ
Mail This Article
ന്യൂഡൽഹി ∙ പ്രണയവും വിരഹവും പാടി മലയാളികളുടെ മനസ്സു കീഴടക്കിയ പ്രിയ ഗായകൻ എം.ജി. ശ്രീകുമാർ ആദ്യമായി താജ്മഹൽ കാണുന്നത് ഏതാനും ദിവസം മുൻപാണ്. ഭാര്യ ലേഖാ ശ്രീകുമാറിന്റെ ജന്മദിനത്തിൽ. ദേശീയ അവാർഡ് സ്വീകരിക്കാനുൾപ്പെടെ ഡൽഹിയിൽ എത്തിയിട്ടുണ്ടെങ്കിലും ഈ നഗരത്തിൽ ഇനിയേറെ കാണാനുണ്ടെന്ന് അദ്ദേഹം പറയുന്നു. ഡൽഹി ഏറെ വൈവിധ്യം നിറഞ്ഞതാണെന്നു പറയുന്ന പ്രിയ ഗായകന്റെ വാക്കുകളിലൂടെ.
ആദ്യമായി താജ്മഹലിന് മുന്നിൽ
ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു താജ്‌മഹൽ കാണുകയെന്നത്. ലോകത്തിന്റെ പല ഭാഗങ്ങളും സന്ദർശിച്ചിട്ടുണ്ടെങ്കിലും താജ്മഹൽ കാണാൻ അവസരമുണ്ടായില്ല. ഇത്തവണ ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷന്റെ അവാർഡ് സ്വീകരിക്കാൻ എത്തിയ ഘട്ടത്തിൽ തിരക്കുകളില്ലാത്ത കുറച്ചു ദിവസം ലഭിച്ചു. 27നു ഭാര്യ ലേഖയുടെ ജന്മദിനമായിരുന്നു. ഷാജഹാന്റെയും മുംതാസിന്റെയും പ്രണയകഥ പറയുന്ന താജ്മഹലിൽ ആ ദിവസം ചിലവഴിക്കാൻ സാധിച്ചതിന്റെ സന്തോഷം ഒന്നു വേറെയാണ്. അവിടെ ഓരോ മാർബിൾ കല്ലുകളിലും തൊട്ടപ്പോൾ അവരുടെ അനശ്വര പ്രണയമാണ് അനുഭവിച്ചത്.
ഡൽഹിയിൽ ഇനിയേറെ കാണാനുണ്ട്
ഡൽഹിയിൽ പലപ്പോഴും വന്നിട്ടുണ്ടെങ്കിലും ഈ നഗരം ശരിയായി കണ്ടിട്ടില്ല. പരിചയമുള്ള രണ്ടോ മൂന്നോ പേരെ ഇവിടെയുള്ളൂ. ചിലപ്പോൾ അതാകും കാരണം. 1990ലും രണ്ടായിരത്തിലും ദേശീയ അവാർഡ് സ്വീകരിക്കാൻ ഡൽഹിയിലെത്തിയിട്ടുണ്ട്. സംഗീതപരിപാടികൾക്കായി പലപ്പോഴും വന്നിട്ടുണ്ട്. അപ്പോഴൊന്നും കൂടുതൽ ദിവസം ചെലവഴിക്കാതെ മടങ്ങി. കൂടുതൽ സൗഹൃദങ്ങളുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ഡൽഹിയിൽ കൂടുതൽ കാണാൻ ശ്രമിച്ചേനേ.
വിമാനം പറ്റിച്ച പണി
ഡൽഹിയിൽ ഒരു പരിപാടിക്കെത്തിയ സമയം ഒരിക്കലും മറക്കില്ല. ഓണക്കാലമാണ്. ഡൽഹിയിലെ സംഗീതപരിപാടിക്കു തലേന്നു ദുബായിലും ഷോയുണ്ട്. തിരുവനന്തപുരത്തു നിന്നു ദുബായ്–തിരികെ ഡൽഹി പിന്നീടു തിരുവനന്തപുരം എന്ന നിലയിൽ ടിക്കറ്റെടുത്തു. എയർ ഇന്ത്യയാണ് അന്നു സജീവം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഷോ കഴിഞ്ഞു. തൊട്ടടുത്ത ദിവസം ഡൽഹിയിൽ പരിപാടിയല്ലേ. ഹോട്ടലിൽ പോകാനും വസ്ത്രം മാറാനുമൊന്നും സമയം കിട്ടിയില്ല. 12ന്റെ വിമാനത്തിനായി രാത്രി ഒൻപതരയോടെ വിമാനത്താവളത്തിലെത്തി.
ഗേറ്റിനു സമീപം കാത്തു നിൽക്കുകയാണ്. ഷോയിലെ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഇതാരപ്പാ ഇത്ര അണിഞ്ഞൊരുങ്ങി എന്ന രീതിയിൽ പലരും എന്നെ നോക്കുന്നു. സമയം കടന്നുപോയിട്ടും വിമാനത്തിന്റെ അനൗൺസ്മെന്റില്ല. ഒടുവിൽ കാര്യം തിരക്കിയപ്പോൾ വിമാനം സാങ്കേതിക പ്രശ്നം കാരണം വൈകുന്നതാണ്. പിറ്റേന്നു ഡൽഹിയിൽ പരിപാടിയുണ്ട്. പോയേ തീരു. ഇതിനിടെ ക്ഷീണം കാരണം കസേരയിൽ ഇരുന്നു ഞാൻ ഉറങ്ങിപ്പോയി. ഭാര്യ ലേഖ സമീപത്തെ ജെറ്റ് എയർവെയ്സിന്റെ കൗണ്ടറിൽ തിരക്കിയപ്പോൾ ഒരു വിമാനമുണ്ട്. അതിൽ 2 ടിക്കറ്റും സ്വന്തമാക്കി ബോർഡിങ് പാസുമായി എന്നെ വിളിച്ചുണർത്തി. ലഗേജ് എന്തായാലും ഡൽഹിയിലെത്തുമെന്നും ആശ്വസിച്ചു. അങ്ങനെ പുലർച്ചെ നാലരയുടെ വിമാനത്തിൽ 8 മണിയോടെ ഡൽഹിയിലെത്തി.
അപ്പോഴാണു യഥാർഥ പ്രതിസന്ധി. ബാഗേജ് എത്തിയിട്ടില്ല. ഇട്ടിരിക്കുന്ന വസ്ത്രമല്ലാതെ ഒന്നും കൈവശമില്ല. കാത്തു നിന്നിട്ടു ഫലമില്ലെന്നു മനസ്സിലായതോടെ നേരെ ഹോട്ടലിലേക്ക് എത്തി. ധരിച്ചിരുന്ന വസ്ത്രം ഹോട്ടലുകാരുടെ കൈവശം നൽകി വേഗത്തിൽ അലക്കിത്തരാൻ ആവശ്യപ്പെട്ടു. ഹോട്ടലിലെ ബാത്ത് ടബ് വേഷത്തിൽ പഴയ സിനിമകളിലെ ചില കഥാപാത്രങ്ങളെപ്പോലെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുക മാത്രമായിരുന്നു വഴി. ഭാര്യ ഒരു സുഹൃത്തിനൊപ്പം പുറത്തുപോയി ഏതാനും വസ്ത്രങ്ങൾ വാങ്ങി. വസ്ത്രങ്ങൾ അലക്കി കൃത്യമായി തിരികെ ലഭിച്ചതോടെ അന്നത്തെ ഷോയും ആ വസ്ത്രങ്ങൾ അണിഞ്ഞു പൂർത്തിയാക്കി. പിറ്റേന്നു തിരുവനന്തപുരത്തേക്കു മടങ്ങുന്നതിനു 3 മണിക്കൂർ മുൻപാണു ലഗേജ് ഡൽഹിയിലെത്തുന്നത്. 44 വർഷമായി സംഗീതലോകത്തുള്ള തനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണു ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷന്റെ പുരസ്കാരമെന്നും മലയാളത്തിന്റെ പ്രിയ ഗായകൻ പറഞ്ഞു.